പെരുന്നാളിനോടൊപ്പം പുതുതായി ഉദ്ഘാടനത്തിനൊരുങ്ങിയതായിരുന്നു ശ്രീകണ്ഠപുരം ഇശൽ ഫുട്‌വേർ ഷോപ്പ്. പുതിയ മോഡൽ വിലയേറിയ ചെരിപ്പുകൾ വാങ്ങി ഭംഗിയിൽ ഒരുക്കിവെച്ചാണ് ഉടമ നവാസ് ബുധനാഴ്ച കടയിൽനിന്നിറങ്ങിയത്.. തുടങ്ങുംമുൻപുണ്ടായ തീരാത്ത നഷ്ടത്തിൽ എന്തുചെയ്യണമെന്നറിയാതെയാണ് പെരുന്നാൾദിവസം കടന്നു പോയത്.ബുധനാഴ്ചമുതൽ ശനിയാഴ്ച വരെ നിർത്താതെ പെയ്ത പേമാരിപോലെയുള്ള ശ്രീകണ്ഠപുരം നഗരത്തിലെ വ്യാപാരികളുടെ സ്വത്തും സ്വപ്നങ്ങളും കവർന്നു.

'34 വർഷമായി ഞാൻ ഇവിടെ കച്ചോടം ചെയ്യുന്നുണ്ട്. ബുധനാഴ്ച കടയടച്ച് വീട്ടിൽ പോയതാ.. പിന്നെ എനിക്ക് ഞായറാഴ്ച രാവിലെയോടെ മാത്രമാണ് കടയുടെ മുന്നിലെത്താനായത്. അപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരുന്നു -ബസ്‌സ്റ്റാൻഡിൽ സ്റ്റേഷനറി കട നടത്തുന്ന മട്ടന്നൂർ സ്വദേശി ഒ.വി.മുഹമ്മദ് കടയിലടിഞ്ഞുകൂടിയ ചെളി വൃത്തിയാക്കിക്കൊണ്ടു പറഞ്ഞു. സ്റ്റേഷനറി സാധനങ്ങളെല്ലാം ഒലിച്ചുപോയി. ബാക്കിയുള്ളവ വെള്ളം കയറി ഉപയോഗ ശൂന്യമായി.

പെരുന്നാളെല്ലാം പോയില്ലേ....?  പെരുന്നാളായതുകൊണ്ട് ബാങ്ക് ഒ.ഡി. എടുത്ത് ഇരട്ടി സ്റ്റോക്കിറക്കിയതാ.... ഇപ്പോ ഇരട്ടി നഷ്ടമായി..കടയിലെ ചില്ലും എ.സി.യും അലമാരയുമൊക്കെ നശിച്ചു. സെൻട്രൽ ജങ്ഷനിലെ പിങ്ക് ടെക്സ്റ്റൈൽസ്‌ ഉടമ പി.കെ.മുഹമ്മദലി പറഞ്ഞു. 

വിലപ്പെട്ട രേഖകളുള്ള ഫയൽ കടയിൽ വെച്ചിട്ടാണ് പയ്യാവൂർ റോഡിലെ സി.ആർ.ഐ. പമ്പുടമ സി.വി.രമേശൻ ബുധനാഴ്ച വീട്ടിലേക്ക് പോയത്. കടയിലെ യന്ത്രങ്ങളും സാധനങ്ങളും നശിച്ചതോടൊപ്പം വെള്ളം കയറി നശിച്ച രേഖകൾ എടുത്തുകാണിച്ചാണ് രമേശൻ സങ്കടം പറഞ്ഞത്.

ഒന്നരവർഷം കൂലിപ്പണിക്കാരനായിരുന്നു ഇബ്രാഹിം. പുതിയ സ്വപ്നങ്ങളുമായി ഉള്ളതെല്ലാം വിറ്റും പണയംവെച്ചുമാണ് പയ്യാവൂർ റോഡിൽ ബേക്കറി തുടങ്ങിയത്. പെരുന്നാൾദിവസവും നിറക്കണ്ണുകളോടെ കട വൃത്തിയാക്കുകയായിരുന്നു അദ്ദേഹം.

വെള്ളം കയറുന്നതുകണ്ട് പാതിരാത്രി ഓടിയെത്തി സാധനങ്ങളെല്ലാം രണ്ടാംനിലയിലേക്ക് മാറ്റിയതായിരുന്നു സെൻട്രൽ ജങ്ഷനിലെ കിങ്ങിണി സ്റ്റോർ ഉടമ എസ്.മൂസ. എന്നാൽ  വെള്ളപ്പൊക്കം കാണാനെത്തിയവർ എല്ലാം മോഷ്ടിച്ചു കൊണ്ടുപോയെന്ന് അദ്ദേഹം പറഞ്ഞു.

പതിവായി നഗരത്തിലെ ചില മേഖലകളിൽ വെള്ളം കയറാറുണ്ടെങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ച് വെള്ളമുയർന്നതാണ് വ്യാപാരികളുടെ നഷ്ടത്തിന്റെ വ്യാപ്തി കൂട്ടിയത്. ശ്രീകണ്ഠപുരത്തെ വ്യാപാരികൾ ഭൂരിഭാഗവും നഗരത്തിന് പുറത്തുള്ളവരാണ്. റോഡുകളിൽ വെള്ളം കയറി സാധനങ്ങൾ മാറ്റാൻ പോലും പലർക്കും നഗരത്തിലെത്താനായില്ല. രണ്ടാം നിലയിലേക്ക് മാറ്റിയവയിൽ പലതും വെള്ളപ്പൊക്കത്തിന്റെ മറവിൽ സമൂഹദ്രോഹികൾ മോഷ്ടിച്ചതും ദുഃഖം ഇരട്ടിയാക്കുന്നു. പല കടകളിൽനിന്നും വസ്ത്രങ്ങളടക്കം കളവുപോയിട്ടുണ്ട്.

