മൺപാത്രനിർമിതിയുടെ അണിയറയിലേക്കു പോയാൽ ആദ്യപാഠം കളിമണ്ണിന്റേതാണ്. മണ്ണുശേഖരണം കഴിഞ്ഞാൽ ഘട്ടംഘട്ടമായുള്ള പ്രവൃത്തികൾ. ഒടുവിൽ മൺകലങ്ങളുടെയും വിവിധതരം പാത്രങ്ങളുടെയും പിറവി. കാഞ്ഞങ്ങാടിനു കിഴക്ക് എരിക്കുളം ഗ്രാമത്തിലെത്തിയാൽ മൺപാത്രനിർമാണത്തെ ആഴത്തിൽ പഠിക്കാം. 
എരിക്കുളം ഗ്രാമത്തിലെ ഈ കുലത്തൊഴിലിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ പഴക്കവും തഴക്കവുംതന്നെയാകാണം ഉത്തരമലബാറുകാർക്ക് എരിക്കുളം കലങ്ങളെ പ്രിയപ്പെട്ടതാക്കിയത്. കലം നിർമാണത്തിന്റെ ഓരോ ഘട്ടത്തിനുമുണ്ട് അളവും കണക്കും. ഇത് മാറുന്ന കാലാവസ്ഥ മുതൽ പണിയിലെ കൈവേഗത്തിനുവരെയുണ്ട്. കർണാടകയിൽവരെ ഇവിടത്തെ മൺപാത്രങ്ങൾക്ക് വിപണിയുണ്ട്‌. 

വിഷുകഴിഞ്ഞാൽ മണ്ണെടുപ്പ്
എരിക്കുളം വയലിൽ ഇപ്പോൾ മണ്ണെടുക്കുന്ന സമയമാണ്.മൺപാത്രനിർമാണത്തിന്റെ ആദ്യഘട്ട പ്രവൃത്തി. ഏക്കർകണക്കിന് വിസ്താരത്തിലുള്ള വയലാണിത്. 
പച്ചക്കറികളും തണ്ണിമത്തനും വെള്ളരിയും തുടങ്ങി പച്ചപുതയ്ക്കുന്ന വയൽ മീനം പിറക്കുന്നതിനുമുമ്പേ കാലിയാകും.വിഷു കഴിഞ്ഞാൽ എരിക്കുളത്തുകാർ കൂട്ടയും കൈക്കോട്ടുമായി പാടത്തിറങ്ങും. രണ്ടോ മൂന്നോ ആഴ്ച നീളുന്ന മണ്ണെടുപ്പ്. 200-ഓളം മൺപാത്രനിർമാണകുടുംബങ്ങളുണ്ട് എരിക്കുളത്ത്.
ഇത്രയും കുടുംബങ്ങളിൽ നിന്ന് സ്ത്രീകളും പുരുഷൻമാരും കുട്ടികളുമെല്ലാം കൂട്ടത്തോടെ മണ്ണെടുപ്പിൽ മുഴുകും.
ആഴത്തിൽ കുഴിയെടുത്ത് കളിമണ്ണ് ശേഖരിക്കും.ഒന്നോ രണ്ടോ കോൽ ആഴത്തിൽ കുഴിച്ച് മേൽമണ്ണ് മാറ്റണം.അതിനടിയിലാണ് കളിമണ്ണ്.അത് അരക്കോൽ ദൈർഘ്യത്തിൽ കിട്ടും.
അപ്പോഴേക്കും ചേടിമണ്ണ് ആകും. ചെറുതും വലുതുമായ 500 ലേറെ കുഴികളിൽ നിന്നാണ് മണ്ണെടുക്കുന്നത്.ചില കുഴികൾക്ക് അഞ്ചു കോൽവരെ ആഴമുണ്ട്. ചില കുഴികളിൽനിന്ന് കളിമണ്ണ് കിട്ടില്ല. അത്രയും പണി വെറുതെയാകും.തൊട്ടടുത്ത് വീണ്ടും കുഴിക്കും. 
അതുകൊണ്ടാണ് ഇത്രയേറെ കുഴികൾ നിർമിക്കേണ്ടിവരുന്നത്. നൂറുകണക്കിന് തൊഴിലാളികൾ അതിരാവിലെ മുതൽ മണ്ണെടുക്കാനായി വയലിലെത്തും. ഓരോ വീട്ടി​െലയും നിർമാണ യൂണിറ്റിലേക്ക് ഈ മ​െണ്ണത്തിക്കും. 

