ജൈവരീതിയിൽ മാങ്ങയും ചക്കയും ഉൾപ്പെടെ പഴുപ്പിച്ചെടുക്കുന്നതിന് കൃഷിവകുപ്പ് അയ്യൻകുന്നിൽ സ്ഥാപിച്ച ബ്ലോക്കുതല കേന്ദ്രം നിശ്ചലമായിട്ട് ഒരു വർഷം കഴിഞ്ഞു. ആഘോഷമായി കൃഷിമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിയതല്ലാതെ കേന്ദ്രം പിന്നീട് ഒരിക്കലും പ്രവർത്തിച്ചിട്ടില്ല.

കഴിഞ്ഞവർഷം മാമ്പഴസീസൺ അവസാനിക്കാറായപ്പോഴാണ് 10 ലക്ഷം രൂപ ചെലവിൽ കൃഷിവകുപ്പ് അയ്യൻകുന്ന് പഞ്ചായത്തിലെ ചരളിൽ ജൈവരീതിയിൽ മാങ്ങ പഴുപ്പിക്കൽ കേന്ദ്രം തുടങ്ങിയത്. മാങ്ങ പഴുപ്പിക്കൽ യന്ത്രം സ്ഥാപിക്കുന്നതിനായി പ്രദേശത്തെ ഒരുവീട് വാടകയ്ക്കെടുത്താണ് സംവിധാനം ഒരുക്കിയത്. കൃഷിമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിച്ച ദിവസം ജനറേറ്റർ സഹായത്തോടെ യന്ത്രം പ്രവർത്തിപ്പിച്ച് കുറച്ച് മാങ്ങ പഴുപ്പിച്ചതല്ലാതെ പിന്നീട് ഒന്നുമുണ്ടായില്ല. കേന്ദ്രത്തിന്റെ നടത്തിപ്പിനായി അയ്യൻകുന്ന് മാംഗോസമിതി എന്നപേരിൽ സമിതിയും ഉണ്ടാക്കിയിരുന്നു.

 കേന്ദ്രത്തിലേക്ക് വൈദ്യുതി കണക്ഷനും ലഭ്യമാക്കിയെങ്കിലും വ്യാവസായികാടിസ്ഥാനത്തിൽ മാങ്ങപഴുപ്പിച്ചെടുക്കാനുള്ള നടപടി ഉണ്ടായില്ല.

വീണ്ടും ഒരു മാമ്പഴസീസൺ അവസാനിക്കാനിരിക്കെ 10 ലക്ഷം മുടക്കിയ കേന്ദ്രം കൊണ്ട് ഒരുരൂപയുടെ ഗുണംപോലും മാങ്ങാക്കർഷകർക്കോ ഗുണഭോക്തൃ സമിതിക്കോ ലഭിച്ചിട്ടില്ല. വൈദ്യതി പ്രവഹിക്കുമ്പോൾ യന്ത്രം നിശ്ചലമാകുന്നതാണ് പ്രവർത്തനത്തെ ബാധിച്ചതെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനമാണ് യന്ത്രം സ്ഥാപിച്ചത്. ഒരുവർഷത്തോട് അടുത്തിട്ടും യന്ത്രത്തകരാറിന് കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമം ഫലം കണ്ടില്ല.

 മലയോരമേഖലയിൽ കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്ന പ്രദേശമാണ് അയ്യൻകുന്ന്.

സമീപപഞ്ചായത്തുകളിലും മാങ്ങയുടെ ഉത്പാദനം നല്ലനിലയിൽ ഉണ്ടാകാറുണ്ട്. ജില്ലയുടെ ഏതുഭാഗത്തുനിന്നും മാങ്ങയെത്തിച്ചാലും ജൈവരീതിയിൽ പഴുപ്പിച്ചെടുക്കുന്ന സംവിധാനത്തോടെയാണ് കേന്ദ്രം തുടങ്ങിയത്.

ഫുഡ് പ്രോസസിങ്‌ പാർക്ക് വേണം
വിനോദ് നാരായണൻ (പ്രസിഡന്റ് നോർത്ത് മലബാർ ചേംബർ ഓഫ് ​െകാമേഴ്സ്)
കാർഷികോത്പന്നങ്ങൾ യഥാവിധി സംഭരിക്കാനോ സംസ്കരിക്കാനോ സൗകര്യമില്ലാത്തത് കർഷകർക്ക് മാത്രമല്ല, നാടിനു മൊത്തം നഷ്ടമുണ്ടാക്കുകയാണ്. കശുവണ്ടി ഒരു മൂല്യവർധനവും കൂടാതെ മറ്റു സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. കശുമാങ്ങ മണ്ണിലലിഞ്ഞു നശിച്ചുപോകുന്നു.
കശുമാങ്ങ ഉപയോഗപ്പെടുത്തി മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിന് സംരംഭങ്ങളൊന്നുമില്ല.  ചക്കയുടെ കാര്യവും മറിച്ചല്ല, മരത്തിൽനിന്ന് പറിക്കാതെ ലക്ഷക്കണക്കിന് ചക്കയാണ് ഓരോ വർഷവും നശിച്ചുപോകുന്നത്.

ശാസ്ത്രീയമായ രീതിയിൽ  ഇവ സംഭരിച്ച്‌ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുക എന്നതാണ് നമുക്ക് മുന്നിലുള്ള പോംവഴി.

