പാപ്പിനിശേരി: പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷന്‍ റോഡരികിലെ വാടക വീട്ടില്‍ കഴിയുന്ന ചെറുവാടത്തില്‍ നാരായണിയെന്ന 83-കാരിക്ക് ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ഉപജീവനപെന്‍ഷന്‍ നിഷേധിക്കപ്പെട്ടു. ആധാറെടുക്കാന്‍ പോകുന്നതിനുള്ള ആരോഗ്യസ്ഥിതിയില്ലാതെ കണ്ണ് പോലും കാണാതെ കിടപ്പിലായ കര്‍ഷകത്തൊഴിലാളിയുടെ ദൈന്യമാണിത്.
 
നല്ല കാലം മുഴുവന്‍ ജീവിക്കാനായി മണ്ണിനോട് മല്ലിട്ട ഈ വയോധിക 10 വര്‍ഷത്തോളമായി കിടപ്പിലാണ്. അവശയായി കിടപ്പിലായിട്ടും ആധാറിന്റെ പേര് പറഞ്ഞ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ നിഷേധിക്കുകയാണ്. 80 വയസ് കഴിഞ്ഞവര്‍ക്ക് ആധാറില്ലാതെ തന്നെ ക്ഷേമ പെന്‍ഷന്‍ നല്‍കണമെന്ന ഉത്തരവുണ്ടായിട്ടും അതറിയില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

കണ്ണിന് ബാധിച്ച ഗ്ലോക്കോമയും വീഴ്ചയില്‍ എല്ലിനുണ്ടായ ക്ഷതവും കാരണം കിടപ്പിലായ നാരായണിയുടെ കൂടെ 90-കാരനായ ഭര്‍ത്താവ് ശങ്കരന്‍ നായരുമുണ്ട്. മകന്‍ സജിത്തിന്റെ കൂടെയാണ് ഇരുവുരം ഇപ്പോള്‍ താമസിക്കുന്നത്. ഈ കുടുംബത്തിന് അരോളിയിലുണ്ടായിരുന്ന വീട് കാറ്റില്‍ തകര്‍ന്നതോടെയാണ് പാപ്പിനിശ്ശേരിയിലെ വാടക വീട്ടിലേക്ക് താമസം മാറിയത്.