കണ്ണൂര്‍: നടപ്പാതയില്‍ വീണുകിടക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളും തോരണങ്ങളും യാത്രക്കാര്‍ക്ക് ദുരിതവും ഭീഷണിയുമാകുന്നു. അപകടാവസ്ഥയിലുള്ള മുഴുവന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളും നീക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണിത്. കളക്ടറേറ്റിന് മുന്നിലെ നടപ്പാതയില്‍ത്തന്നെ കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡ് വീണുകിടക്കുകയാണ്. ഇതിന്റെ കുറച്ചുഭാഗം വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലുമാണുള്ളത്.

യാത്രക്കാര്‍ക്ക് തടസ്സംസൃഷ്ടിക്കുന്നതും ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നതുമായ പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. എന്നാല്‍, ഇതൊന്നും കാര്യമാക്കാത്തമട്ടിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

യാത്രക്കാര്‍ക്ക് തടസ്സമായി സര്‍ക്കാര്‍വക പരസ്യബോര്‍ഡുകളുമുണ്ട്. കൂടാതെ വിവിധ സര്‍വീസ് സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും പരസ്യബോര്‍ഡുകളും കാണാം.

ഓണാഘോഷത്തിന് മുന്നോടിയായി കെട്ടിയ തോരണങ്ങളുംമറ്റും വീണുകിടക്കുന്നതും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്.