കാസർകോട്‌ പെരിയ ആലക്കോട്ടെ ജ്യോതിഷപണ്ഡിതൻ വിഷ്ണുപ്രസാദ്‌ ഹെബ്ബാറിന്റെ വീട്‌ ഇന്ന്‌ നാടൻപശുക്കളുടെ ഗോകുലമാണ്‌. അപൂർവമായ 80 ഇനം പശുക്കളാണ്‌ അദ്ദേഹത്തിന്റെ തൊഴുത്തിൽ വളരുന്നത്‌. അവയുടെ പാൽ ചേർത്തുള്ള മരുന്ന്‌ നിർമിക്കുകയാണ്‌ ആയുർവേദ ഡോക്ടർ കൂടിയായ ഭാര്യ നാഗരത്ന.
വൈക്കത്തുനിന്ന് വെച്ചൂർ പശുവിനെയാണ് ഗോശാലയിലേക്ക് ആദ്യം കൊണ്ടുവന്നത്. തുടർന്ന് കാസർകോടൻ കുള്ളൻ, മലനാട് ഗിണ്ട, ഗീർ, കാൻകറേജ്, ഓംഗോൾ, ഹള്ളിഗാർ, ബർഗൂർ തുടങ്ങിയ ഇനങ്ങളുമെത്തി. ഇതിനുപുറമെ വിവിധ സംസ്ഥാനങ്ങളിലെ കാളകളെയും ഇവിടെ കാണാം. ആന്ധ്രയിലെ  പ്രകാശം ജില്ലയിലെ ഓംഗോൾ എന്നറിയപ്പെടുന്ന കാളകളാണ് ഏറെ ശ്രദ്ധേയം. സ്പെയിൻ, മെക്സിക്കോ കാളപ്പോരുകളിൽ ഓംഗോൾ കാളകളെ ഉപയോഗിക്കാറുണ്ട്. ഇറച്ചിവില നൽകി അറവുകാരിൽനിന്ന്‌ വാങ്ങിയാണ്‌ ആ കാളകളെ വീട്ടിലെത്തിച്ചതെന്ന്‌ വിഷ്ണു പ്രസാദ്‌ ഹെബ്ബാർ പറയുന്നു. ഓംഗോൾ കാളകളുടെ പ്രത്യേകതകൾ അറിയാവുന്നതിനാൽ അറവുകാരുടെ കൈയിൽ കണ്ട അ​െഞ്ചണ്ണത്തെയും അവർ പറഞ്ഞ പണംനൽകി ഹെബ്ബാർ സ്വന്തമാക്കുകയായിരുന്നു.  മികച്ച പരിചരണം ലഭിച്ചതോടെ ഇന്ന്‌ അവ ഗോകുലത്തിൽ നന്നായി വളരുകയാണ്‌. വിവിധ  സംസ്ഥാനങ്ങളിലെ നാടൻപശു ഇനങ്ങളെ കാണാൻ ഗോകുലം ഗോശാലയിൽ നിത്യവും ധാരാളം സന്ദർശകർ എത്തുന്നുണ്ട്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അഷ്ടമംഗല്യപ്രശ്നം നടത്താനായുള്ള യാത്രയ്ക്കിടയിലാണ്‌ അപൂർവയിനം പശുക്കളെ ഹെബ്ബാർ തന്റെ തൊഴുത്തിലേക്ക്‌ തിരഞ്ഞെടുക്കുന്നത്‌. പല കേന്ദ്രമന്ത്രിമാരുമായും മുഖ്യമന്ത്രിമാരുമായും ഹെബ്ബാറിന്‌ അടുത്ത ബന്ധമുണ്ട്‌. ക്രിക്കറ്റിലെ പല പ്രമുഖരുമായും അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നു.
അസമിൽ സാജിറഗയിൽ കേരള മാതൃകയിലുള്ള ക്ഷേത്രം നിർമിക്കുന്നതിൽ ഉപദേശകനായി ഹെബ്ബാറുമുണ്ടായിരുന്നു. ഇംഗ്ലണ്ട്, റഷ്യ തുടങ്ങി  ആറോളം രാജ്യങ്ങളിൽ ജ്യോതിഷസംബന്ധമായി യാത്രകൾ നടത്തിയിട്ടുണ്ട് അദ്ദേഹം. ഇംഗ്ലീഷും ഹിന്ദിയും ഉൾപ്പെടെ വിവിധ ഭാഷകൾ അനായാസം സംസാരിക്കാനും അദ്ദേഹത്തിന്‌ കഴിയും.
സംഗീതത്തോട്‌ ഏറെ താത്‌പര്യമുള്ള  മുപ്പത്താറുകാരനായ വിഷ്ണുപ്രസാദ് ഹെബ്ബാറിന്‌ പല പ്രശസ്ത സംഗീതജ്ഞരുമായും അടുത്ത ബന്ധമുണ്ട്‌. 2018-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊൽക്കത്ത ഹെബ്ബാറിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്‌. ജ്യോതിഷം വിഷയത്തിൽ ബി.ബി.സി.യുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞത് മറക്കാനാകാത്ത അനുഭവമായി ഇദ്ദേഹം കരുതുന്നു.
നീലേശ്വരത്തെ കല്ലമ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ കീഴിലായിരുന്നു ജ്യോതിഷപഠനം.
പേരൂർ സദ്ഗുരു പബ്ലിക് സ്കൂളിലെ  വിദ്യാർഥികളായ കൃഷ്ണപ്രസാദും രാമപ്രസാദുമാണ്‌ മക്കൾ.