മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ആത്മകഥ 20 മിനിട്ട്‌ ദൈർഘ്യമുള്ള സംഗീതനാടകമായി അരങ്ങിലെത്തുന്നു. വെള്ളിക്കോത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ യു.പി. വിഭാഗത്തിലെ 18 കുട്ടികളാണ് അഭിനയരംഗത്ത്. 'അതാണ് പി' എന്നാണ് നാടകത്തിന്റെ പേര്.
 ശനിയാഴ്ച രാത്രി എട്ടിന് വെള്ളിക്കോത്ത് യങ്‌മെൻസ് ഓഡിറ്റോറിയത്തിലാണ് ആദ്യ അവതരണം.  സ്കൂളിലെ ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ സംഗീതിക 2020 പരിപാടിയുടെ ഭാഗമായാണ് നാടകാവതരണം. ഇതേ സ്കൂളിലെ അധ്യാപകനും സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് നാടകരചനയും സംവിധാനവും നിർവഹിച്ചത്. കവിയുടെ കാൽപ്പാടുകൾ, നിത്യകന്യകയെ തേടി, എന്നെ തിരയുന്ന ഞാൻ എന്നിങ്ങനെ മൂന്നു പുസ്തകങ്ങളാണ് മഹാകവിയുടെ ആത്മകഥയായി ഉള്ളത്. ഇതിലെ പ്രസക്തഭാഗങ്ങൾ കോർത്തിണക്കി രത്നച്ചുരുക്കമായാണ് നാടകം.
  നാടകത്തിലെ മിക്ക പുരുഷകഥാപത്രങ്ങ​െളയും പെൺകുട്ടികൾ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കവിയുടെ ബാല്യത്തെ ആറാംക്ലാസിലെ കെ.ശ്രീകൃപ അവതരിപ്പിക്കുമ്പോൾ യൗവനവേഷത്തിൽ എത്തുന്നത് ഇതേ ക്ലാസിലെ കെ.ശ്രീലക്ഷ്മി. കവിയുടെ പിന്നീടുള്ള ജീവിത വേഷവുമായി അരങ്ങിലെത്തുന്നത്  സ്കൂളിലെ അധ്യാപകൻ കൃഷ്ണൻ അത്തിക്കാലാണ്.  കവിയുടെ കുസൃതിയും നാട്ടിൻപുറത്തെ ബാല്യകാലവും മുതിർന്നപ്പോൾ നിർത്താതെയുള്ള സഞ്ചാരവുമെല്ലാം നാടകത്തിൽ പാടിയും പറഞ്ഞും അവതരിപ്പിക്കുന്നു. കവിയുടെ അച്ഛൻ പുറവങ്കര കുഞ്ഞമ്പു നായരുടെ വേഷമണിയുന്നത് പി.കൃഷ്ണപ്രിയയും അമ്മ പനയന്തട്ട കുഞ്ഞമ്മാറമ്മയായി വേഷമിടുന്നത് കെ.അവന്തികയുമാണ്.
  വിദ്വാൻ പി.കേളുനായരുടെ നാടകത്തിലെ ചിട്ടകളാണ് ഈ നാടകത്തിലും പ്രയോഗിച്ചതെന്ന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് പറഞ്ഞു. കെ.വി.ദർശന,
പി.പി.അഭിഷേക്, വി.ശ്വേത, വി.വർഷ, പി.ദർശന, കെ.പി.അനുശ്രീ, എം.വിഷ്ണുപ്രിയ, ആദർശന, ആരാധന എന്നിവരും വിവിധ കഥാപാത്രങ്ങളായി എത്തുന്നു.