മുതലക്കുളത്തെ മുതലയെപ്പോലെയാണിന്ന് കാപ്പിമലയിലെ കാപ്പിത്തോട്ടം. പി.ആർ.രാമവർമ രാജായുടെ സ്വപ്നപദ്ധതിയായിരുന്ന കോളിയാട്ട് എസ്റ്റേറ്റ്സിന്റെ ഭാഗമായിരുന്ന അമ്പിളി കോഫി എസ്റ്റേറ്റ് ഇന്ന് നാശത്തിന്റെ വക്കിലാണ്. കാപ്പിത്തോട്ടത്തിൽ കാപ്പിച്ചെടി കാടുകയറിയും സംരക്ഷണമില്ലാതെയും നശിച്ചു.
പൈതൽമലയുടെ താഴ്വരയിലെ വിസ്തൃതമായ നിരപ്പാണ് കാപ്പിമലയെന്ന വിജയഗിരി. റോഡ്‌  അവസാനിക്കുന്നിടത്താണ് ടൗൺ.
2005-ൽ സർക്കാർ ഏറ്റെടുത്തതുമുതൽ സംരക്ഷണമില്ലാതെ കാപ്പിത്തോട്ടം നശിക്കുകയാണ്‌. വൻ മരങ്ങൾക്കിടയിൽ കാടുനിറഞ്ഞ് ആർക്കും കയറിച്ചെല്ലാനാവാത്ത നിലയാണിന്നിവിടം. രാജവെമ്പാലയുൾപ്പെടെയുള്ള വിഷസർപ്പങ്ങളും കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങളും വിഹരിക്കുകയാണ്‌.
ആദിവാസിക്ഷേമപദ്ധതികൾക്കും മറ്റു വികസനപദ്ധതികൾക്കും ഭൂമി ലഭ്യമാക്കാമെന്ന് പറഞ്ഞാണ് കാപ്പിത്തോട്ടം വിതരണംചെയ്യാതെ മാറ്റിയിട്ടത്‌.
ഇപ്പോൾ അത് ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുകയാണ്.    മഞ്ഞപ്പുല്ല് വഴി പൈതൽമലയിലേക്കും മൂരിക്കടവിലേക്കും പുവഞ്ചാൽ മെക്കാഡം റോഡിലേക്കുമുള്ള ജങ്‌ഷനാണ് കാപ്പിത്തോട്ടത്തോട് ചേർന്ന കാപ്പിമല ടൗൺ.
വിജയഗിരി ഗവ. യു.പി. സ്കൂൾ, പള്ളി, വായനശാല, പാൽസൊസൈറ്റി തുടങ്ങിയവയും കാപ്പിമല ടൗണിലാണ്. വിനോദസഞ്ചാരികൾ ധാരാളമായി കാപ്പിമലയിൽ എത്തുന്നുണ്ട്‌.
വനത്തിന്റെ തനിമ നിലനിർത്തി ചെറിയ കോട്ടേജുകൾ ഉണ്ടാക്കിയാൽ സഞ്ചാരികൾ ക്ക് താമസസൗകര്യം ഒരുക്കാവുന്നതാണ്. പ്രസിദ്ധ തീർഥാടന കേന്ദ്രമായ ചീക്കാട് ഉണ്ണീശോ പള്ളി,
ആലക്കോട് അരങ്ങം മഹാദേവക്ഷേത്രം എന്നിവിടങ്ങളിൽ പോകുന്നവർക്കും
ഇത്തരം കോട്ടേജുകൾ ഉപകരിക്കും.