ആലക്കോട്: മാലിന്യം തള്ളുന്നതുകാരണം മലയോരത്തെ പുഴകളും തോടുകളും നീരൊഴുക്കുകളും ഉപയോഗശൂന്യമാകുന്നു.

നീരൊഴുക്ക് മിക്കയിടങ്ങളിലും നിലച്ചു. പുഴകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ചെളിനിറഞ്ഞ നിലയിലാണ്. മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു.

സമീപവാസികള്‍ക്ക് താമസിക്കാന്‍ കഴിയാത്തവിധം ദുര്‍ഗന്ധത്തോടൊപ്പം രോഗബാധയ്ക്കും കാരണമാകുന്നുണ്ട്.

വിശേഷാവസരങ്ങളില്‍ സന്നദ്ധസംഘടനകളും ആരോഗ്യവകുപ്പുകാരുമെല്ലാം ജനകീയ സഹകരണത്തോടെ ശുചികരണം നടത്താറുണ്ട്. പക്ഷേ, പിറ്റേന്നുമുതല്‍ ഹോട്ടല്‍ മാലിന്യംമുതല്‍ കക്കൂസ് മാലിന്യംവരെ പുഴയിലൊഴുക്കുകയായി.

തുടര്‍ സംരക്ഷണ നടപടികളോ പരിശോധനയോ രക്ഷാനടപടികളോ ഉണ്ടാകുന്നില്ല. ഇക്കാര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍പോലും വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ല.

വേനല്‍ കനത്തുതുടങ്ങിയതോടെ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനും ശുദ്ധജലക്ഷാമത്തിനും ഇടയാക്കുന്ന അവസ്ഥയാണ് ഗ്രാമീണ മേഖലയില്‍ ഉണ്ടാകുക.