ഒരുക്കങ്ങൾ പൂർത്തിയാകുന്നു
വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തയ്യാറാവുകയാണ്. 13-ന് നീരെഴുന്നുള്ളത്തിനാണ് അക്കരെ ക്ഷേത്രത്തിലേക്കു പ്രവേശിക്കുക. ശേഷം നെയ്യാട്ടം വരെയുള്ള അഞ്ചു ദിവസത്തിനുള്ളിൽ അക്കരെ ക്ഷേത്രത്തിൽ എല്ലാ ഒരുക്കങ്ങളും നടത്തും. ഇക്കൊല്ലം ഭക്തജനങ്ങളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്. അതു കണക്കിലെടുത്താണ് ഒരുക്കങ്ങൾ നടത്തുന്നത്. ഇപ്പോഴും പുരോഗമിക്കുന്നു. പ്രളയത്തിന്റെ ഭാഗമായി വിഷമങ്ങൾ നേരിട്ടിരുന്നു. അതെല്ലാം വേണ്ടവിധത്തിൽ പരിഹരിച്ചു. എല്ലാവരും ഒരുമിച്ച് ഉത്സവം ഭംഗിയായി നടത്തും.
ടി.ബാലൻ നായർ (കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ)

ഹരിതകർമസേന മുഴുവൻസമയവും
കൊട്ടിയൂർ ഉത്സവം ഹരിതോത്സവമായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പൂർണമായും പ്ലാസ്റ്റിക് നിരോധിത ഉത്സവമായിരിക്കും. ഹരിതകർമസേന മുഴുവൻസമയം കൊട്ടിയൂരിൽ സേവനം നൽകും. ഇതിന്റെ ഭാഗമായിത്തന്നെ 11, 12 തീയതികളിൽ പഞ്ചായത്തിലെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കും.
ഇന്ദിര ശ്രീധരൻ (കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്)

അക്കരെ കൊട്ടിയൂരിലെ ഒരുക്കങ്ങൾ
കൊട്ടിയൂർ ഉത്സവനഗരിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. നീരെഴുന്നള്ളത്തിനുശേഷം മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കാനാകൂ. അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികളിലെ ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ അക്കരെ കൊട്ടിയൂരിൽ ധാരാളം നാശനഷ്ടങ്ങളുണ്ടായിരുന്നു. നാലരക്കോടിയോളം രൂപയുടെ നാശം സംഭവിച്ചതായാണ് ഏകദേശ കണക്ക്. ഇവയുടെ പുനർനിർമാണമാണ് പുരോഗമിക്കുന്നത്. 200-ഓളം പണിക്കാരുടെ സേവനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഭക്തർക്കായി പുതുതായും സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കൽപ്പടവുകൾ
അക്കരെ ക്ഷേത്രത്തിലേക്കുപോകുന്ന വഴിയായ നടുക്കുനിയിൽ ബാവലിപ്പുഴയുടെ തീരത്ത് കൽപ്പടവുകൾ നിർമിക്കുന്നു. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാകുന്നതോടെ ഭക്തർക്ക് അക്കരെ ക്ഷേത്രത്തിലേക്ക് തിരക്കുകൂടാതെ പ്രവേശിക്കാനാകും. ബാരിക്കേഡുകൾ നിർമിച്ച് തിരക്ക് നിയന്ത്രിക്കാനുള്ള സൗകര്യങ്ങളും ഒരുക്കി. സന്നദ്ധസേവകർ ഉത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ഭക്തജനത്തിരക്ക നിയന്ത്രിക്കുന്നതിനും സൗകര്യങ്ങളേർപ്പെടുത്തിയിരിക്കുന്നു. തിരക്ക്‌ നിയന്ത്രിക്കുന്നതിനുൾപ്പെടെ 400 സന്നദ്ധസേവകരുടെ സേവനമുണ്ടാകും.

ഇതിൽ 50 പേർ വിമുക്തഭടന്മാരാണ്. അക്കരെ കൊട്ടിയൂരിലെ മണിത്തറയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക.

പാലങ്ങൾ
മന്ദംചേരി, നടുക്കുനി എന്നിവിടങ്ങളിലെ മൂന്നു നടപ്പാലങ്ങളുടെ ബലപ്പെടുത്തൽ പുരോഗമിക്കുകയാണ്. പ്രളയത്തിൽ ചരിവ് സംഭവിച്ച മന്ദംചേരിയിലെ പാലം ബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നടുക്കുനിയിലെ രണ്ട് നടപ്പാലങ്ങളുടെ പ്രവർത്തനങ്ങളും നടത്തുന്നു. പാലത്തിലേക്കു കയറുന്നതിനുള്ള പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നു.

കയ്യാലകൾ
അക്കരെ കൊട്ടിയൂരിൽ അടിയന്തിരക്കാർക്ക് താമസിക്കാനുള്ള താത്‌കാലിക പുരകളാണ് കയ്യാലകൾ. തെക്കുപടിഞ്ഞാറ് ഭാഗത്തെ കയ്യാലകൾ പുറകോട്ടു നീക്കി നിർമിക്കുന്നുണ്ട്. ഇത് കൂടുതൽ ഭക്തജനങ്ങളെ അക്കരെ കൊട്ടിയൂരിൽ ഉൾക്കൊള്ളുന്നതിന് സഹായകമാകും.   

