തിരുവോണം നാളിൽ കാഞ്ഞങ്ങാട്‌ നിത്യാനന്ദ കോട്ടയിൽ ശ്രീ നിത്യാനന്ദ യുവജന ക്ഷേമസമിതി നടത്തുന്ന പൂക്കളമത്സരത്തിന്റെ പേരും പെരുമയും ഉത്തരമലബാറിലാകെ പരക്കുകയാണ്‌.
കാസർകോടിനുപുറമെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽനിന്നും മത്സരാർഥികൾ ഇക്കുറി എത്തി.
   തിരുവോണം നാളിൽ ഉച്ചയോടെ ആശ്രമം ഹാളിൽ വിരിയുന്ന പൂക്കളം കാണാൻ ദൂരദിക്കുകളിൽനിന്നുപോലും ആളുകളെത്തും. ഇത്തവണ ആദ്യ ദിവസംതന്നെ പതിനായിരത്തിലധികം പേർ പൂക്കളം കാണാനെത്തി. തുടർന്നുള്ള ദിവസങ്ങളിലും പൂക്കളം കാണാനെത്തുന്നവരുടെ ഒഴുക്ക് നിലയ്ക്കാറില്ല. ആദ്യദിവസംതന്നെ വരിനിന്ന് പൂക്കളം കാണാനെത്തുന്നവരുടെ എണ്ണം ഓരോവർഷവും കൂടിവരുന്നത് മത്സരത്തിന്റെ ഖ്യാതി കൂടിയതിന്റെ തെളിവാണെന്ന്‌ സംഘാടകർ പറയുന്നു.
റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനാണ് ഈവർഷത്തെ പ്രദർശനം ഉദ്ഘാടനം ചെയ്തത്.
പ്രളയക്കെടുതിയെത്തുടർന്ന് കഴിഞ്ഞവർഷം മാത്രമാണ് സമിതി ഓണാഘോഷം മാറ്റിവെച്ചത്. ആഘോഷത്തിനായി സ്വരൂപിച്ച ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി സമിതി കഴിഞ്ഞവർഷം നാടിന്റെ നൊമ്പരത്തിനൊപ്പം നിൽക്കുകയായിരുന്നു.
ഇക്കുറി 22 കളങ്ങൾ
22 ടീമുകൾ മാറ്റുരുച്ച ഇത്തവണത്തെ മത്സരത്തിൽ വെള്ളരിക്കുണ്ട്‌ പ്ലാച്ചിക്കരയിലെ എം.വി.സജീത് അവിട്ടം ടീമാണ് ഒന്നാംസ്ഥാനം നേടിയത്. കോഴിക്കോട് പുല്ലൂരാംപാറയിലെ കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സ്റ്റാർഫ്രണ്ട്‌സ് രണ്ടാംസ്ഥാനവും പ്രിയേഷിന്റെ നേതൃത്വത്തിലുുള്ള കണ്ണപുരം ഫ്ളവേഴ്‌സ് മൂന്നാംസ്ഥാനവും നേടി. മലപ്പുറത്തെ പി.സുജേഷിന്റെ നേതൃത്വത്തിലുള്ള പൂക്കോട്ടൻ ബ്രദേഴ്‌സിനാണ് നാലാംസ്ഥാനം.
  ഒന്നാം സ്ഥാനത്തിന് 30,031 രൂപയും രണ്ടാംസ്ഥാനക്കാർക്ക് 20,031 രൂപയും മൂന്നാംസ്ഥാനത്തിന് 15,031 രൂപയും നാലാംസ്ഥാനത്തിന് 10,031 രൂപയുമാണ് സമ്മാനമായി നൽകിയത്. പങ്കെടുത്തവർക്കെല്ലാം 2500 രൂപവീതം പ്രോത്സാഹനമായും നല്കുന്നു.  കാഞ്ഞങ്ങാട്‌ സ്വദേശിയും ഇടുക്കി ജില്ലാകളക്ടറുമായ എച്ച്.ദിനേശാണ് യുവജനസമിതിയുടെ രക്ഷാധികാരി. അദ്ദേഹം മുൻപ് വളരെക്കാലം സമിതിയുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. അശ്വിൻകുമാർ പ്രസിഡന്റും സിദ്ധാർഥ് അലാമിപ്പള്ളി സെക്രട്ടറിയും സുധീർ കല്ലംചിറ ഖജാൻജിയുമായ ഭരണസമിതിയാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
   ചിത്രകാരന്മാരായ ശ്യാമ ശശി, രാജേന്ദ്രൻ പുല്ലൂർ, ജയദേവൻ ആണ്ടോൾ എന്നിവരാണ് ഇത്തവണ വിധിനിർണയം നടത്തിയത്. ഓണത്തിന് നടത്തുന്ന പൂക്കളമത്സരത്തിനു പുറമെ ജീവകാരുണ്യപ്രവർത്തനവും പാലിയേറ്റീവ് പ്രവർത്തനവും സമിതി ഏറ്റെടുത്ത് നടത്തുന്നുണ്ട്. ജനങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയുമാണ് ഇത്രയുംകാലം നല്ലനിലയിൽ പ്രവർത്തിക്കുന്നതിന് പ്രചോദനം നൽകിയതെന്ന് ഭാരവാഹികൾ പറയുന്നു.