ഉദുമ കേന്ദ്രമാക്കി 1999-ലാണ്‌ വനിതാ സഹകരണസംഘം പ്രവർത്തനം തുടങ്ങിയത്‌. സംഘത്തിൽ ഇന്ന് 4500-ഓളം അംഗങ്ങളുണ്ട്. മുഖ്യ ഓഫീസ് സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പാലക്കുന്ന്, മങ്ങാട് എന്നിവിടങ്ങൾക്കു പുറമെ ഉദുമയിൽ സായാഹ്നശാഖയുമുണ്ട്. 24 കോടി നിക്ഷേപവും 20 കോടി വായ്പാ ബാക്കിനില്പുമുള്ള ലാഭമുള്ള സ്ഥാപനമാണ് ഇന്ന്‌ ഉദുമ വനിതാ സഹകരണ സംഘം.

വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള സംഘം ഇന്ന്‌ പാചകം, കൃഷി, വ്യാപാരം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്‌. അതിനുള്ള അംഗീകാരമായാണ്‌ സംസ്ഥാനത്തെ ഏറ്റവും മികച്ച വനിതാ സഹകരണ സംഘത്തിനുള്ള സഹകരണ വകുപ്പിന്റെ അവാർഡ്‌ ഉദുമ വനിതാ സഹകരണ സംഘത്തെ തേടിയെത്തിയത്‌. എറണാകുളം ടൗൺ ഹാളിൽ നടന്ന അന്തർദേശീയ സഹകരണ ദിനാചരണ ചടങ്ങിൽ  സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന്‌  സ്ഥാപനത്തിന്റെ സാരഥികൾ അവാർഡ് ഏറ്റുവാങ്ങി.

പറക്കാൻ ചിറകുകൾ
സംഘത്തിൽ അംഗങ്ങളായ 350 വനിതകൾക്ക് ചെറിയ പലിശയ്ക്ക് ഇരുചക്രവാഹന വായ്പ അനുവദിച്ചതിന്റെ പ്രതിഫലനം വലുതാണ്. ഡ്രൈവിങ് ലൈസൻസുള്ളവർക്കാണ് വായ്പ നല്കിയത്.

അടുക്കളച്ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒട്ടേറെ വനിതകൾ ഇപ്പോൾ തങ്ങളുടെ വീട്ടുകാരെയും കുട്ടികളെയും കൂട്ടി രാപകൽ വ്യത്യാസമില്ലാതെ വാഹനമോടിക്കുന്നു. ഓരോ ആവശ്യത്തിനും വീട്ടിലെ പുരുഷന്മാരെ ആശ്രയിച്ചിരുന്നവർക്കും സന്ധ്യ കഴിഞ്ഞാൽ പുറത്തുപോകാൻ ഭയപ്പെട്ടിരുന്ന സ്ത്രീകൾക്കും ഈ ഇരുചക്രവാഹനം നൽകിയ ആത്മവിശ്വാസം എത്രവലുതാണെന്നതിന്‌ കാലം സാക്ഷിയാണ്‌.

യുവാക്കോ കേക്ക്
സംഘത്തിലെ അംഗങ്ങൾ ഉണ്ടാക്കുന്ന യുവാക്കോ കേക്കിന്റെ സ്വാദും ഗുണമേന്മയും നാട്ടിലെങ്ങും പ്രസിദ്ധമാണ്. സംഘത്തിലെ അംഗങ്ങൾക്കായി നടത്തിയ ബേക്കിങ് ആൻഡ്‌ കാറ്ററിങ് പരിശീലനമാണ് യുവാക്കോ എന്ന പേരിലുള്ള കേക്ക് വിപണിയിലിറങ്ങാൻ ഇടയാക്കിയത്.
40 പേരാണ് പരിശീലനം നേടിയത്. ഇതിൽ ഏറെ താത്‌പര്യമുള്ള ആറു പേരെ സംഘം തിരഞ്ഞെടുത്ത് സൗകര്യം ഒരുക്കിക്കൊടുത്തു. ആവശ്യത്തിന് യന്ത്രങ്ങളുമെത്തിയതോടെ ഗുണമേന്മയുള്ള കേക്ക് വിപണിയിൽ സ്ഥാനം പിടിച്ചു.

വിപുലീകരണത്തിന്റെ ഭാഗമായി ഉദുമ നാലാംവാതുക്കലിലെ 1000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ കെട്ടിടത്തിലേക്ക് ബേക്കിങ് യൂണിറ്റ് മാറ്റാനുള്ള ജോലി അന്തിമഘട്ടത്തിലാണ്. അനിത, ജയശ്രീ, ബേബി, ബീന, പ്രമീള. റംല എന്നിവരാണ് ബേക്കിങ് യൂണിറ്റിലെ ജീവനക്കാർ.

