തുള്ളിക്കൊരുകുടം പെയ്യുന്ന മഴയത്ത് ആവി പറക്കുന്ന ചക്കപ്പുഴുക്കും കട്ടൻകാപ്പിയുമായി വീടിന്റെ വരാന്തയിൽ ഒരു വൈകുന്നേരം. അനുഭവിച്ചറിഞ്ഞവർക്കുമാത്രമേ അതിന്റെ സുഖം പറഞ്ഞറിയിക്കാനാവൂ. ചക്കയുടെ ബ്രാൻഡ് അംബാസഡർ എന്ന് വിശേഷിപ്പിക്കാവുന്ന കാസർകോട്ടെ ശ്രീപഡ്രെയെയും പതിനായിരം പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച തൃശ്ശൂർ സ്വദേശി പ്ലാവ് ജയനെയും നടൻ ശ്രീനിവാസനെയുംപോലെ കൂടുതൽപേർ ഇപ്പോൾ ചക്കയുടെ പ്രചാരത്തിനുവേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

കണ്ണൂർ-കാസർകോട് ജില്ലകളിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളും ചക്കവിഭവങ്ങളുടെ നിർമാണത്തിൽ സജീവം. വിപണിമൂല്യമനുസരിച്ച് സംസ്ഥാനത്ത് 28,000 കോടി രൂപയുടെ ചക്ക ഒരുവർഷം കേരളത്തിൽ പാഴാക്കിക്കളയുന്നതായാണ് കണക്കുകൾ. കേരളത്തിൽനിന്ന് വർഷാവർഷം 50,000 ടൺ ചക്കയാണ് അയൽസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നത്.

വളവും കീടനാശിനിയും ഉപയോഗിക്കാതെ നമുക്ക് ലഭിക്കുന്ന ഏക ഫലമാണ് ചക്ക. (കേരളത്തിൽ ചക്കവികസനത്തിനായി പ്രത്യേകം ഒരു വകുപ്പ് നിലവിൽവന്നാലും നഷ്ടമാകില്ലെന്ന് തമാശയായി പറയുന്നതിൽ അല്പം കാര്യവുമില്ലാതില്ല.)

ചക്ക വരിക്കയാലും കൂഴ(പഴംചക്ക)യായാലും പഴുത്തതായാലും പച്ചയായാലും മൂത്തതായാലും മൂക്കാത്തതായാലും ഉത്പന്നങ്ങൾ ഏറെയുണ്ടാക്കാം. ചക്കയുടെ ചുളയും കുരുവും ചകിണിയും മുള്ളും മടലും എന്തിനധികം മെളിഞ്ഞിൽ(പശ) പോലും വിവിധ ഉത്പന്നങ്ങളുണ്ടാക്കാൻ അനുയോജ്യം(പാചകം ചെയ്യാനുപയോഗിക്കാത്ത പാത്രത്തിന്റെ ഓട്ടയടയ്ക്കാൻ പഴമക്കാർ ഉപയോഗിച്ചുപോന്നത് ചക്കമെളിഞ്ഞിൽ തീയിൽ ഉരുക്കിയ മിശ്രിതമായിരുന്നു).

ചക്ക സുലഭമായി ലഭിക്കുന്ന, മഴയ്ക്ക് തൊട്ടുമുമ്പുള്ള ഏപ്രിൽ-മേയ് മാസങ്ങളാണ് ചക്കവിഭവങ്ങൾ ഉണ്ടാക്കാനും സൂക്ഷിച്ചുവെക്കാനുമുള്ള ഏറ്റവും നല്ല സമയം.

ചക്കയ്ക്കൊപ്പം 10 വർഷങ്ങൾ
പയ്യാമ്പലം സ്വദേശി ഷീബാ സനീഷ് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ചക്കയുത്പന്നങ്ങളുടെ നിർമാണ-പ്രചാരണരംഗത്തുണ്ട്. ചക്കകൊണ്ട് ഇരുനൂറോളം വിഭവങ്ങളുണ്ടാക്കി അദ്‌ഭുതപ്പെടുത്തും ഇവർ. മധുരമുള്ളതും എരിവുള്ളതുമായ വിഭവങ്ങളും പാനീയങ്ങളും കുറുക്കുപൊടികളുംകൊണ്ട് സമ്പന്നമാണ് അവരുടെ ‘റെസിപ്പി ഡയറി’.

