കണ്ണൂർ സർവകലാശാലയുടെ സിവിൽ സർവീസ് പരിശീലനകേന്ദ്രം രണ്ടാം വയസ്സിലേക്ക്. പാലയാട് കാമ്പസിലെ ആദ്യബാച്ച് പരിശീലനം പൂർത്തിയാക്കി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.
കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലുള്ളവർക്കാണ് പ്രവേശനം. 42 പേരാണ് ആദ്യവർഷം പ്രവേശനം നേടിയത്. പ്രവേശനപരീക്ഷ
നടത്തിയാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.
അടുത്ത ബാച്ചിൽ 50 പേർക്ക് പ്രവേശനം നൽകും. രണ്ടാമത്തെ ബാച്ചിന്റെ പ്രവേശനം മേയ് 15-ന് പൂർത്തിയാകും. ജൂണിൽ ക്ലാസ് തുടങ്ങും.     
   മുഖ്യമന്ത്രി പിണറായി വിജയന്റെ താത്‌പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പാലയാട് കാമ്പസിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രം തുടങ്ങിയത്.    
  തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ പ്രഗല്‌ഭരായ അധ്യാപകരാണ് ക്ലാസുകളെടുക്കുന്നത്. സിവിൽ സർവീസ് പരീക്ഷാമാതൃകയിലുള്ള ചോദ്യങ്ങൾ നിശ്ചിതസമയത്തിനകം എഴുതിത്തീർക്കുന്ന രീതിയിലുള്ള പരിശീലനങ്ങളാണ് കൂടുതലായും നൽകുന്നത്. വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്ന ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
സുസജ്ജമായ ലൈബ്രറി, വിവരസാങ്കേതിക വിദ്യയിലൂന്നിയ പഠനപരിശീലനം, നിരന്തര പരീക്ഷാമൂല്യനിർണയം എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഴ്ചയിൽ ആറുദിവസവും ക്ലാസുകളുണ്ട്. അധ്യാപകരുടെ സൗകര്യാർഥം ചില അവധി ദിനങ്ങളിലും ക്ലാസുകളുണ്ടാകാറുണ്ട്.
മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബാണ് ഉപദേശകസമിതി അധ്യക്ഷൻ.  
അഭിമുഖത്തിനുള്ള പരീശീലനവും യാത്രച്ചെലവും താമസസൗകര്യവും സ്ഥാപനം തന്നെ സൗജന്യമായി ഒരുക്കും. ബി.പി.എൽ., പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് രണ്ടുഘട്ടമായി ഫീസ് നൽകിയാൽ മതി. പട്ടികജാതി-വർഗ,ന്യൂനപക്ഷ  വിഭാഗത്തിലുമുള്ളവർക്ക് പട്ടികജാതി-വർഗ വികസന, ന്യൂനപക്ഷക്ഷേമ വകുപ്പുകൾ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. സർവകലാശാല ലൈഫ് സയൻസ് പഠനവകുപ്പിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. എ.സാബുവാണ് പരിശീലനകേന്ദ്രം ഓണററി ഡയറക്ടർ.
ഡോ. ജയദേവി വാരിയർ അഡീഷണൽ ഡയറക്ടറായും പ്രവർത്തിക്കുന്നു. രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമൂഹിക ഉത്തരവാദിത്വ നിധിയിൽ നിന്ന് രണ്ടുവർഷമായി രണ്ടുലക്ഷം രൂപ വീതം നൽകി.
പരിശീലനകേന്ദ്രത്തിനായി സ്വന്തമായി സ്ഥലം, കെട്ടിടം, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ ബജറ്റിൽ 10 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. പ്രത്യേക കാമ്പസ് നിർമാണത്തിനും സ്ഥലമേറ്റെടുക്കുന്നതിനും ഇത് ഉപയോഗിക്കും.