കഥ പറഞ്ഞ് മലയാളികളുടെ മനസ്സിൽ ഇടംനേടാൻ കഴിയുമെന്ന ഉറച്ച വിശ്വാസമായിരുന്നു  മന്യക്ക് കൂട്ട്.
പ്ലസ്ടുവിന് പഠിക്കുമ്പോഴേക്കും ഇരുന്നൂറിലേറെ വേദികളിൽ കഥ പറയാനായി എന്നതു തന്നെ മന്യയെ സംബന്ധിച്ച് വലിയൊരു നേട്ടം തന്നെയാണ്.
പൊതുവെ സ്ത്രീകളുടെ കടന്നു വരവ് കുറഞ്ഞ കഥാപ്രസംഗരംഗത്ത് തന്റെ ശക്തമായ സാന്നിധ്യമുറപ്പിക്കാൻ ഈ കൊച്ചു കാഥികയ്ക്ക് സാധിച്ചു​െവന്നത് ഏറെ അഭിമാനകരം തന്നെയാണ്.
മലബാറിലെ കാഥിക പ്രതിഭകളുടെ ഇടയിൽ ശ്രദ്ധേയമായൊരു സ്ഥാനം ഉറപ്പിക്കാൻ ഈ കലാകാരിക്ക് സാധിച്ചിട്ടുണ്ട്.
പെരളശ്ശേരി എ.കെ.ജി. സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മന്യ.  
ഐവർകുളം ഗ്രാമീണ പാഠശാല യു.പി.സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ സബ്‌ ജില്ലാ സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടി.അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് കഥാപ്രസംഗരംഗത്തേക്ക്
കടന്നുവന്നത്.
പിലാത്തറയിലെ പരേതനായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ പരിശീലനത്തിൽ ഡോ. ആർ. സി.കരിപ്പത്തിന്റെ കഥ പറഞ്ഞുകൊണ്ട് കഥാപ്രസംഗത്തിലേക്ക് കടന്നു വന്ന് ഈ മേഖലയിൽ ശക്തമായ സാന്നിധ്യമായി.
തുടർന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി അഞ്ചു വർഷം പല ഇനങ്ങളിലായി സമ്മാനം നേടാനായി. ഇപ്പോൾ മൂന്ന് പ്രൊഫഷണൽ കഥാപ്രസംഗങ്ങളാണ് വേദിയിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യ നിഷേധിച്ചിരുന്ന ഇരുണ്ട കാലഘട്ടത്തിൽ അക്ഷരം പഠിച്ചു എന്ന കുറ്റത്തിന് ജീവൻ ബലി കഴിക്കേണ്ടി വന്ന അടിയാത്തിപ്പെണ്ണിന്റെ കഥയാണ് 'അക്ഷരതെയ്യം'.
ജാതീയതയ്ക്കെതിരെ ശക്തമായൊരു
ഓർമപ്പെടുത്തലാണ് 'കനലാട്ടം' കഥ.
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ കഥാപ്രസംഗാവിഷ്കാരമാണ് മറ്റൊന്ന്.
കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ മഹോത്സവത്തിൽ യുവ കാഥിക വിഭാഗത്തിൽ കഥാപ്രസംഗാവതരണംം നടത്തി.
കൊല്ലം ജില്ലയിലെ പാവുമ്പ ചങ്ങമ്പുഴ സാംസ്കാരികവേദി കേരളത്തിലെ ഏഴ് പ്രൊഫഷണൽ കാഥികരെ ആദരിച്ച കുട്ടത്തിൽ മലബാറിനെ പ്രതിനിധീകരിച്ച് സാംബശിവം പുരസ്കാരവും നേടി. ഇതോടുകൂടി കേരളത്തിലെ യുവ കാഥികരംഗത്ത് മന്യ ശ്രദ്ധേയയായി.
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിലും കഥ അവതരിപ്പിച്ചു.
മനോഹരൻ പാതിരിയാടും രാജ് തെരൂരുമാണ് കഥാപ്രസംഗത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നത് ചെഗുവേരയുടെ ജീവിതകഥയുമായാണ് മന്യ ഈ വർഷം വേദിയിലെത്തുന്നത്.
അച്ഛനും നാടകപ്രവർത്തകനുമായ ഉല്ലാസൻ കൂടനാണ് ഈ കഥയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
അമ്മ ശീലതയും സഹോദരൻ മുദുലും എന്നും പ്രോത്സാഹനവും പിന്തുണയുമായി മന്യക്ക് കൂട്ടിനുണ്ട്.