തലശ്ശേരി:തലശ്ശേരിയിൽ പ്രവർത്തിക്കുന്ന ബ്രക്‌സയിലൂടെ സൗജന്യ പരിശീലനം ലഭിച്ച ആയിരം യുവാക്കൾ പട്ടാളക്കാരായി. 17 പരിശീലന ക്യാമ്പിലൂടെ പരിശീലനം നേടിയ 1020 പേരാണ് പട്ടാളത്തിലെത്തിയത്. ഓഫീസർ വിഭാഗത്തിൽ മൂന്നുപേരും അർധസൈനിക വിഭാഗത്തിൽ 50 പേരും പരിശീലനത്തിലൂടെ ജോലി നേടി.

ഗവ.ബ്രണ്ണൻ കോളേജ് എക്സ്  എൻ.സി.സി. അസോസിയേഷനാണ് ബ്രക്‌സ. ബ്രക്‌സയുടെ ഒൻപതാം വാർഷികവും ആയിരം പേരെ പട്ടാളത്തിലെത്തിച്ചതിന്റെ ആഘോഷവും ശനിയാഴ്ച നടക്കും. ബ്രണ്ണൻ കോളേജ് ഹാളിൽ വൈകിട്ട് മൂന്നിന് എ.എൻ.ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാവും.

പണം കൊടുത്താൽ പട്ടാളത്തിൽ ചേരാമെന്ന ധാരണ ചിലർക്കെങ്കിലും ഇപ്പോഴുമുണ്ടെന്നും അത് ശരിയല്ലെന്ന് ബ്രക്‌സ പ്രസിഡന്റ് കേണൽ ബി.കെ.നായർ പറഞ്ഞു. മികച്ച പരിശീലനത്തിലൂടെ പട്ടാളത്തിൽ ചേരാമെന്ന സന്ദേശമാണ് ബ്രക്‌സയുടെ പരിശീലനത്തിലൂടെ ജോലിയിൽ പ്രവേശിച്ചവർ തെളിയിച്ചത്. ഇത്തരമൊരു സന്ദേശമാണ് ബ്രക്‌സ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2015-ൽ വയനാട്ടിലെ ആദിവാസികൾക്ക് ബ്രക്‌സ പരിശീലനം നൽകിയിരുന്നു. 120 പേർ പരിശീലനത്തിൽ പങ്കെടുത്തതിൽ നാലുപേർ ജോലിയിൽ പ്രവേശിച്ചു.
ജില്ലാ ആരോഗ്യവകുപ്പിന്റെ 2012-ലെ രക്തദാന സന്നദ്ധസംഘടനയ്ക്കുള്ള പ്രഥമപുരസ്കാരം ബ്രക്‌സയ്ക്കായിരുന്നു. 2009 ഫെബ്രുവരിയിലാണ് സംഘടന സ്ഥാപിതമായത്.

ബ്രണ്ണൻ കോളേജിലെ മുൻകാല എൻ.സി.സി. ​േകഡറ്റുകളും ഓഫീസർമാരും ഒന്നാം കേരള ആർട്ടി ബാറ്ററി യൂണിറ്റിലെ മിലിട്ടറി ഓഫീസർമാരുമാണ് സംഘടനയ്ക്ക് രൂപം നൽകിയത്. രക്തദാനത്തിനും ശുചീകരണത്തിനും നേതൃത്വം നൽകിയ സംഘടന സൗജന്യ പരിശീലനവും തുടങ്ങുകയായിരുന്നു. ആദ്യബാച്ചിൽ പങ്കെടുത്ത അഞ്ചുപേർ ജോലിയിൽ പ്രവേശിച്ചു.

17 ബാച്ചുകളിലായാണ് ഇന്നത്തെ വിജയം നേടിയത്. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നു കൂടാതെ സമീപജില്ലകളിൽനിന്നുള്ള യുവാക്കൾവരെ പരിശീലനത്തിനായി തലശ്ശേരിയിലെത്തി.

മറ്റു ജില്ലകളിലുള്ള ചിലർ ബന്ധുവീടുകളിൽ താമസിച്ചാണ് പരിശീലനത്തിനെത്തിയത്. പരിശീലനം നേടിയവരിൽ ഭൂരിഭാഗം പേരും പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ളവരായിരുന്നു. കായികപരിശീലനവും എഴുത്തുപരീക്ഷയ്ക്കുള്ള പരിശീലനവുമാണ് നൽകിയത്. ബ്രക്‌സ സെക്രട്ടറി മേജർ പി.ഗോവിന്ദൻ, വൈസ് പ്രസിഡന്റ് കെ.വി.ഗോകുൽദാസ്, സുബേദാർ എ.കെ.ശ്രീനിവാസൻ, കെ.സി.സൂരജ്, ദിനിൽ ധനഞ്ജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.