ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസിനോട്ടുകൾ പിൻവലിച്ചിട്ട്‌ മൂന്നുവർഷം കഴിഞ്ഞിരിക്കുന്നു. രാജ്യത്ത്‌ പ്രചാരത്തിലുണ്ടായിരുന്ന കറൻസിയുടെ 86 ശതമാനമാണ്‌ (15.41 ലക്ഷം കോടി) ഒരു രാത്രി അസാധുവാക്കപ്പെട്ടത്‌. അസാധുവാക്കപ്പെട്ട നോട്ടിന്റെ കെട്ടുകൾ റിസർവ്‌ ബാങ്ക്‌ ശാഖകളിൽ കുന്നുകൂടി. പഴയ കറൻസി നോട്ടുകൾ റിസർവ് ബാങ്ക് മുമ്പ് കത്തിച്ചുകളയുകയായിരുന്നു.

കോടാനുകോടി രൂപയുടെ നോട്ടുകൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന അന്തരീക്ഷമലിനീകരണത്തെക്കുറിച്ച് റിസർവ് ബാങ്ക് ചിന്തിച്ചുതുടങ്ങിയത് അടുത്ത കാലത്താണ്. അങ്ങനെ, വിപണിയിൽനിന്ന് തിരിച്ചെടുക്കുന്ന നോട്ടുകൾകൊണ്ട് മറ്റെന്തെങ്കിലും ചെയ്യാനാകുമോ എന്ന ചോദ്യവുമായി അവർ വളപട്ടണം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സിലുമെത്തി. ഹാർഡ്‌ബോർഡും സോഫ്റ്റ്‌ബോർഡും ഉൾപ്പെടെ മരവ്യവസായത്തിന്റെ എല്ലാ സാധ്യതകളെക്കുറിച്ചും തൊഴിലാളികൾക്കൊപ്പംനിന്ന് പഠിച്ചെടുത്ത് പയറ്റുന്ന മാനേജിങ് ഡയറക്ടർ മായൻ മുഹമ്മദ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. ഇന്ത്യൻ രുപയുടെ മൂല്യം വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സിന്റെ ഉത്പന്നങ്ങളുടെ മൂല്യത്തിൽ ലയിപ്പിക്കാനുള്ള വഴിതുറന്നത് അങ്ങനെയാണ്. കത്തിച്ചുകളഞ്ഞിരുന്ന പഴയ കറൻസിനോട്ടുകൾകൊണ്ട് കട്ടികൂടിയ ഹാർഡ് ബോർഡ് പാളികൾ ഉണ്ടാക്കുകയാണ് ഇന്ന്‌ അവർ.

നിലവിൽ മാസത്തിൽ മൂന്ന് ട്രക്ക് ലോഡ് നുറുക്കുനോട്ടാണ് വളപട്ടണത്ത് എത്തുന്നത്. ഓരോ ലോഡും പത്ത് ടൺ വീതമാണ് കനം. പണംപോയി പവർ വരട്ടെ എന്നൊക്കെ പറയാറില്ലേ? വിപണിയിൽനിന്ന്‌ പോയ പണത്തിന്റെ ‘പവർ’ ഇന്ന്‌ ഹാർഡ്‌ ബോർഡിൽ നിറയുകയാണ്‌.

പൾപ്പിൽ പഴയ പണം ചേരുേന്പാൾ
ഫാക്ടറിയിലെ ഹാർഡ്‌ബോർഡ് പൾപ്പിൽ പഴയ രൂപ അരച്ചുചേർത്ത് പരീക്ഷണം തുടങ്ങി. അങ്ങനെ മരം പൊടിച്ച് പുഴുങ്ങി അരച്ചുണ്ടാക്കുന്ന പൾപ്പിൽ രൂപയുടെ കരുത്തും ചേർന്നു. പരീക്ഷണം വിജയമാണെന്ന് തെളിഞ്ഞു. പഴയ കറൻസിനോട്ടുകൾ ചേർക്കുമ്പോൾ ഹാർഡ് ബോർഡിന് ഉറപ്പും മൂല്യവും കൂടുന്നതായി കണ്ടെത്തി. ഒടുവിൽ പൾപ്പിൽ അഞ്ചുശതമാനം രൂപ ചേർക്കാൻ തീരുമാനമായി.
ചാരവും പുകയുമായി മാറിക്കൊണ്ടിരുന്ന പഴയ നോട്ടുകളുടെ ശക്തിയും മൂല്യവും അന്നുമുതൽ വെസ്റ്റേൺ ഇന്ത്യയുടെ ഹാർഡ്‌ ബോർഡുകളിലും അതുപയോഗിച്ചുണ്ടാക്കുന്ന മറ്റുത്പന്നങ്ങളിലും നിറഞ്ഞുതുടങ്ങി. പഴയ നോട്ട് ചേർത്ത് പുതിയ ഉത്പന്നമുണ്ടാക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് വളപട്ടണത്തെ വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സ് എന്ന് ജനറൽ മാനേജർ (പ്രൊഡക്‌ഷൻ) പി.എം.സുധാകരൻ നായർ പറയുന്നു. രണ്ടരക്കൊല്ലമായി അവരുടെ ഉത്പന്നങ്ങളിൽ രൂപയുടെ 'മൂല്യം’ കരുത്തുകാട്ടിത്തുടങ്ങിയിട്ട്.

