കണ്ണൂരിന്റെ കിഴക്കൻ മലയോരത്തു നിന്ന്‌ മലയാളസിനിമാ ലോക​േത്തക്ക് ഒരു പുതിയ സംവിധായകൻകൂടി എത്തുകയാണ്.
എതാനും ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച കണ്ണൂർ പേരാവൂർ സ്വദേശി പ്രിൻസ് ജോയിയാണ് സണ്ണി വെയ്ൻ നായകനാവുന്ന 'അനുഗൃഹീതൻ ആന്റണി' എന്ന സിനിമയിലൂടെ സംവിധാന രംഗ​േത്തക്ക്‌ ചുവടുവെക്കുന്നത്. എട്ടുകാലി എന്ന ഷോർട്ട് ഫിലിമിലൂടെ ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ പ്രിൻസ് ജോയി സ്കൂൾ-കോളേജ് നാടകങ്ങളിൽ നടനായും സംവിധാനത്തിലൂടെയും കഴിവ് തെളിയിച്ചാണ് ഇപ്പോൾ മലയാളസിനിമാരംഗത്ത് ചുവടുറപ്പിക്കാൻ എത്തുന്നത്.  
എട്ടുകാലി ഷോർട്ട് ഫിലിമിലൂടെ 2015 അവതാർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, സ്ക്രിപ്റ്റ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം, സംസ്ഥാന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി അവാർഡ്, കിവീസ് നാഷണൽ ലെവൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാനം, മികച്ച ചിത്രം തുടങ്ങി ദേശീയ-സംസ്ഥാനതലത്തിൽ പത്തിലധികം പുരസ്കാരങ്ങൾ പ്രിൻസ് ജോയിയെ തേടിയെത്തിയിട്ടുണ്ട്.
ചിത്രരചനയിലും എഴുത്തിലും പ്രിൻസ് കഴിവ് തെളിയിച്ചിട്ടുണ്ട്.   എട്ടാം ക്ലാസുവരെ പേരാവൂർ സെയ്‌ന്റ് ജോസഫ്‌സ് എച്ച്.എസ്.എസിലും ഹയർ സെക്കൻഡറി വരെ പാല ഗവ. ഹയർ സെക്കൻഡറിയിലുമായിരുന്നു പ്രിൻസിന്റെ പ്രാഥമിക വിദ്യാഭ്യാസം.പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽനിന്ന് ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ ഈ ഇരുപത്തഞ്ചുകാരന്റെ അടങ്ങാത്ത സിനിമാമോഹമാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സഫലമാവുന്നത്.  ഒക്ടോബറിൽ റിലീസാവാനുള്ള അനുഗൃഹീതൻ ആന്റണിയുടെ അവസാനഘട്ട മിനുക്കുപണിയുടെ തിരക്കിലാണ് ഈ ചെറുപ്പക്കാരൻ.
  അലമാര, കരിങ്കുന്നം സിസ്റ്റേഴ്‌സ് എന്നീ സിനിമകളിൽ സഹസംവിധാനം നിർവഹിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പ്രിൻസ് സംവിധാനരംഗത്ത് തുടക്കമിടുന്നത്. മലയാളസിനിമാലോകത്തിന് പ്രശസ്തരായ നിരവധി കലാകാരന്മാരെ സംഭാവന ചെയ്ത കണ്ണൂരിൽനിന്ന് മകന്റെ അരങ്ങേറ്റം ഉന്നതിയിലെത്തുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കളായ ജോയിയും ഗ്രേസിയും സഹോദരി അനുപ്രിയ ജോയിയും.  പ്രിൻസ് കലാരംഗത്താണെങ്കിൽ സഹോദരി അനുപ്രിയ കായികരംഗത്താണ് മികവ് കാട്ടിയത്.
200 മീറ്റർ ഓട്ടത്തിൽ സംസ്ഥാനതലത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ അനുപ്രിയ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ യൂണിവേഴ്‌സിറ്റി കോളേജിൽ ബി.പി.എഡ്‌. ഒന്നാം വർഷ വിദ്യാർഥിനിയാണ്. സംവിധാനരംഗത്തേക്കുള്ള തന്റെ പ്രവേശത്തിന് മുഴുവൻ മലയാളികളുടെയും അനുഗ്രഹമുണ്ടാകണമെന്നാണ് പ്രിൻസിന്റെ അഭ്യർഥനയും പ്രാർഥനയും.