പ്രകൃതിചൂഷണത്തിനെതിരെ നിറങ്ങൾ കൊണ്ട്‌ നിരന്തരം മുറവിളി കൂട്ടുകയാണ്‌ കണ്ണപുരം കീഴറ സ്വദേശി ധനരാജ്‌. അധികാരികൾക്കുമുന്നിൽ അത്‌ വർണങ്ങൾ ചാലിച്ച നിവേദനങ്ങളാണ്‌. മാടായി പ്പാറയിൽ നടക്കുന്ന പ്രകൃതിചൂഷണം വരയിലൂടെയും ചിത്രകാരൻമാരുടെ കൂട്ടായ്മയിലൂടെയും ഏകാംഗസമരത്തിലൂടെയും ജനശ്രദ്ധയിലെത്തിക്കാൻ  ധനരാജും രംഗത്തുണ്ടായിരുന്നു.
സ്കൂൾ പഠനകാലത്തുതന്നെ ചിത്രരചനയിൽ മിടുക്കനായിരുന്നു ധനരാജ്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം കണ്ണൂരിലെ ഗീതാഞ്ജലി ചിത്രകലാ കോളേജിൽനിന്ന്‌ ഫൈൻ ആർട്സിൽ ഡിപ്ലോമ നേടി. 1991-ൽ ചിത്രകലയിൽ കൂടുതൽ സാധ്യതകളും ജോലിയും തേടി ബെംഗളൂരുവിലേക്ക് ചേക്കേറി. പരിസ്ഥിതിസംരക്ഷണ സംഘടനകളുമായുള്ള ബന്ധം അന്നും ധനരാജ്‌ തുടർന്നു.
2001 മുതൽ ക്രിസ്റ്റൽ ഹൗസ് ഇന്ത്യ എന്ന ഇന്റർനാഷണൽ സ്കൂളിലെ ചിത്രകലാ അധ്യാപകനായും വിഷ്വൽ മീഡിയ ഡിപ്പാർട്ട്മെന്റിന്റെ തലവനായും പ്രവർത്തിച്ചു.
1986-99 കാലയളവിൽ കേരളത്തിലും ബെംഗളൂരിലും ഊട്ടിയിലുമായി നിരവധി പ്രദർശനങ്ങളും ആർട്ട് വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. 1993-ൽ ചെറുകുന്ന്, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായി തെയ്യത്തിന്റെ പുരാവൃത്തത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രപ്രദർശന കൂട്ടായ്മയിലൂടെയാണ് ധനരാജ് കലാജീവിതത്തിൽ സജീവമായത്.
പരിസ്ഥിതി പ്രതിരോധസമരങ്ങളിൽ മുൻപന്തിയിലുള്ള പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് സമർപ്പിച്ചുകൊണ്ടുള്ള ധനരാജിന്റെ 'സുഗത' എന്നശില്പം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2016-ൽ തന്റെ നാട്ടുകാരായ കലാകാരൻമാരെ അണിനിരത്തി കണ്ണപുരം പഞ്ചായത്തിലെ മീൻചന്തയിൽ ധനരാജ്‌ ഒരുക്കിയ കഥ പറയുന്ന ചിത്രത്തൂണുകൾ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.
വിഷ്വൽ മീഡിയ ടീച്ചർ എന്ന നിലയിൽ ഇന്ത്യയിലും വിദേശത്തും കുട്ടികൾക്കായുള്ള നിരവധി ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്‌ ധനരാജ്‌. യു.എസിൽ നടന്ന പരിപാടിയിൽ ക്രീയേറ്റീവ്‌ എഡ്യുക്കേറ്റർ പുരസ്കാരവും നേടിയിട്ടുണ്ട്‌.
കീഴറയിലെ സി.മാധവൻ നമ്പ്യാർ-തങ്കമണി ദമ്പതിമാരുടെ മകനാണ് ധനരാജ് കീഴറ. എം.സി.നിഷയാണ് ഭാര്യ. സിദ്ധാർഥ, തേജസ്വിനി എന്നിവർ മക്കളും.