നോട്ടെത്തുന്നത്‌ കട്ടരൂപത്തിൽ
നോട്ട്‌ നിരോധനകാലത്ത്‌ റിസർവ്‌ ബാങ്കിൽനിന്ന്‌ ധാരാളം ലോഡ്‌ എത്തിയിരുന്നു. ഇപ്പോൾ അതിന്റെ അളവ്‌ കുറഞ്ഞു. വിപണിൽനിന്ന് പിൻവലിച്ച നോട്ടുകൾ അങ്ങനെത്തന്നെ കെട്ടി ചാക്കിലാക്കിയാണ് വളപട്ടണത്തേക്ക് എത്തിക്കുന്നത് എന്ന് ആരും ചിന്തിക്കേണ്ട. ഓരോ നോട്ടും തലങ്ങും വിലങ്ങും മുറിച്ച് തറിച്ച് നൂൽപരുവമാക്കി ബ്രിക്കറ്റ് (കട്ട) രൂപത്തിലാണ് എത്തിക്കുന്നത്. കാഴ്ചയ്ക്ക്‌ അതൊരു പക്ഷിക്കൂട്‌ പോലെയുണ്ടാകും.

നിലവിൽ വിനിമയത്തിലുള്ള അഞ്ച്, 10, 50, 100 രൂപ നോട്ടുകളിൽ മുഷിഞ്ഞവയും കീറിയവയും വിപണിയിൽനിന്ന് പിൻവലിച്ച് ഇത്തരത്തിൽ നുറുക്കി മാറ്റുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് ചാക്കുകളിലാണ് ബ്രിക്കറ്റുകളെത്തിക്കുന്നത്. ബ്രിക്കറ്റുകൾ തോന്നുംപോലെ ഉപയോഗിക്കാമെന്നൊന്നും കരുതേണ്ട. ഓരോ ലോഡിലുമെത്തിയവ ഉപയോഗിച്ചതിന്റെ വിശദീകരണക്കുറിപ്പ് കമ്പനി റിസർവ് ബാങ്കിന് എല്ലാ മാസവും നൽകണം.

ബോർഡിലെ വെള്ളിത്തിളക്കം
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി പിൻവലിച്ച നാളുകളിലാണ് വളപട്ടണത്തേക്ക് ഏറ്റവുമധികം നോട്ടുലോഡ് എത്തിയത്. നോട്ടിന്റെ നാരുകൾ പൾപ്പിൽ ചേരുന്നതോടെ ഹാർഡ് ബോർഡിന്റെ ശക്തി കൂടും. അതുകൊണ്ട് നോട്ട് ചേർത്താൽ ഗുണമല്ലാതെ ദോഷമൊന്നുമില്ല.

  വേറൊരു കാര്യം കൂടിയുണ്ട്. നോട്ടുകളിലെ വെള്ളിനൂലാണ് അതിനുപിന്നിൽ. വെസ്റ്റേൺ ഇന്ത്യയിൽ നിന്നുള്ള ഹാർഡ് ബോർഡ് നല്ല വെളിച്ചത്ത് ചെരിച്ചുപിടിച്ച് നോക്കണം. അതിൽ പലയിടത്തായി വെള്ളിത്തിളക്കം കാണാനാകും. നോട്ടിൽനിന്നെത്തിയ വെള്ളിനൂലിന്റെ സാന്നിധ്യമാണ് അത് വെളിപ്പെടുത്തുന്നത്.

കടലാസല്ല, പരുത്തി
കറൻസിയെന്നാൽ കടലാസാണ് എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. നോട്ടടിക്കുന്ന കടലാസ് എന്നാണ് ചിലർ പറയാറുള്ളത്. എന്നാൽ, അസ്സൽ പരുത്തിയുടെ പൾപ്പുകൊണ്ടാണ് നമ്മുടെ കറൻസികളെല്ലാം ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് കീശയിൽ മറന്നുവെച്ച നോട്ട് അലക്കിക്കഴിയുമ്പോൾ വെളുത്ത് ചുള്ളനാകുന്നത്.

ഒന്ന് ഇസ്തിരിയിട്ടെടുത്താൽ മതി ചുട്ടപപ്പടം പോലെയാകും അത്. ഇനിയാരും കടം ചോദിച്ചെത്തുന്നവരോട്, കൈയിൽ കടലാസിന്റെ ഒരുരൂപ നോട്ടുപോലും ഇല്ലെന്ന് പറയണ്ടട്ടോ. നോട്ട്‌ ദ്‌ പോയിന്റ്‌.