ഇക്കരെ കൊട്ടിയൂരിൽ
ഇക്കരെ കൊട്ടിയൂരിൽ ഭക്തർക്ക് സഹായകരമാകുന്ന പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്നദാനസ്ഥലത്തും പ്രസാദ കൗണ്ടറുകളിലും പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

വിവിധ വകുപ്പുകളുടെ സേവനങ്ങൾ
ഉത്സവനഗരിയിൽ നിർമിക്കുന്ന ഹോട്ടൽ, കൂൾബാറുകൾ തുടങ്ങിയ താത്‌കാലിക സ്റ്റാളുകൾക്ക് ആരോഗ്യവകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. പൂർണമായും വൃത്തിയുള്ള സാഹചര്യങ്ങളിലാണ് ഭക്ഷണനിർമാണം നടത്തുന്നതെന്ന്‌ ഉറപ്പുവരുത്താൻ ഭക്ഷ്യവകുപ്പിന്റെ പരിശോധനകൾ എല്ലാദിവസവുമുണ്ടാകും. ഉത്സവനഗരിയിൽ ഉപയോഗിക്കുന്ന ജലം ശുദ്ധമാണെന്നുറപ്പുവരുത്താനുള്ള പരിശോധനകളും പൂർത്തിയാക്കി. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സേവനം അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലും പ്രത്യേകം ഏർപ്പെടുത്തുന്നു.

കൊട്ടിയൂർ പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ സേവനം 24 മണിക്കൂറുകളും ലഭ്യമാക്കും. ആംബുലൻസ് സേവനവും എല്ലാ സമയവും ലഭ്യമാണ്. ആയുർവേദ, സിദ്ധ ക്യാമ്പുകളും ഉത്സവ നഗരിയിലുണ്ടാകും. തീപ്പിടിത്തം ഒഴിവാക്കാനായി ഹോട്ടലുകളിൽ ഗ്യാസ് ഉപയോഗിക്കരുത് എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. അഗ്നിരക്ഷാസേനയുടെ സേവനവും എല്ലാ സമയവുമുണ്ടാകും.

പോലീസിന്റെ സേവനവും ലഭിക്കും.കൊട്ടിയൂർ
മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമായതിനാൽ ആന്റി നക്സൽ ഫോഴ്‌സിന്റേതുൾപ്പെടെയുള്ള സേവനവും ലഭ്യമാണ്. കൂടുതൽ സേനയുടെ സേവനങ്ങളും ഉത്സവദിവസങ്ങളിൽ ഏർപ്പെടുത്തും.

അധിക ഗതാഗതസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. കോഴിക്കോട്, വടകര, മാനന്തവാടി എന്നിവിടങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി.യുടെ 25 ബസ്സുകൾ അധികസർവീസുകൾ നടത്തും. കൂടുതൽ സ്വകാര്യബസ്സുകളും സർവീസ് നടത്തും.

പ്രസാദ പാക്കിങ്ങിന്‌ യന്ത്രങ്ങൾ
ഇക്കരെ കൊട്ടിയൂരിലെത്തുന്നവർക്ക് നൽകുന്ന നെയ്പായസം ആടിയനെയ്യ് എന്നീ പ്രസാദങ്ങളുടെ പാക്കിങ്ങിനായി യന്ത്രവത്കരണം നടത്തി. പൂർണമായും പ്ലാസ്റ്റിക്‌ വിമുക്തമായാണ് ഇത്‌ നടപ്പാക്കുന്നത്. അപ്പം നൽകുന്നതും മണ്ണിൽ ലയിച്ചുചേരുന്ന തരത്തിലുള്ള കവറുകളിലാണ്.

ക്യൂ കോംപ്ലക്‌സ്‌
പുതുതായി ഒരുക്കുന്ന സൗകര്യങ്ങളിൽ പ്രധാനം ക്യൂ കോംപ്ലക്സിന്റെ നിർമാണമാണ്. ഇക്കരെ കൊട്ടിയൂരിൽ അന്നദാനത്തിനായാണ് പുതിയ ക്യൂകോംപ്ലക്സ്‌ തയ്യാറാക്കുന്നത്. അന്നദാനത്തിനായി എത്തുന്ന  ഭക്തർക്ക് മഴനനയാതെയും സൗകര്യപ്രദമായും ക്യൂ നിൽക്കാനാവും.


