ആറുപതിറ്റാണ്ടുകാലം തൃക്കരിപ്പൂരിന്റെ പൊതുരംഗത്തെ സജീവ സാന്നിധ്യമായിരുന്ന  സോഷ്യലിസ്റ്റ് പി.കോരൻ മാസ്റ്ററുടെ സ്മരണയ്ക്ക് തൃക്കരിപ്പൂരിൽ കെ.എം.കെ.കലാസമിതിയിൽ വജ്രജൂബിലി ഹാൾ ഒരുങ്ങി. ഹാളിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും.
കലാസമിതിയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച ഹാളാണ് കോരൻ മാസ്റ്റർ സ്മാരക ഹാളായി മാറുന്നത്. തൃക്കരിപ്പൂരിലെ സോഷ്യലിസ്റ്റുകളുടെ സാംസ്കാരിക കേന്ദ്രമായിരുന്നു തൃക്കരിപ്പൂർ കെ.എം.കെ.സ്മാരക കലാസമിതി. ജനതാദൾ പ്രസ്ഥാനങ്ങളുടെ സംസ്ഥാനനേതാവായി പ്രവർത്തിക്കുമ്പോൾ കോരൻ മാസ്റ്ററുടെ തൃക്കരിപ്പൂരിലെ പ്രവർത്തനകേന്ദ്രംകൂടിയായിരുന്നു ഇത്. രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം വലിയൊരു സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്ന കോരൻ മാസ്റ്ററെ തേടി ഉന്നതനേതാക്കൾ എത്തിയിരുന്നതും ഇവിടെയായിരുന്നു.
വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, സാക്ഷരതാ പ്രവർത്തകർ, വിവിധ മതസ്ഥാനികർ എന്നിവർ എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ ഒത്തുചേർന്നിരുന്നു. ദീർഘകാലം കോരൻ മാസ്റ്ററുടെ സഹപ്രവർത്തകനായിരുന്ന  മന്ത്രി കെ.കൃഷ്ണൻകുട്ടിയാണ് ഞായറാഴ്ച രാവിലെ 10 മണിക്ക് ഹാൾ ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിൽ എം.രാജഗോപാലൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. എൽ.ജെ.ഡി. സംസ്ഥാന ജന. സെക്രട്ടറി ഷെയ്ക്ക് പി.ഹാരീസ് ഫോട്ടോ അനാച്ഛാദനം നടത്തും.വൈകീട്ട അഞ്ചുമണിക്ക് തൃക്കരിപ്പൂർ ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കെ.ചന്തുവേട്ടൻ നഗറിൽ നടക്കുന്ന പരിപാടിയിൽ കെ.എം.കെ.സ്മാരക കലാസമിതി വനിതാവേദിയുടെ പൂരക്കളിയും നടക്കും.രാത്രി എട്ടിനാണ് നാടകം.

51 വർഷത്തിനുശേഷം ഒരുനാടകം പുനർജനിക്കുന്നു  
കെ.എം.കെ. കലാസമിതി അറുപതാണ്ട് പിന്നിടുകയാണ്. നാട്ടരങ്ങിന്റെ വെളിച്ചത്തിൽ ഇതിനകം   നൂറിലേറെ നാടകങ്ങൾ. സ്വതന്ത്ര്യ സമരസേനാനിയും നാടകപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ കുതിരപ്പന്തി മടത്തിൽ കുഞ്ഞമ്പുവെന്ന വിപ്ലവകാരിയുടെ നാമധേയത്തിലാണ് കലാസമിതി 1953-ൽ ആദ്യനാടകമായ സഹോദരി രംഗത്തെത്തിച്ചു. അ​േതവർഷം തന്നെ കാലത്തിന്റെ മാറ്റം എന്ന നാടകവും അരങ്ങിലെത്തിച്ചു. 1950-60 കാലഘട്ടത്തിൽ നാടകരംഗത്തേക്ക് സ്ത്രീകൾ കടന്നുവരാൻ മടിച്ചിരുന്നപ്പോൾ പുരുഷന്മാരായിരുന്നു സ്ത്രീ വേഷം കെട്ടിയിരുന്നത്. കോരൻ മാസ്റ്ററടക്കമുള്ളവർ സ്ത്രീവേഷം ധരിച്ച് അരങ്ങിലെത്തിയിരുന്നു.
പിന്നീട് കലാസമിതിയിലെ വനിതാപ്രവർത്തകരായ ടി.വി.യശോദ, സി.തമ്പായി, കെ.ലക്ഷ്മി ടീച്ചർ, എം.വി.തമ്പായി എന്നിവർ ആദ്യകാല നടിമാരായി രംഗത്തെത്തിയിരുന്നു. കെ.എം.കെ.യുടെ ഖസാക്കിന്റെ ഇതിഹാസം ഏറെ ജനശ്രദ്ധ നേടിയ നാടകമായിരുന്നു.  
നാടകത്തിന്റെ ആദ്യ അവതരണകേന്ദ്രമായിരുന്ന തൃക്കരിപ്പൂർ എടാട്ടുമ്മൽ ആലുംവളപ്പിൽ എട്ടുദിവസം തുടർച്ചയായാണ് നാടകം അവതരിപ്പിച്ചത്. 1968 -ലാണ കലാസമിതി ദൈവം മരിച്ചു എന്ന നാടകം അരങ്ങിലെത്തിച്ചത്. ഈ നാടകം വീണ്ടും രംഗത്ത് അവതരിപ്പിക്കുമ്പോൾ വിശപ്പ്, ദാരിദ്ര്യം, ചൂഷണം, എന്നിവ മനുഷ്യനെ ഏതു വഴിയിലേക്ക് നയിക്കുന്നു എന്നത് ഇന്നത്തെ കാലവുമായി സംവദിക്കുന്നു.
അന്ന് ഈ നാടകം അവതരിപ്പിച്ചപ്പോൾ അഭിനയിച്ചവരും സംഘാടകരും ഇന്നില്ല. പരേതരായ കെ.ചന്തു, സി.കുഞ്ഞിക്കണ്ണൻ, ടി.വി.ദാമോദരൻ, കെ.നാരായണൻ, പി.വി.ബാലകൃഷ്ണൻ, എം.വി.ഗോവിന്ദൻ, വെണ്ണോളി നാരായണ പൊതുവാൾ തുടങ്ങിയവരാണ് എന്നിവരാണ്‌ നാടകത്തിൽ അഭിനയിച്ചിരുന്നത്.
കടവൂർ ജി.ചന്ദ്രൻ പിള്ള എഴുതിയ നാടകം തൃക്കരിപ്പൂരിലെ കെ.വി.കൃഷ്ണൻ മാസ്റ്ററാണ് സംവിധാനം ചെയ്യുന്നത്.
ഇതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയംഗം ഇ.പി.രാജഗോപാലൻ ഉദ്ഘാടനം ചെയ്യും