ചക്കവിഭവങ്ങളെക്കുറിച്ചുള്ള ത്രിദിനക്ലാസിന് പോയതാണ് നേര​േത്ത നഴ്സറി സ്കൂൾ അധ്യാപികയായിരുന്ന ഷീബയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ക്ലാസിനൊടുവിൽ ബർഫി രുചികരമായി ഉണ്ടാക്കി. ക്ലാസിൽനിന്ന് കിട്ടിയ അറിവുകൾക്കുപുറമെ മറ്റെല്ലാം സ്വയം പഠിച്ചതാണ്. ചക്കക്കുരു ബണ്ട്യ, ചക്കക്കുരു അരിക്കടുക്ക എന്നിവയാണ് കൂട്ടത്തിലെ താരങ്ങൾ.ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുള്ള മിക്സ്ചർ, പൾപ്പ്, ജാം, കാപ്പി, കലത്തപ്പം, ഉണ്ണിയപ്പം, പൊട്ടിയപ്പം, പച്ചടി, ലസ്സി, പുഡ്ഡിങ്, രസം, മുറുക്ക്, ചക്കമടൽ പുളിയിഞ്ചി... ഇനങ്ങളുടെ നിര നീളുന്നു.ചക്കക്കുരുകൊണ്ടുള്ള അവലോസ് പൊടി, ചമ്മന്തിപ്പൊടി, ചക്കയുടെ വിവിധ ഭാഗങ്ങളുപയോഗിച്ചുള്ള അച്ചാർ, ന്യൂട്രിമിക്സ് എന്നിവ ഇവർ വില്പന നടത്തുന്നുണ്ട്.

ഹെൽത്ത് ഡ്രിങ്കായി ഉപയോഗിക്കാവുന്ന ന്യൂട്രിമിക്സ് ചക്കക്കുരുപ്പൊടിക്കൊപ്പം അരി, ഗോതമ്പ്, മുത്താറി, അവിൽ, എള്ള് തുടങ്ങിയവ ചേർത്തു നിർമിക്കുന്നതാണ്. ‘ജീവകാന്തം ജാക്ക്ഫ്രൂട്ട് ലവേഴ്സ് ഫോറ’ത്തിൽ അംഗമായ ഷീബ പയ്യാമ്പലം ശ്രേയ കുടുംബശ്രീ യൂണിറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

ക്ലാസെടുക്കാൻ തയ്യാർ
ജില്ലയ്ക്കകത്തും പുറത്തും നിരവധി ക്ലാസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് ഇവർ. കണ്ണൂരിൽ നടക്കുന്ന വിവിധ മേളകളിൽ ചക്ക വിഭവങ്ങളുമായി ഷീബ സനീഷും സംഘവുമുണ്ടാകും. കേരളത്തിലെ ആദ്യ ട്രാൻസ് ജെൻഡർ കുടുംബശ്രീ സംരംഭമായ കണ്ണൂരിലെ ‘നന്മ കുടുംബശ്രീ’ അംഗങ്ങൾക്ക് സൗജന്യമായി പാചകപരിശീലനം നൽകിയത് ഷീബയുടെ നേതൃത്വത്തിലുള്ള സംഘമാണ്. വിവിധ അനാഥാലയങ്ങളിലും മഹിളാലയങ്ങളിലും സൗജന്യമായി ചക്കവിഭവനിർമാണ പരിശീലനം നടത്താനും ഇവർ തയ്യാർ. സ്വന്തം വീട്ടുപറമ്പില്ലാത്തതിനാൽ പല സ്ഥലങ്ങളിൽനിന്നാണ് ഇവർ ചക്ക ശേഖരിക്കുന്നത്. ഇടയ്ക്ക് സുഹൃത്തുക്കളും നൽകും. “ചിലർക്ക് പഴംചക്കയെന്ന് കേൾക്കുന്നതുതന്നെ അറപ്പാണ്. പഴംചക്കയിൽനിന്നാണ് രുചികരമായ പല ചക്ക ഉത്പന്നങ്ങളും ഉണ്ടാക്കുന്നതെന്ന് ഇക്കൂട്ടർക്കറിയില്ല” -ഷീബ പറയുന്നു.

ചക്കമുള്ളുകൊണ്ട് സൂപ്പർ ഡ്രിങ്ക്!
കൊടുംവേനലിൽ ദാഹമറ്റാൻ വിപണിയിൽനിന്ന് കരിങ്ങാലിക്കൂട്ടും നന്നാറിസർബത്തും മറ്റ് ദാഹശമനികളും വാങ്ങാൻ വരട്ടെ. ചക്കമുള്ളുകൊണ്ടുണ്ടാക്കാം സൂപ്പർ ഡ്രിങ്ക്. ചക്കമുള്ള് നേർമയായി അരിഞ്ഞ് ഉണക്കിയത്(500 ഗ്രാം), രാമച്ചം, മല്ലി(50 ഗ്രാം വീതം) എന്നിവ പൊടിച്ച് കിഴികെട്ടി വെള്ളത്തിലിട്ട് കുടിക്കാനുപയോഗിക്കാം. വയറ്റിന് ഗുണകരവും നാവിന് രുചികരവുമായ ദാഹശമനി റെഡി.
ഒരു ലിറ്റർ വെള്ളത്തിൽ കഴുകിവൃത്തിയാക്കിയ നാലോ അഞ്ചോ പഴുത്ത പ്ലാവിലയിട്ട് തിളപ്പിച്ച് അരലിറ്ററാക്കി കുറുക്കുക. തണുപ്പിച്ചശേഷം ദിവസം രണ്ടുനേരം കുടിക്കുക.കൊളസ്ട്രോൾ പമ്പകടക്കുമെന്ന് വിദഗ്ധർ.

