2015 ജുലായിലാണ് നെബ്രാസ്ക സിറ്റിയിലെ ഒമാഹ സിറ്റിയിൽ സൗമി എത്തുന്നത്. നെബ്രാസ്ക യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനായിരുന്നു അത്.  2016 നവംബറിൽ ലാബിലെത്തി. എച്ച്.ഐ.വി.ക്കു പൂർണമായ ചികിത്സയെന്നതാണ് ലക്ഷ്യം. എയ്ഡ്‌സുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ മോഡൽ തയ്യാറാക്കുകയാണ് തന്റെ പ്രവർത്തനം. മനുഷ്യനെ ആക്രമിക്കുന്ന രോഗാണുക്കൾക്കെതിരെയാണ് പ്രവർത്തനം. ലേസർ ആർട്ടുമായി ചേർന്നുള്ള മരുന്നുപ്രയോഗമാണ് നടത്തിയത്. അതിന്റെ പ്രവർത്തനം 100 ശതമാനം വിജയത്തിലെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന്‌ സൗമി പറയുന്നു.

അതിനുശേഷം നാട്ടിലെ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്യണമെന്നാണ് സൗമിയുടെ ആഗ്രഹം. രാവിലെ ഒൻപതു മുതൽ വൈകീട്ട് ആറുവരെയാണ് അമേരിക്കയിലെ ജോലിസമയം. ഏതു ജോലിയും ആത്മാർഥതയോടെ ചെയ്താൽ അതിന്റെ പ്രതിഫലം എപ്പോഴായാലും കിട്ടും. തടസ്സങ്ങളുണ്ടാവാം. പ്രതിബന്ധങ്ങൾ മുന്നിൽ വരാം. പ​​േക്ഷ തളരരുത് എന്നാണ് ഈ ഗവേഷകയ്ക്ക്‌ പറയാനുള്ളത്.  

'ഓമന' എന്ന മലയാളിക്കൂട്ടത്തിനു നടുവിലാണ് സൗമിയുള്ളത്. ഓമന എന്നാൽ ഒമാഹ മലയാളി അസോസിയേഷൻ എന്നാണ് അർഥം. മലയാളി ആഘോഷങ്ങൾ ഒന്നും മുടക്കാറില്ല. മലയാളി ഭക്ഷണവും കളയാറില്ലെന്ന് സൗമി പറഞ്ഞു. ഒഴിവുസമയങ്ങൾ കിട്ടാറില്ലെങ്കിലും കിട്ടുന്ന സമയം വായനയാണ് ഇഷ്ടം. സിനിമ കാണാറുണ്ട്.

ബയോടെക്‌നോളജിയിൽ ബിരുദം നേടി തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് പോയതെന്ന് സൗമി പറഞ്ഞു. എം.എഫിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ടി.വി.കുമാരി എന്ന സയന്റിസ്റ്റിന്റെ കീഴിൽ പഠനം പൂർത്തിയാക്കി. പിന്നീട് മധുരൈ കാമരാജ് സർവകലാശാലയ്ക്കു കീഴിലെ അരവിന്ദ് മെഡിക്കൽ റിസർച്ച് ഫൗണ്ടേഷനിലേക്ക്. അവിടെ നിന്നാണ് പി.എച്ച്ഡി. എടുത്തത്. ബയോ മെഡിക്കൽ സയൻസസായിരുന്നു വിഷയം. ഗൗരിപ്രിയ ചിദംബരനാഥൻ, വി.ആർ.മുത്തുക്കറുപ്പൻ എന്നിവരായിരുന്നു ഗൈഡ്.

തൃശ്ശൂർ വെസ്റ്റ് മാങ്ങാട്ടെ സി.ടി.കൊച്ചുമാത്യുവിന്റെയും സൽമ മാത്യുവിന്റെയും മകളാണ് 31 കാരിയായ ഡോ.സൗമി. സിമി മാത്യുസ്, സുമിത് മാത്യുസ് എന്നിവരാണ് സഹോദരങ്ങൾ.