പാർക്കിങ് സൗകര്യങ്ങൾ
നേരത്തേയുണ്ടായിരുന്ന പാർക്കിങ് ഗ്രൗണ്ട് പ്രളയത്തിൽ തകർന്നുപോയതിനാൽ പാർക്കിങ്ങിനായി ദേവസ്വം ബോർഡ് പുതിയ സ്ഥലം ഏർപ്പെടുത്തി. കൂടാതെ നീണ്ടുനോക്കി പഞ്ചായത്ത് മൈതാനത്തും പരിസരങ്ങളിലെ സ്കൂൾ ഗ്രൗണ്ടുകളിലും പാർക്കിങ് സൗകര്യമേർപ്പെടുത്തുന്നുണ്ട്. പ്രധാന ഉത്സവദിവസങ്ങളിൽ ഐ.ജെ.എം.എച്ച്.എസ്.സ്കൂൾ മുറ്റത്തും നീണ്ടുനോക്കിയിലെ സെയ്‌ന്റ് സെബാസ്റ്റ്യൻസ് പള്ളിമുറ്റത്തും പാർക്കിങ് സൗകര്യങ്ങൾ പള്ളിയുടെ നേതൃത്വത്തിൽ തന്നെ ഒരുക്കി നൽകാറുണ്ട്. പരിസരങ്ങളിലെ സ്വകാര്യവ്യക്തികളുടെ സ്ഥലത്തും പാർക്കിങ്ങിനായുള്ള സൗകര്യങ്ങൾ നൽകുന്നതും പതിവാണ്.


ഹരിതോത്സവം
കാനനഭൂവിൽ നടക്കുന്ന ഉത്സവമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. ക്ഷേത്രമില്ലാക്ഷേത്രത്തിൽ നടക്കുന്ന ഉത്സവത്തിനായി പ്രകൃതിക്കിണങ്ങുന്ന തയ്യാറെടുപ്പുകളാണ് നടത്തുന്നത്. പൂർണമായും ഹരിതപെരുമാറ്റച്ചട്ടം പാലിച്ച്് ഉത്സവം നടത്താനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. ഉത്സവത്തിനു മുന്നോടിയായിത്തന്നെ ഉത്സവനഗരിയും കൊട്ടിയൂർ പട്ടണവും ശുചിയാക്കാനുള്ള നടപടികൾ പഞ്ചായത്ത് നടത്തി. ശുചീകരണത്തൊഴിലാളികളുടെ നേതൃത്വത്തിൽ നീണ്ടുനോക്കി മുതൽ മന്ദംചേരി വരെയുള്ള പ്രദേശങ്ങളിലെയെല്ലാം മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. പൂർണമായും പ്ലാസ്റ്റിക്‌ നിരോധിച്ച് പ്രകൃതിക്കിണങ്ങുന്ന രീതിയിലാണ് ഉത്സവം നടത്തുന്നത്. കച്ചവടസ്ഥാപനങ്ങളിലും താത്‌കാലിക സ്റ്റാളുകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്റ്റാളിലുമുണ്ടാകുന്ന മാലിന്യങ്ങൾ അവരുടെ ഉത്തരവാദിത്വത്തിൽതന്നെ നീക്കം ചെയ്യാനുള്ള നിർദേശങ്ങളാണ് ദേവസ്വം ബോർഡ് നൽകിയിരിക്കുന്നത്.


കൊട്ടിയൂരിലെത്താനുള്ള വഴികൾ
കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിൽനിന്നുള്ളവർക്ക് നെടുംപൊയിൽ-പേരാവൂർ-കേളകം വഴി കൊട്ടിയൂരിലെത്താം. നെടുംപൊയിലിൽനിന്ന്‌ വാരപ്പീടിക-കൊളക്കാട് -മഞ്ഞളാംപുറം -കേളകം വഴി ദൂരം കുറവാണ്. എന്നാൽ ഈ റോഡിൽ പണിനടക്കുന്നതിനാൽ യാത്ര ബുദ്ധിമുട്ടായേക്കാം. തളിപ്പറമ്പ്, പയ്യന്നൂർ ഭാഗങ്ങളിൽനിന്ന്‌ ഇരിട്ടി-പേരാവൂർ-കേളകം വഴി കൊട്ടിയൂരിലെത്താം. ഇരിട്ടി-പേരാവൂർ വഴിയിൽ ഹാജി റോഡിൽനിന്ന്‌ തിരിഞ്ഞ് ആറളം-മണത്തണ വഴിയുമുണ്ട്. കൂട്ടുപുഴ ഭാഗത്തുനിന്നു വരുന്നവർക്ക്‌ ആറളം-മണത്തണ വഴിയാണ് കൂടുതൽ സൗകര്യം. വയനാട് ഭാഗത്തുനിന്ന്‌ മാനന്തവാടി- 42-ാം മൈൽ- പാൽച്ചുരം വഴി കൊട്ടിയൂരിലെത്താം.
പ്രധാന ദിവസങ്ങളിൽ ഗതാഗതത്തിരക്ക് നിയന്ത്രിക്കാൻ കേളകത്തുനിന്ന്‌ അടക്കാത്തോട് വഴി തിരിഞ്ഞ് ഇരട്ടത്തോട്-ചുങ്കക്കുന്ന് -കൊട്ടിയൂർ സമാന്തര പാതയിലൂടെ അക്കരെ കൊട്ടിയൂരിലെത്തുന്ന തരത്തിൽ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്താറുണ്ട്.