അവിടെ ചെറിയ കുഴിയെടുത്ത് ചുറ്റിലും കല്ലുകെട്ടിത്തിരിച്ച സ്ഥലത്താണ് മണ്ണ് സൂക്ഷിക്കുക. കാലവർഷം തുടങ്ങിയാൽ ശേഖരിച്ചു​െവച്ച മണ്ണിലേക്ക് മഴവെള്ളം പെയ്തിറങ്ങും. വെള്ളവും മണ്ണും കുഴഞ്ഞ് പരുവപ്പെടും. 
എടവപ്പാതി തുടങ്ങിയാൽ പാത്രനിർമാണം തുടങ്ങും. ചിങ്ങമാസമാകുമ്പോഴേക്കും പാത്രം വിപണിയിലെത്തിത്തുടങ്ങും.

കുഴികൾ മൂടുന്നതും ശാസ്ത്രീയമായി
മ​െണ്ണടുത്തുകഴിഞ്ഞാൽ താമസമില്ലാതെതന്നെ കുഴികൾ മൂടും.മൺപാത്രനിർമാണത്തി​െനടുത്ത അത്രയും അളവ് കഴിച്ചുള്ള മണ്ണ് കുഴിയുടെ വക്കിൽത്തന്നെ കൂട്ടിയിട്ടിട്ടുണ്ടാകും. അരക്കോൽ വ്യാപ്തിയിലെടുത്ത കളിമണ്ണിന് പകരം ചെമ്മണ്ണ്‌ നിറയ്ക്കും. ഇതിനും കണക്കുണ്ട്.കുഴിയിൽനിന്നെടുത്ത മേൽത്തട്ടിലെ പാറമണ്ണിനും ഉൾത്തട്ടിലെ ചേടിമണ്ണിനും ഇടയിലാണ് ചെമ്മണ്ണ് നിറയ്ക്കുക. പാടത്തെ കുഴികളിൽ ചെമ്മണ്ണിട്ടാൽ അത് മണ്ണിന്റെ പോഷകശേഷി ഇല്ലാതാക്കുമെന്നതിനാലാണ് ശാസ്ത്രീയമായിത്തന്നെ കുഴികൾ മൂടുന്നത്. ഈ വയലിൽ നിറയെ കൃഷി ചെയ്യുന്നതിനാൽ കുഴികളിലിട്ട ചെമ്മണിന്റെ സ്വഭാവവും മാറുന്നു. നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ഈ ചെമ്മണ്ണും വയലിലെ മണ്ണിന്റെ ഘടനയിലെത്തിച്ചേരുന്നു.
എരിക്കുളത്തെ മണ്ണിൽ  20 ശതമാനം കാൽസ്യം
എരിക്കുളത്തെ വയലിൽ നിന്നെടുക്കുന്ന കളിമണ്ണിൽ 20 ശതമാനം കാൽസ്യമുണ്ടെന്നാണ് പഠനറിപ്പോർട്ട്. കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ തുടങ്ങിയ മൂലകങ്ങൾ ഏതൊരു കളിമണ്ണിലും ഉണ്ടാകും. എന്നാൽ ഇത്രയധികം കാൽസ്യമടങ്ങിയ കളിമണ്ണ് അപൂർവമായേ ഉണ്ടാകാറുള്ളൂവെന്ന് ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയ ഡോ. എം.മിനി പറഞ്ഞു. ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ ജീവശാസ്ത്രം അധ്യാപികയാണ് മിനി. ഇവർ എരിക്കുളത്തെ മണ്ണിനെക്കുറിച്ച് പ്രത്യേകമായി ഗവേഷണം നടത്തിയിരുന്നു.
അത്യുത്തരകേരളത്തിലെ വയൽമണ്ണുകളെക്കുറിച്ചുള്ള പഠനറിപ്പോർട്ടാണ് ഇവർ ഗവേഷണപ്രബന്ധമായി അവതരിപ്പിച്ചത്. അതിൽ എരിക്കുളത്തെ മണ്ണിനെക്കുറിച്ച് എടുത്തുപറയുന്നു. മണ്ണിന്റെ ഘടനയിലും സ്വഭാവത്തിലും ഗുണത്തിലും ഇതരവയലുകളിലെ മണ്ണിനെക്കാൾ ഗുണമേന്മയിൽ ഏറെ മുന്നിലാണ് എരിക്കുളം വയലിലെ മണ്ണ്. കാർഷികസർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും മിനി  പറഞ്ഞു.