വരവുചെലവ് കണക്കുകൾ പരിശോധിക്കുമ്പോൾ സങ്കടങ്ങളാണ്‌ വ്യാപാരികളുടെ കണക്കുപുസ്തകം നിറയെ. പ്രതീക്ഷിക്കാതെയെത്തിയ വെള്ളപ്പൊക്കം ഇവരുടെ ജീവിതത്തിന്റെ 'ബാലൻസ് ഷീറ്റ്' തെറ്റിച്ചു. പലർക്കും വീണ്ടും ഒന്നിൽനിന്ന് തുടങ്ങണം. നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ബിസിനസ് ഉപേക്ഷിക്കേണ്ട സ്ഥിതിയുള്ളവരാണ് അധികവും. 

വെള്ളമിറങ്ങിയപ്പോൾ...

കൊവ്വപ്പുറത്തെ വെള്ളം കയറി നശിച്ച വീടിനുമുന്നിൽനിന്ന് എല്ലാം നശിച്ച വേദനയിൽ വിതുമ്പുകയാണ് വി.പി.ജമീല. പതിവായി വെള്ളം കയറുന്ന സ്ഥലമാണെങ്കിലും വീട് പൂർണമായും മുങ്ങുന്നത് ആദ്യമാണ്. കുട്ടികളുടെ യൂണിഫോമും വസ്ത്രങ്ങളും സാധനങ്ങളും എല്ലാം ഒലിച്ചുപോയി. മൺകട്ടയിൽ പണിത വീട് ഏതുനിമിഷവും ഇടിഞ്ഞു വീഴാറായ നിലയിലാണ്. ക്യാമ്പിൽ കഴിയുന്ന ജമീലയും കുടുംബവും വെള്ളമിറങ്ങിയാൽ എവിടെ താമസിക്കുമെന്ന ആശങ്കയിലാണ്. 

ഞായറാഴ്ച രാവിലെ ചെങ്ങളായി മാപ്പിള സ്കൂളിലെ ക്യാമ്പിൽനിന്ന് വീട് ശുചീകരിക്കാനെത്തിയതായിരുന്നു കൊവ്വപ്പുറത്തെ പി.മൂസ. കൂലിപ്പണിയെടുത്തുണ്ടാക്കിയ വീട് പൂർണമായും നശിച്ച കാഴ്ചയാണ് കാണാനായത്. ബുധനാഴ്ച ക്യാമ്പിലേക്ക് പോകുന്നതിന് മുൻപ് തട്ടിൻപുറത്ത് കയറ്റിവെച്ച വസ്ത്രങ്ങളും വിട്ടുപകരണങ്ങളുമെല്ലാം നശിച്ചു. ക്യാമ്പിൽ എങ്ങോട്ട് മടങ്ങിപ്പോകുമെന്ന ആശങ്കയിലാണ് മൂസയും കുടുംബവും. എല്ലാ മഴക്കാലവും ചെങ്ങളായി കൊവ്വപ്പുറം നിവാസികൾക്ക് ദുരിതകാലമാണ്. മഴ ശക്തമായാൽ ഇവിടത്തെ 60 കുടുംബങ്ങൾ ദുരിതം പേറുന്ന കാഴ്ചയാണ്. മഴ ശക്തമായാൽ പുനരധിവാസ ക്യാമ്പുകളിലാണ് പതിവായി ഇവിടത്തെ കുടുംബങ്ങൾക്ക്  ആശ്രയം. 

‌ഇത്രയും ഭീകരമായ അവസ്ഥ ഇതിനു മുൻപുണ്ടായിട്ടില്ലെന്ന് കൊവ്വപ്പുറത്തെ നാട്ടുകാർ പറയുന്നു. പെരുന്നാൾ  ആഘോഷിക്കാൻ പുത്തൻവസ്ത്രങ്ങളുമായി ഗൾഫ് നാടുകളിൽനിന്ന് മടങ്ങിയെത്തിയവരുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലിരുന്ന് ദുരിതത്തിന്റെയും തീരാനഷ്ടങ്ങളുടെയും ബലിപെരുന്നാൾ ആഘോഷിക്കാൻ വിധിക്കപ്പെട്ടവർ. മടങ്ങിപ്പോകാൻ വീടുകൾപോലുമില്ലാതെ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് കൊവ്വപ്പുറത്തുകാർ. വീട് പൂർണമായും നഷ്ടപ്പെട്ട ശ്രീകണ്ഠപുരം പന്നിയോട്ടുമൂലയിലെ പാറോത്ത് മനോഹരനും കോയോടൻ ശ്രീജിത്തും കോട്ടൂർ പള്ളിയിലെ  ദുരിതാശ്വാസ ക്യാമ്പിൽ പുതുവെളിച്ചം കാത്തുനിൽക്കുകയാണ്.