കോഴിക്കോട്: നിലമുഴുന്ന തിരക്കിലായിരുന്നു മാവൂരിലെ ആറ്റുപുറത്ത് നൊട്ടിവീട്ടിൽ മരയ്ക്കാർ ബാവയെന്ന എ.എൻ. ബാവ. ചുറ്റും കുറച്ച് പണിക്കാരുമുണ്ട്. “ഈ വെയിലത്ത് ഉഴുതുമറിയ്ക്കലും പച്ചില വെട്ടിയിട്ട് വളമാക്കലുമൊക്കെ ഇത്തിരി അധ്വാനമുള്ള പണിയാണ് “- മുഖവുരയോടെ ബാവ പാടത്തു നിന്ന് കയറി. 
നാൽപ്പതുവർഷത്തിലേറെയായുള്ള കാർഷികവൃത്തിയുടെ കഥകൾ പറയാനുണ്ട് ഈ അൻപത്തിരണ്ടുകാരന്.
മാവൂർ പഞ്ചായത്തിലെ മാതൃകാകർഷകനാണ് മരയ്ക്കാര് ബാവ. നെല്ലും പച്ചക്കറികളും തണ്ണിമത്തനുമൊക്കെ ബാവയുടെ പാടത്ത് സമൃദ്ധമായി വിളയുന്നു. 

കൃഷിയിലേക്ക്
രണ്ടാംക്ലാസിൽ പഠിക്കുന്ന സമയത്ത് സ്കൂൾ വിട്ടുവരുന്പോൾ വലിയ പാടങ്ങളിൽ നട്ടുകഴിഞ്ഞ് അവശേഷിക്കുന്ന ഞാറുകൾ തോടിന്റെ കരകളിൽ നട്ടുവളർത്തി വിളവെടുത്താണ് കൃഷിയുമായി പ്രണയത്തിലാവുന്നത്. 
പി.എം.എ. ഗഫൂർ എന്നയാൾ പാട്ടത്തിനെടുത്ത ഒന്നരയേക്കറിലാണ് ബാവ ആദ്യമായി സ്വന്തമായി കൃഷിയിറക്കുന്നത്. പതിനഞ്ചാമത്തെ വയസ്സിലാണത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് സമഗ്ര പച്ചക്കറിവികസനപദ്ധതിയുടെ ഭാഗമായുള്ള  ഹരിതപച്ചക്കറിഗ്രാമം പരിപാടിയുടെ കീഴിലായിരുന്നു ഇത്.

ഇന്ന് 
 പത്തേക്കറോളം ഭൂമിയിലാണ് ഇന്ന് ബാവയുടെ കൃഷി. ഇതിൽ മുക്കാൽ ഏക്കർ സ്ഥലംമാത്രമാണ് സ്വന്തമായുള്ളത്. ബാക്കി  ഭൂമി പാട്ടത്തിനെടുത്തു. അഞ്ചരയേക്കറിൽ നെല്ലും മറ്റിടങ്ങളിൽ പച്ചക്കറിയും വാഴയും വിളയുന്നു. വർഷത്തിൽ രണ്ടുപ്രാവശ്യമായാണ് നെല്ല് കൃഷിചെയ്യുന്നത്. 
കർക്കടകം കഴിയുന്നതോടെ പുതിയ വാഴത്തൈകൾ നടും. ബാക്കിയുള്ള ഒറ്റപ്പെട്ട തോട്ടങ്ങളിലാണ് പച്ചക്കറിക്കൃഷി. വെണ്ട,  കുമ്പളം, മത്തൻ തുടങ്ങി ഒട്ടുമിക്ക പച്ചക്കറികളും ഇവിടെ   വിളയിച്ചെടുക്കുന്നുണ്ട്. ജൈവവളവും ജൈവകീടനാശിനികളും മാത്രമാണ് തന്റെ വിളകളിൽ ഉപയോഗിക്കാറുള്ളതെന്ന് ബാവ പറയുന്നു. 
തണ്ണിമത്തൻ കൃഷിയാണ് ബാവയുടെ ഇഷ്ട ഐറ്റമെന്ന് വാക്കുകളിൽ നിറഞ്ഞ ആവേശത്തിൽനിന്ന് വായിച്ചെടുക്കാം. എന്നാൽ, വേണ്ടത്ര പരിഗണന തണ്ണിമത്തൻകൃഷിക്ക് കേരളത്തിൽ ലഭിക്കുന്നില്ലെന്ന പരാതിയും ഇദ്ദേഹത്തിനുണ്ട്. 
ജൈവരീതിയിലാണ് തണ്ണിമത്തൻകൃഷിയും ചെയ്യുന്നത്. ട്രൈക്കോഡെർമയെന്ന ജൈവജീവാണു ചാണകപ്പൊടിയുമായി ചേർത്ത് വിത്തിറക്കുന്നു. അണുനാശിനിയായി കുമ്മായവും വളമായി കമ്പോസ്റ്റും ഉപയോഗിക്കുന്നു.
 