ചക്കപ്പല്ലല്ല, മുല്ലമൊട്ടുപല്ല്...
ചന്തം പോരാത്തതും വലുതുമായ പല്ലിനുള്ള വിളിപ്പേരാണ് ചക്കപ്പല്ല്. എന്നാൽ ചക്കകൊണ്ട് മുല്ലമൊട്ടിനു സമാനമായ പല്ല് സ്വന്തമാക്കാമെന്നറിയാമോ? ഇതിനാണ് ചക്കകൊണ്ട്  തയ്യാറാക്കുന്ന പൽപ്പൊടി. ഇതുകൊണ്ട് പല്ലുതേച്ചാൽ അത് ദന്താരോഗ്യത്തിന് ഉത്തമമെന്ന് വിദഗ്ധർ പറയുന്നു. ചക്കമുള്ള് ഉണക്കിയത്(500 ഗ്രാം),മാവില(100 ഗ്രാം), പ്ലാവില(100 ഗ്രാം), കുരുമുളക്(20 ഗ്രാം), ഉപ്പ്(10 ഗ്രാം) എന്നിവ വറുത്തുപൊടിച്ച് പൽപ്പൊടിയായി ഉപയോഗിക്കാം.

ചക്കമിഠായി (ചക്ക ടോഫി)
ആവശ്യമായ ചേരുവകൾ: ചക്ക(വരിക്കയാണെങ്കിൽ ആവിയിൽ പുഴുങ്ങിയത്, പഴം ചക്കയാണെങ്കിൽ മിക്സിയിൽ അടിച്ചത്)- 500 ഗ്രാം, പഞ്ചസാര- 300 ഗ്രാം, ഗ്ലൂക്കോസ്- 50 ഗ്രാം,പാൽപ്പൊടി- 75 ഗ്രാം, വനസ്പതി -50 ഗ്രാം.

ഉണ്ടാക്കുന്ന വിധം: ചക്കക്കൂട്ട് ഉരുളിയിലിട്ട് ചെറുതീയിൽ വഴറ്റുക. കൂടെ പഞ്ചസാര ചേർത്തിളക്കുക. ഗ്ലൂക്കോസും വനസ്പതിയും ചേർത്ത് വീണ്ടുമിളക്കി അല്പം മുറുകിവരുമ്പോൾ പാൽപ്പൊടി കാൽഗ്ലാസ് വെള്ളത്തിൽ കലക്കിയൊഴിക്കുക.

നന്നായി കുറുകിവരുമ്പോൾ ഉരുട്ടിനോക്കുക. ഒട്ടാത്ത അവസ്ഥയിൽ വാങ്ങി നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് സമനിരപ്പാക്കുക. നന്നായി തണുത്തശേഷം മിഠായിയുടെ രൂപത്തിൽ മുറിച്ച് പേപ്പറിൽ ചുരുട്ടുക. വേനലവധിക്ക് മറുകണ്ടംചാടുന്ന കുസൃതികളെ പാട്ടിലാക്കാൻ ഇൗ മിഠായി മതിയാകും.

കുടിക്കാം, ചക്കവൈൻ
വിവിധയിനം പഴവർഗങ്ങളുപയോഗിച്ച് വൈനുണ്ടാക്കുന്നതുപോലെ ചക്കയുപയോഗിച്ചും വൈനുണ്ടാക്കാം.
ആവശ്യമായ ചേരുവകൾ: പഴുത്ത ചക്കച്ചുളകൾ(വരിക്ക/കൂഴ)- 1 കി.ഗ്രാം, പഞ്ചസാര- 1 കി.ഗ്രാം, തിളപ്പിച്ചാറ്റിയ വെള്ളം- 2 ലിറ്റർ, യീസ്റ്റ്- അര ടീസ്പൂൺ,മുട്ടവെള്ള- ഒരു മുട്ടയുടേത്.

പാകം ചെയ്യുന്നവിധം: യീസ്റ്റ്, ഒരു ടീസ്പൂൺ പഞ്ചസാര എന്നിവ

അരകപ്പ് ഇളം ചൂടുവെള്ളത്തിൽ ലയിപ്പിക്കുക. ചക്കച്ചുളകൾ നികക്കെ വെള്ളമൊഴിച്ച് വേവിച്ച് ചൂടാറിയാൽ ഉടച്ചെടുക്കുക.
ഒരു ഭരണിയിൽ ചക്ക ഉടച്ചത്,പഞ്ചസാര, തിളപ്പിച്ചാറിയ വെള്ളം,

യീസ്റ്റ് ലായനി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഭരണി അടപ്പുകൊണ്ട് അടച്ച് തുണികൊണ്ട് ഭദ്രമായി മൂടിക്കട്ടുക.

