പെയിന്റിങ് തൊഴിലിനിടെ കിട്ടുന്ന ചെറിയ ഇടവേളകളിൽ ചിത്രം വരയും ശില്പനിർമാണവുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ് തായന്നൂർ രാംനിവാസിലെ കെ.ആർ.സി. എന്നെ കൊഴുന്തിൽ രാമചന്ദ്രൻ. ഒഴിവുസമയങ്ങളിൽ കൗതുകത്തിനുവേണ്ടി ചിത്രകലയിലേക്കും ശില്പനിർമാണത്തിലേക്കും ചുവടുവെച്ച കെ.ആർ.സി.ക്ക് ഇന്ന് ചിത്രകലയോട്‌ ഇഴപിരിയാനാവാത്ത പ്രണയമാണ്. ആ പ്രണയത്തിന് അർഹിക്കുന്ന അംഗീകാരവും അടുത്തിടെ കെ.ആർ.സി.യെ തേടിയെത്തി. കലാകാരന്മാരുടെ അന്തർദേശീയ സംഘടനയായ ആർട്ട് ആർട്ടിസ്റ്റ്  ആർട്ടിസ്റ്റിക് നടത്തിയ ഇന്റർനാഷണൽ പെയിന്റിങ്ങിൽ അടുത്തിടെയാണ് കെ.ആർ.സി. സ്വർണമെഡൽ നേടിയത്.

പ്രിയം റിയലിസ്റ്റിക്
കെ.ആർ.സി.യുടെ കാൻവാസിൽ ബ്രഷ് ഒഴുകിയിറങ്ങുമ്പോൾ വിരിയുന്നത് മനോഹരമായ റിയലിസ്റ്റിക് ചിത്രങ്ങളാണ്. സുന്ദരമായ പ്രകൃതിദൃശ്യങ്ങൾ, മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധം, കൗതുകമുണർത്തുന്ന കാഴ്ചകൾ...  ''മനുഷ്യന് മനസ്സിലാകാത്ത രീതിയിൽ വെറുതേ വരയും കുറിയും കോറി അതിന് ഒരു പേരുമിട്ടാൽ ചിത്രകലയാവില്ല. അവ സാധാരണക്കാർക്കുപോലും മനസ്സിലാകണം, അവർ ആസ്വദിക്കണം. ആസ്വാദകരില്ലെങ്കിൽ കലയില്ല'' -എന്തുകൊണ്ട് റിയലിസ്റ്റിക് ചിത്രങ്ങൾ വരയ്ക്കുന്നുവെന്ന ചോദ്യത്തിനുള്ള കെ.ആർ.സി.യുടെ മറുപടിയാണിത്.  ചിത്രംവര ആധികാരികമായി പഠിച്ചിട്ടില്ലെങ്കിലും റിയലിസ്റ്റിക് ചിത്രങ്ങളെ വെല്ലുന്ന രീതിയിൽ ജലച്ചായത്തിൽ വർണവിസ്മയം തീർക്കാൻ ഈ ചിത്രകാരനുള്ള പാടവം എടുത്തുപറയാതെ വയ്യ. കെ.ആർ.സി.യുടെ ചിത്രങ്ങളിൽ സ്വർണംപോലെ തിളങ്ങുന്ന സൂര്യനും ആ പ്രഭയിൽ തിളങ്ങുന്ന ജലാശയങ്ങളും കാണാം.

പ്രകൃതിയെ കാൻവാസിലേക്ക് ആവാഹിച്ച്
പ്രകൃതിയുടെ താളാത്മകതയെ തന്റെ ചായക്കൂട്ടുകളിലേക്ക് ആവാഹിക്കുന്ന ചിത്രകാരനാണ് കെ.ആർ.സി.  ഓരോ ചിത്രത്തിലും പ്രകൃതിയോടുള്ള ആ അടുപ്പം അത്രയ്ക്ക് നിഴലിച്ചിട്ടുണ്ട്. അടുത്തിടെ കെ.ആർ.സി.യുടെ കാൻവാസിൽ വിരിഞ്ഞ ശിവതാണ്ഡവവും കൃഷ്ണന്റെയും പാർവതിയുടെയും ആനന്ദനൃത്തവുമൊക്കെ പ്രകൃതിയോട് വല്ലാതെ അടുത്തുനിൽക്കുന്നു.  

പ്രകൃതിസംരക്ഷണസന്ദേശം പകർന്ന് 18-ഓളം പരിസ്ഥിതി തീർഥയാത്രകളും കെ.ആർ.സി.യും കൂട്ടുകാരും നടത്തിയിട്ടുണ്ട്. കാസർകോട് മുതൽ കന്യാകുമാരി വരെയും കന്യാകുമാരി മുതൽ കശ്മീർ വരെയും നടത്തിയ പരിസ്ഥിതിസംരക്ഷണയാത്രകൾ കൂട്ടായ്മയിലൂടെയായിരുന്നെങ്കിൽ ഡൽഹി, ജയ്‌പുർ യാത്രകൾ കെ.ആർ.സി. ഒറ്റയ്ക്കായിരുന്നു.

പോകുംവഴി പരിസ്ഥിതിക്ക് ആഘാതമാകുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവിടെ ചിത്രംവരച്ച് പ്രതിഷേധിക്കും. വഴിയോരങ്ങളിൽ മരങ്ങൾ നടും. വിത്തുകൾ വിതരണം ചെയ്യും. പിന്നെ ആളുകളോട് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് സംസാരിക്കും. പ്രകൃതിയുടെ ചിത്രകാരന്  പ്രകൃതിയോളം വിശാലമായ കാൻവാസ് മറ്റൊന്നുമില്ലെന്നാണ് കെ.ആർ.സി.യുടെ പക്ഷം.

ശില്പങ്ങൾ
ചിത്രം വരയ്ക്കുന്നതിനുപുറമെ ശില്പനിർമാണവും കെ.
ആർ.സി.യുടെ ഇഷ്ടമേഖലയാണ്. തുടക്കമാവട്ടെ സ്വന്തം അർധകായ ശില്പം നിർമിച്ചും. കോൺക്രീറ്റിലായിരുന്നു ആദ്യമൊക്കെ ശില്പനിർമാണം.
പിന്നീട് കളിമണ്ണിലേക്കും മരത്തിലേക്കും പൂഴിയിലേക്കും വേരുകളിലേക്കും മരപ്പൊടിയിലേക്കുമൊക്കെ  മാറി. ഗണപതിയും പറശ്ശിനി മുത്തപ്പനും ശ്രീകൃഷ്ണനും സരസ്വതിയും ലക്ഷ്മിയും യേശുദേവനും ബുദ്ധനും ഗാന്ധിയുമൊക്കെ കെ.ആർ.സി.യുടെ കരവേലയിൽ പിറന്നു.
കെ.ആർ.സി.യുടെ  ചിത്രങ്ങളുടെയും ശില്പങ്ങളുടെയുമൊക്കെ വിധികർത്താക്കൾ ഭാര്യ ഗീതയും മകൻ അഭിജിത്തുമാണ്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി േപ്രാത്സാഹിപ്പിക്കുന്നതിന്‌ കാഞ്ഞങ്ങാട്ട് പരിശീലനകേന്ദ്രം തുടങ്ങിയിട്ടുണ്ട് കെ.ആർ.സി. ഒപ്പം ചിത്രംവരയിലും ശില്പനിർമാണത്തിലുമൊക്കെ  ആവശ്യമുള്ളവർക്ക് പരിശീലനം നൽകുകയും ചെയ്യുന്നു.