പതഞ്ഞൊഴുകുന്ന തെളിനീർ പാറകളിൽ തട്ടിത്തെറിച്ച് ഒഴുകിവരുന്ന മനംകുളിർക്കുന്ന കാഴ്ച. കൂട്ടിന് മഞ്ഞുപുതച്ചു കിടക്കുന്ന ചുരം റോഡ്. നിടുംപൊയിലിൽനിന്ന് പെരിയ ചുരം വഴി സഞ്ചരിക്കുമ്പോൾ 24-ാംമൈലിൽ ആരും വാഹനം ഒന്നുനിർത്തിപ്പോകും.
തൊട്ടടുത്ത ചായക്കടയിൽനിന്ന് ഒരു ചൂട് കട്ടനും വാങ്ങി വെള്ളച്ചാട്ടം ആസ്വദിക്കും. ഏലപ്പീടിക വെള്ളച്ചാട്ടം എന്നാണീ തെളിനീരൊഴുക്കിന്റെ പേര്. റോഡിനു വശത്തായി സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിൽ നിരവധി യാത്രക്കാരാണ് കാഴ്ചകൾ ആസ്വദിക്കാനെത്തുന്നത്. മഴക്കാലത്തു മാത്രമല്ല വേനലിലും വറ്റാതെ നീരൊഴുകുന്നുണ്ട് ഇവിടെ. രണ്ടു തട്ടുകളായാണ് വെള്ളം ഒഴുകിയെത്തുന്നത്. ഇതിൽ രണ്ടാമത്തെ തട്ടാണ് കൂടുതൽ വശ്യമനോഹരം.
 ഇതിനു തൊട്ടടുത്തുള്ള വളവിൽനിന്ന്‌ അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഏലപ്പീടികയുടെ ചാരുത ആസ്വദിക്കാം.
സമുദ്രനിരപ്പിൽനിന്ന്‌ 1000  അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം പുൽമേടുകളും മലഞ്ചെരിവുകളും നിറഞ്ഞ് മനോഹരമാണ്.  ഇളംകാറ്റും പ്രകൃതിഭംഗിയും ആസ്വദിക്കാൻ നിരവധിയാളുകൾ എത്തുന്നു.