ഇതിനായി  കണ്ണൂരിൽ ഒരു ഫുഡ് പ്രോസസിങ്‌ പാർക്ക് സ്ഥാപിക്കണം എന്നത് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഏറെ നാളത്തെ ആവശ്യമാണ്.
ഇതിനുള്ള പ്രൊജക്ട്‌ റിപ്പോർട്ടുകളടക്കം മാറിവരുന്ന സർക്കാരുകൾക്കുമുന്നിൽ  അവതരിപ്പിച്ചെങ്കിലും നിരാശയാണ് ഫലം.  കാർഷികവിളകൾ ശാസ്ത്രീയമായി സംഭരിക്കാനും സൂക്ഷിക്കാനും സംസ്കരിക്കാനും സൗകര്യമുള്ള ഫുഡ് പാർക്ക് സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നാൽ കേന്ദ്രസർക്കാരിൽനിന്ന് ആവശ്യമായ സഹായം ലഭിക്കും.
കോൾഡ് സ്റ്റോറേജ്, ഏറ്റവും നൂതനമായ പാക്കിങ് സംവിധാനങ്ങൾ തുടങ്ങിയ സൗകര്യമുണ്ടെങ്കിൽ സംരംഭകർക്ക്‌ വലിയ മുതൽമുടക്കില്ലാത്ത മികച്ച ഉത്പന്നങ്ങൾ നിർമിക്കാൻ സാധിക്കും.

കണ്ണൂർ വിമാനത്താവളം വന്നതോടെ  കണ്ണൂരിൽ ഒരു ഭക്ഷ്യസംസ്കരണ പാർക്ക് എന്ന ആവശ്യത്തിന് പ്രസക്തി പതിന്മടങ്ങ്‌ വർധിച്ചിരിക്കുകയാണ്.
കാർഷികരംഗത്തെ മുന്നേറ്റത്തിന് വലിയ വികസനക്കുതിപ്പുണ്ടാക്കാൻ ഇതിലൂടെ സാധിക്കും.

നഷ്ടത്തിന്റെയല്ല നേട്ടത്തിന്റെ അനുഭവമാകും കാർഷികമേഖലയിൽ അതോടെ ഉണ്ടാവുക. അതിനാൽ ഭക്ഷ്യസംസ്കരണ പാർക്കിനായി ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടിയിരിക്കുന്നു.

കണ്ണൂരിൽ ഫുഡ് പാർക്ക് അനിവാര്യം
സി.ജയചന്ദ്രൻ (ചെയർമാൻ, ദിശ)
വിവിധ പഴ വർഗങ്ങളുടെ കാര്യത്തിൽ സമ്പന്നമാണ് കണ്ണൂർ. എന്നാൽ സീസണിൽ ധാരാളിത്തവും മറ്റ് സമയങ്ങളിൽ കിട്ടാത്ത അവസ്ഥയുമാണ്.
നല്ല ഗുണനിലവാരമുള്ള പഴവർഗങ്ങളും കാർഷികോത്പന്നങ്ങളുമാണ് നമുക്ക് സീസണുകളിൽ ലഭിക്കുന്നതെങ്കിലും അത് ഗുണനിലവാരം സംരക്ഷിച്ചുകൊണ്ട് സൂക്ഷിച്ചുവെക്കാനാവുന്നില്ല. നല്ലനിലയിൽ വിപണനം ചെയ്യാനാവുന്നില്ല.

അതിനാൽ കൃഷിക്കാർക്ക് മെച്ചപ്പെട്ട വില കിട്ടുന്നില്ലെന്നുമാത്രമല്ല,  ഉത്പന്നങ്ങൾ വൻതോതിൽ പാഴായിപ്പോകുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇനിയും വൈകുന്നത് നാടിനോട് ചെയ്യുന്ന പാതകമാണ്.

    വിദേശരാജ്യങ്ങളിലടക്കം വിപണി കണ്ടെത്താവുന്ന കാർഷിക വിഭവങ്ങളാണ് നമുക്കുള്ളത്. പക്ഷേ വിദേശവിപണിയിലേക്കയക്കണമെങ്കിൽ ഗുണനിലവാരം കർശനമായി സംരക്ഷിക്കാനാവണം.

ഗുണനിലാവര പരിശോധനയ്ക്കുള്ള ലബോറട്ടറി ഇവിടെയില്ല. പഴവർഗങ്ങളും മറ്റ് കാർഷികോത്പന്നങ്ങളും സംസ്കരിക്കുന്നതിനും ഗുണവർധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിനും ആവശ്യമായ സംവിധാനവുമില്ല. വിവിധ കാലാവസ്ഥകളിൽ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സംവിധാനവുമില്ല.

മികച്ച വെയർ ഹൗസ്, ശീതീകരണസംവിധാനം, ഗുണനിലവാര പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാൻ കഴിയുന്ന സംവിധാനം, മൂല്യവർധിത ഉത്‌പന്നങ്ങളുണ്ടാക്കുന്നതിനുള്ള ഫാക്ടറി എന്നിവയെല്ലാം ചേർന്ന ഫുഡ് പാർക്ക് കണ്ണൂരിൽ സ്ഥാപിക്കണമെന്ന് തങ്ങൾ നിരന്തരം ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. മുൻ കൃഷിമന്ത്രി കെ.പി.മോഹനനുമായും ഇപ്പോഴത്തെ മന്ത്രി വി.എസ്.സുനിൽകുമാറുമായും ചർച്ച നടത്തുകയും വിശദമായ നിവേദനം നൽകുകയും ചെയ്തതാണ്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതിയാണ്. കേന്ദ്ര സർക്കാരിൽനിന്ന്‌ സഹായം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ കാര്യക്ഷമമായ നടപടികളുണ്ടാകുന്നില്ല.