പ്രതിവർഷ ഉത്പാദനം ലക്ഷത്തിലേറെ കലങ്ങൾ 
ഓരോ വർഷവും ലക്ഷത്തിലേറെ മൺകലങ്ങൾ നിർമിക്കുന്നുണ്ടിവിടെ. സെപ്റ്റംബറിൽ തുടങ്ങുന്ന വിൽപ്പന വിഷുക്കാലംവരെ നീളും. 60 രൂപ മുതൽ 300 രൂപ വരെ വിലയുള്ള മൺകലങ്ങളാണ് വിപണിയിലെത്തിക്കുന്നത്. 

ഇത്രയധികം വിറ്റുവരവുണ്ടെങ്കിലും ഈ ഗ്രാമക്കാർക്ക് പറയാനുള്ള സങ്കടങ്ങളും പ്രയാസങ്ങളും കുറച്ചൊന്നുമല്ല. മാറിമാറിവരുന്ന സർക്കാരുകൾക്കു മുമ്പിൽ ഈ സങ്കടങ്ങളത്രയും നിവേദനങ്ങളുടെ രൂപത്തിലെത്തുന്നു.

ഇലക്ഷൻ കാലത്ത് സ്ഥാനാർഥികളെത്തുമ്പോഴും മന്ത്രിമാർ നിവേദനം വാങ്ങുമ്പോഴുമൊക്കെ വലിയ പ്രതീക്ഷകൾ നൽകും.
നിർമാണച്ചെ ലവും വരവും കൂട്ടിയും കിഴിച്ചും നോക്കിയാൽ കൈയ്യിൽ വയ്ക്കാൻ അധികമൊന്നും ബാക്കിയില്ലെന്ന് ഇവർ പറയുന്നു.

എന്തുകൊണ്ട് മൺകലങ്ങൾ
അടുക്കളയിൽ നിന്ന്‌ അലുമിനിയത്തെ അകറ്റിനിർത്തണമെന്നാണ് പഠനറിപ്പോർട്ടുകൾ പറയുന്നത്.
മറ്റെന്തുപയോഗിച്ച്‌ പാത്രം നിർമിച്ചാലും മണ്ണുകൊണ്ടുണ്ടാക്കിയതി​െനക്കാൾ ഗുണമുണ്ടോ എന്ന പഴയ ആളുകളുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നതും ഇത്തരം റിപ്പോർട്ടുകൾക്കു മുമ്പിലാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഇത്തരം ഗവേഷണറിപ്പോർട്ടുകൾ എടുത്തുകാട്ടി മൺപാത്രവ്യവസായത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് ഈ രംഗത്തുള്ളവർക്ക് പറയാനുള്ളത്. വ്യാവസായികാടിസ്ഥാനത്തിൽ എരിക്കുളം പോലുള്ള കുടിൽ യൂണിറ്റുകളെ പരിപോഷിപ്പിക്കാൻ സർക്കാർതലത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.