മൊഗ്രാൽ: തിരുവോണനാളിൽ ദേശീയപാതയിലെ കുഴിയിൽ പൂക്കളമൊരുക്കി പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ.
കാസർകോട് മുതൽ തലപ്പാടി വരെയുള്ള ദേശീയപാതയിൽ രൂപം കൊണ്ട വൻ ഗർത്തങ്ങളിലെ യാത്രാദുരിതത്തിൽ അധികൃതർ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരേയാണ് ഇവർ പ്രതിഷേധിച്ചത്.
മഴ തുടങ്ങിയാൽ ചെളിക്കുളമായിമാറുന്ന റോഡിൽ ഒട്ടേറെ ജീവൻ അപകടത്തിൽപ്പെട്ടിട്ടും ഓരോവർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നതല്ലാതെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അടക്കം രംഗത്തുവന്നിരുന്നു.
ജനങ്ങളുടെ നിസ്സഹായാവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തി ഇനിയൊരു ജീവൻ പൊലിയാൻ ഈ റോഡിലെ കുഴികൾ കാരണമാവാതിരിക്കാനാണ് വേറിട്ട പ്രതിഷേധവുമായി
ഇവർ രംഗത്തിറങ്ങിയത്.
ദേശീയവേദി പ്രസിഡന്റ് എ.എം.സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷനായിരുന്നു.
ഹമീദ് പെർവാഡ്, എം.എ.മൂസ, ടി.കെ.അൻവർ, സി.എച്ച്.ഖാദർ, എം.എം.റഹ്‌മാൻ, അക്ബർ പെർവാഡ്, ടി.പി.അനീസ്, പി.വി. അൻവർ, എം.എ.ഇക്ബാൽ തുടങ്ങിയവർ സംബന്ധിച്ചു.