കണ്ണൂര്‍: കണ്ണൂരിന്റെ വാണിജ്യ-സാംസ്‌കാരികരംഗങ്ങളില്‍ സ്വാധീനശക്തിയായിരുന്ന ഹള്‌റമികളുടെ വിദൂര ബന്ധങ്ങള്‍ തിരഞ്ഞ് യമനില്‍നിന്ന് ചരിത്രഗവേഷകന്‍ അറയ്ക്കല്‍ മ്യൂസിയത്തിലെത്തി.
 
ഹള്‌റമികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തി അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് അബൂബക്കര്‍ ബാദീബാണ് കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറക്കലിന്റെ ആസ്ഥാനത്തെത്തിയത്. സൗദി അറേബ്യയില്‍ വിജ്ഞാനകോശത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് ഇദ്ദേഹം.

യമനില്‍നിന്നുള്ള പണ്ഡിതനും വാണിജ്യപ്രമുഖനുമായിരുന്ന മുഹമ്മദ് ബിന്‍ ബാഫഖീഹിന്റെ ഭാര്യഗൃഹമാണിതെന്ന് അറബിക്കിലുള്ള തന്റെ ഗവേഷണ പ്രബന്ധത്തില്‍നിന്നുള്ള വരികള്‍ തൊട്ടുകാണിച്ചപ്പോള്‍ അറയ്ക്കല്‍ കൊട്ടാരത്തിലെ ആദിരാജ മുഹമ്മദ് റാഫിയുള്‍പ്പെടെയുള്ളവര്‍ക്ക് അമ്പരപ്പ്. 1609-ല്‍ ജനിച്ച് 1679-ല്‍ മരിച്ച മുഹമ്മദ് ബിന്‍ ഉമര്‍ പതിനേഴാം നൂറ്റാണ്ടിന്റെ മധ്യകാലത്തിനടുപ്പിച്ച് ദീര്‍ഘകാലം കണ്ണൂരില്‍ താമസിച്ച് മതപ്രചാരണം നടത്തുകയും വ്യാപാരപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും ചെയ്തിരുന്നതായാണ് കരുതുന്നത്.
 
അറയ്ക്കല്‍ രാജാവിന്റെ മകളെ വിവാഹംചെയ്ത ഉമര്‍ പിന്നീട് ഹൈദരാബാദിലും കഴിഞ്ഞു. അറയ്ക്കലില്‍നിന്ന് ആരെയാണ് വിവാഹം ചെയ്തതെന്നോ അവര്‍ക്ക് മക്കളുണ്ടായിരുന്നെന്നോ വ്യക്തമല്ല.

യമനിലെ ഹളര്‍മൗത്തില്‍നിന്ന് വിജ്ഞാനവ്യാപനത്തിനും മതപ്രചാരണത്തിനും എത്തിയവരാണ് ഹള്‌റമികള്‍. യമനില്‍ അറയ്ക്കല്‍ രാജവംശത്തിന് അക്കാലത്ത് വന്‍ പ്രശസ്തിയുണ്ടായിരുന്നുവെന്ന് ഗവേഷണപ്രബന്ധം ഉദ്ധരിച്ച് ഡോ. മുഹമ്മദ് അബൂബക്കര്‍ പറഞ്ഞു.
 
ഡോ. മുഹമ്മദിന് അറയ്ക്കല്‍ വംശവുമായി ബന്ധപ്പെട്ട കാര്യങ്ങല്‍ ആദിരാജ മുഹമ്മദ് റാഫി, ഇ.മുഹമ്മദ് റുഷ്ദി, എ.പി.യാസര്‍, കാനത്തൂര്‍ മര്‍ക്കസ് പ്രതിനിധി മൂസ് സഖാഫി, സെയ്ദ് അലി ഹാശിം നദ് വി എന്നിവര്‍ വിശദീകരിച്ചുകൊടുത്തു.