പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പതിവുതെറ്റാതെ പയ്യന്നൂർ കേളോത്തെ മുസ്‌ലിം തറവാട്ടുകാർ തിരുവോണദിനത്തിൽ പഞ്ചസാരക്കലം സമർപ്പിച്ചു.  
ക്ഷേത്രത്തിലെ പുത്തരിദിനത്തിൽ  ഉച്ചപ്പൂജയ്ക്കുള്ള വിശേഷനിവേദ്യമായ ആഗ്രായണവും പാൽപ്പായസവും തയ്യാറാക്കുന്നത് കേളോത്തെ തറവാട്ടിൽനിന്നെത്തിക്കുന്ന പഞ്ചസാര ഉപയോഗിച്ചാണ്.
മതമൈത്രിയുടെയും പരസ്പര സൗഹാർദത്തി​െന്റയും പാരമ്പര്യ സ്മൃതികൾ ഉണർത്തിക്കൊണ്ടാണ് വർഷങ്ങളായി ഈ ആചാരം തുടരുന്നത്. കേളോത്ത് തറവാട്ടിലെ കാരണവരാണ് പഞ്ചസാരക്കലം ക്ഷേത്രത്തിലെത്തിക്കുന്നത്.
ക്ഷേത്രത്തിൽ പുത്തരി നിശ്ചയിച്ചാൽ ക്ഷേത്ര കണക്കപ്പിള്ളയും അധികാരികളും കേളോത്ത് തറവാട്ടിലെത്തി തീയതി അറിയിക്കുകയാണ് ചെയ്യുന്നത്.
കാരണവരായ എഴുപത്തിമൂന്നുകാരൻ മൂസ ഹാജിയുടെ നേതൃത്വത്തിലാണ് ബുധനാഴ്ച പഞ്ചസാരക്കലം ക്ഷേത്രത്തിലെത്തിച്ചത്. അനന്തരവന്മാരായ കെ.സി.സലാം, കെ.ഷുക്കൂർ, കെ.റഷീദ്, കെ.സിദ്ദിഖ്, കെ.ഷാഹി എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
രാവിലെ ഒൻപതുമണിയോടെ ക്ഷേത്രത്തിലെത്തിയ ഇവരെ ഭാരവാഹികൾ  സ്വീകരിച്ചു. ബലിക്കല്ലിനുമുന്നിൽ സംഘം പഞ്ചസാരക്കലം സമർപ്പിച്ചു. ക്ഷേത്രത്തിൽനിന്ന് ഒരുകുല പഴം, പച്ചക്കായ, ആറിടങ്ങഴി അരി എന്നീ സാധനങ്ങൾ കേളോത്ത് തറവാട്ടുകാർക്ക് നൽകി.
ഭക്തർക്ക് വിശേഷപ്പെട്ടതാണ് പുത്തരിദിവസം പുതിയ അരിചേർത്ത് പെരുമാളിന് നിവേദിക്കുന്ന ആഗ്രായണം. പഴം, ശർക്കര, പഞ്ചസാര, കുരുമുളക്,
പുത്തരിച്ചുണ്ടങ്ങ, വെണ്ണ, തൈര്, ചിരവിയ തേങ്ങ, തവരയില, തേൻ, നെയ് എന്നിവ ചേർത്താണ് ആഗ്രായണം തയ്യാറാക്കുന്നത്.  
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽനിന്നും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്കുള്ള തിരുവുടയാട
സമർപ്പണവും തിരുവോണദിവസം നടന്നു.