വിപണനം
നെല്ല് പ്രധാനമായും വിൽക്കുന്നത് സപ്ലൈകോയ്ക്കാണ്. ബാക്കിയുള്ളവ പട്ടത്തൂരിലെ അവിൽ മില്ലിലേക്കും. പച്ചക്കറി ഹോർട്ടികോർപ്പിലും നാട്ടിലും വിപണനം നടത്തും. കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം സ്വന്തം വയലിൽ വിളഞ്ഞ ഉത്പന്നങ്ങളുടെ  വിപണനകേന്ദ്രം തുറന്നിരുന്നു. 
 

നഷ്ടത്തിന്റെ കണക്കുകൾ
ഇതൊക്കെയാണെങ്കിലും കൃഷിയിടത്തിൽ കൈപൊള്ളിയ അവസ്ഥയുമുണ്ടായിട്ടുണ്ടെന്ന് ബാവ. കവണക്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണിനടക്കുന്ന സമയത്ത് ഊർക്കടവിൽ ചാലിയാറിൽ ബണ്ട് കെട്ടിയതിനെത്തുടർന്ന് ആറായിരത്തോളം വാഴകൾ നശിച്ചു.  ഒരു രൂപപോലും നഷ്ടപരിഹാരമായി കിട്ടിയില്ല. കഴിഞ്ഞവർഷം രണ്ടേക്കറിലെ നെൽക്കൃഷി രോഗബാധയെത്തുടർന്ന് നശിച്ചിരുന്നു. എങ്കിലും കൃഷിയോട് ആവേശവും മണ്ണിനോട് ആത്മാർഥതയുമുണ്ടെങ്കിൽ മണ്ണ് ചതിക്കില്ലെന്നാണ് ബാവയുടെ പക്ഷം. 
 

അംഗീകാരങ്ങൾ
മണ്ണിനെ അറിഞ്ഞുള്ള ഈ സമർപ്പണത്തിന് ഒട്ടേറെ അംഗീകാരങ്ങളും മരയ്ക്കാർ ബാവയ്ക്ക് ലഭിച്ചിട്ടുണ്ട്. യൂകോയുടെ ഭാരത് കിസാന്ഡ പണ്ഡിറ്റ് അവാർഡ്, ആകാശവാണി വയലും വീടും രജതജൂബിലിയിൽ മികച്ച കർഷകനുള്ള പുരസ്കാരം, മാവൂർ ഗ്രാമപ്പഞ്ചായത്തിന്റെ മികച്ച യുവകർഷകൻ, മികച്ച കർഷകൻ, മാതൃകാകർഷകൻ എന്നീ പുരസ്കാരങ്ങൾക്കുപുറമേ വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും ബാവയ്ക്ക് ലഭിച്ചിട്ടുണ്ട്.