അടുത്ത ദിവസം മതൽ 12 ദിവസം വരെ എല്ലാ ദിവസവും ഒരേസമയം ജലാംശമില്ലാത്ത മരത്തവികൊണ്ട് ഇളക്കിക്കൊടുക്കുക(പുളിക്കൽ പ്രക്രിയ വേഗത്തിലാവാൻ വേണ്ടിയാണിത്). 12 ദിവസത്തിനുശേഷം അരിച്ചെടുക്കുക.

പഞ്ചസാര വേണമെന്നുണ്ടെങ്കിൽ കൂടുതൽ ചേർക്കാം. മുട്ടയുടെ വെള്ള പതപ്പിച്ചത് ചേർത്ത് യോജിപ്പിക്കുക. മൂന്നു ദിവസംകൂടി വെച്ച്, അരിക്കുക. തുടർന്ന് ഒരു മാസത്തിനുശേഷം തെളിഞ്ഞ നീര് മാത്രം എടുത്ത് ഉപയോഗിക്കാം.

ചക്കപ്രേമികൂട്ടായ്മ
2009-ലാണ് കടമ്പൂർ കേന്ദ്രീകരിച്ച് ജീവകാന്തം സൊസൈറ്റി നിലവിൽവന്നത്. എം.എം.സുരേശൻ പ്രസിഡന്റും എം.എസ്.ആനന്ദ് സെക്രട്ടറിയുമായാണ് സൊസൈറ്റി തുടക്കമിട്ടത്.2011-ൽ കടമ്പൂരിൽ ചക്കമഹോത്സവം സംഘടിപ്പിച്ചാണ് തുടക്കം. സൊസൈറ്റിക്ക് കീഴിൽ ജാക്ക്‌ ഫ്രൂട്ട് ലവേഴ്സ് ഫോറം പിറന്നു.

ചക്കവിഭവനിർമാണത്തിലും വിതരണത്തിലും പ്രചാരണത്തിലും സജീവമായവരെ ഉൾപ്പെടുത്തിയാണ് ഫോറം നിലവിൽവന്നത്. റിട്ട. കൃഷി ഓഫീസർ ലക്ഷ്മി പട്ടേരി, ഷീന ഉദയ്, ഷീബ സനീഷ്, രജനി സുജിത്, സുജ കൊറ്റാളി, രൂപ സി.പുരുഷോത്തമൻ തുടങ്ങിയവരാണ് 25 അംഗ സംഘത്തിലെ സജീവപ്രവർത്തകർ. ഫോറത്തിന്റെ നേതൃത്വത്തിൽ ഇതേവരെ കണ്ണൂർ ജില്ലയ്ക്കകത്തും പുറത്തുമായി നടത്തിയത് നിരവധി മേളകൾ.

ചക്കവിഭവങ്ങളെ പരിചയപ്പെടുത്തൽ, വിപണനം, ബോധവത്കരണക്ലാസുകൾ എന്നിവയാണ് ഫോറം ഏറ്റെടുത്ത് നടത്തുന്നത്. “പ്ലാവുകളുടെ കുറവാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. വീട്ടുപണിക്കുംമറ്റുമായി പ്ലാവ് വെട്ടുന്നതിനനുസരിച്ച് വെച്ചുപിടിപ്പിക്കാൻ ആരും ശ്രദ്ധിക്കാറില്ല. ജാക്ക്ഫ്രൂട്ട് ലവേഴ്സിന്റെ നേതൃത്വത്തിൽ പ്ലാവ് സർവേ, പ്ലാവ് വെച്ചുപിടിപ്പിക്കൽ എന്നിവ

ആസൂത്രണം ചെയ്യുന്നുണ്ട്” -ജീവകാന്തം സൊസൈറ്റി സെക്രട്ടറിയായ എം.എസ്.ആനന്ദ് പറയുന്നു.
ഫോറത്തിന്റെ നേതൃത്വത്തിൽ ‘ചക്കയറിവുകൾ’ എന്ന പുസ്തകവും പുറത്തിറക്കി. നടൻ ശ്രീനിവാസനാണ് ഇത് പ്രകാശനം ചെയ്തത്. നേര​േത്ത നടത്തിയതുപോലെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ‘വോട്ടും ചക്കയും പാഴാക്കരുത്’ എന്ന കാമ്പയിൻ സംഘടിപ്പിക്കാനും കൂട്ടായ്മക്ക് പദ്ധതിയുണ്ട്.