സംഘം നടത്തുന്ന കാറ്ററിങ് യൂണിറ്റും വ്യത്യസ്തമാണ്. ഉണ്ണിയപ്പം, പത്തിരി, പെരുന്നാൾ അപ്പം തുടങ്ങിയ നാടൻ പലഹാരങ്ങളാണ് ഇവിടെ ഉത്‌പാദിപ്പിക്കുന്നത്. ബിരിയാണി അടക്കമുള്ള സദ്യയും ഇവർ ഏറ്റെടുക്കുന്നുണ്ട്‌.

ഉദുമ പഞ്ചായത്തിലെ മുഴുവൻ ഓഫീസുകളിലും ഉച്ചഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാൻ സംഘം എല്ലായിടത്തും  കത്തു നല്കിക്കഴിഞ്ഞു. അമ്മു, സുമിത എന്നിവർക്കാണ് ഈ യൂണിറ്റിന്‍റെ ചുമതല.

6000 ഗ്രോബാഗുകളിൽ പച്ചക്കറിവിപ്ലവം
സ്വന്തം ആവശ്യത്തിനെങ്കിലും വിഷരഹിത പച്ചക്കറി ഉത്‌പാദിപ്പിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെയാണ് 60 അംഗങ്ങൾക്ക് സംഘം ഗ്രോബാഗുകൾ നല്കിയത്. അതാകട്ടെ വൻ വിജയവുമായി. കൃഷിയിൽ താത്‌പര്യമുള്ള അംഗങ്ങളായ 60 വനിതകളെ തിരഞ്ഞെടുത്ത്  100 വീതം ഗ്രോബാഗുകൾ നല്കി.
വിത്ത്, വളം, ഉപദേശം തുടങ്ങി എല്ലാ കാര്യങ്ങൾക്കും സഹായവുമായി കൃഷിക്കിറങ്ങിയ വീട്ടമ്മമാർക്കൊപ്പം സംഘം നിന്നതോടെയാണ് പദ്ധതി വിജയിച്ചത്.

മാങ്ങാട്ട് തരിശുകിടന്ന 10 ഏക്കർ വയലിൽ സംഘവും മാങ്ങാട് ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയും ചേർന്ന് കഴിഞ്ഞവർഷം നടത്തിയ ജൈവ നെൽകൃഷി മികച്ച വിളവ് സമ്മാനിച്ചിരുന്നു. ഇത്തവണ 20 ഏക്കർ വയലിലേക്ക് നെൽകൃഷി വ്യാപിപ്പിക്കുന്നുണ്ട്. ബുധനാഴ്ച ഇവിടെ കൃഷിയിറക്കും. സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാനുള്ള ഇടപെടലകളും സംഘം നടത്തുന്നുണ്ട്.

യുവാക്കോ നീതി മെഡിക്കൽസ്, നീതി ബുക്സ് സ്റ്റാൾ തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കഴുത്തറുപ്പൻ പലിശക്കാരിൽനിന്ന്‌ വീട്ടമ്മമാരെ രക്ഷിക്കാൻ മുറ്റത്തെ മുല്ല, സ്കൂളുകൾക്കും വായനശാലകൾക്കും പുസ്തകങ്ങൾ സമ്മാനിക്കൽ, ഉദുമ ഗവ. സ്കൂളിന് മാലിന്യമിടാനുള്ള പെട്ടികൾ തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കിയതും അവാർഡ് നേട്ടത്തിന് കാരണമായി.

23 ജീവനക്കാരും 10 അനുബന്ധ ജീവനക്കാർക്കും പുറമെ കാർഷികവൃത്തിയിൽ നൂറോളം വനിതകൾക്കും സംഘം ഉപജീവനോപാധി നൽകുന്നുണ്ട്.
കേന്ദ്ര സെക്ര​േട്ടറിയറ്റിലെ നീതി ആയോഗ് അണ്ടർ സെക്രട്ടറി  ഗോപാല കൃഷ്ണയുടെ നേതൃത്വത്തിലുള്ള എട്ടംഗ പ്രതിനിധിസംഘം കഴിഞ്ഞമാസം ഉദുമ വനിതാസംഘം സന്ദർശിച്ചിരുന്നു.

കസ്തൂരി ബാലൻ പ്രസിഡന്റും ബി.കൈരളി സെക്രട്ടറിയുമായ 13 അംഗ ഭരണസമിതിയാണ്‌ സംഘത്തെ നിയന്ത്രിക്കുന്നത്.