വഴിത്തിരിവ്
എലികളിൽ നടത്തിയ പരീക്ഷണത്തിൽ എയ്ഡ്‌സിന് കാരണമാകുന്ന വൈറസായ എച്ച്‌.ഐ.വി.യെ ജീവിയുടെ ജനിതകഘടനയിൽനിന്ന്‌ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് സൗമി അടങ്ങുന്ന അമേരിക്കൻ ഗവേഷണസംഘം കണ്ടെത്തിയത്. മനുഷ്യരിൽ പ്രവേശിക്കുന്ന എയ്ഡ്‌സ് വൈറസിനെ പൂർണമായും നശിപ്പിക്കാൻ സാധിക്കുമെന്ന ഗവേഷണഫലം ഭാവിയിലെ സുപ്രധാന വഴിത്തിരിവായിരിക്കും.

ഡോ. കമൽ ഖലീലിന്റെ നേതൃത്വത്തിലുള്ള ഗവേഷണഫലം അമേരിക്കയിലെ നേച്ചർ കമ്യൂണിക്കേഷൻ ജേർണലിലാണ്  പ്രസിദ്ധീകരിച്ചത്.  മനുഷ്യരിൽ ക്ലിനിക്കൽ പഠനം നടത്തിയതിനുശേഷം മാത്രമേ ഇതിന്റെ ഫലം ലഭിക്കൂ.

 ഇതിന് സമയവും ഫണ്ടും ആവശ്യമാണെന്ന് ഡോ. ഹോവാർഡ് ജെണ്ചൽമാൻ പറഞ്ഞു. ചികിത്സ പൂർണമാകുന്നതോടെ രോഗികൾക്ക് ഗുളികകൾ എല്ലാം ഒഴിവാക്കാം. പിന്നീട് രണ്ടു പ്രത്യേക കുത്തിവെപ്പ്‌ മാത്രമെടുത്ത് പൂർണ സുഖം പ്രാപിക്കാം. ഈ പരീക്ഷണം മൂലമുള്ള ചികിത്സാരീതി പൊതുജനങ്ങളിൽ എത്താൻ ഏതാനും വർഷങ്ങൾകൂടി കാത്തിരിക്കേണ്ടിവരുമെന്ന് ഗവേഷകസംഘം പറയുന്നു.

സൗമ്യയായ സൗമി
തളിപ്പറമ്പ് സർസയ്യിദ് കോളേജിൽ യു.ജി.സി. ആഡ് ഓൺ കോഴ്‌സ് എന്ന നിലയിലാണ് ബയോടെക്‌നോളജി കോഴ്‌സ് തുടങ്ങിയതെന്ന് വകുപ്പ്‌ മേധാവിയായിരുന്ന ഡോ. ഖലീൽ ചൊവ്വ പറഞ്ഞു. അഞ്ചുവർഷത്തേക്കുമാത്രം അനുവദിക്കപ്പെട്ട കോഴ്‌സിലേക്ക് പ്ലസ്ടുവിൽ ഏറ്റവും മികച്ച വിജയം നേടിയ വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. ആ കൂട്ടത്തിൽ തൃശ്ശൂരിൽനിന്നെത്തിയ  പ്രതിഭാധനയായ വിദ്യാർഥിനിയായിരുന്നു സൗമി മാത്യൂസ്.
പ്രാക്ടിക്കൽ ക്ലാസുകളിൽ തന്റേതായ മികവു തെളിയിക്കാൻ സൗമിക്ക് കഴിഞ്ഞിരുന്നു. ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ സൗമി അടക്കമുള്ളവർക്ക് തുണയായി. കോളേജിൽ ആദ്യമായി ഒരു പോതു എക്സിബിഷൻ നടത്തിയത് ബയോടെക്‌നോളജി വകുപ്പായിരുന്നു. സംഘാടനത്തിലും ജൈവ സാങ്കേതികവിദ്യ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിലും സൗമി മുൻനിരയിലായിരുന്നുവെന്ന്‌ ഖലീൽ ചൊവ്വ പറഞ്ഞു.
ഡോ. ഹംസ, ആർ.ഡി.രജനി, ലത, ഉമർ ഫാറൂഖ്, നിസാമുദ്ദീൻ, ഐഡ തുടങ്ങിയവരായിരുന്നു സൗമിയുടെ മറ്റ്‌ അധ്യാപകർ.