കാസയേന്തുന്ന കരങ്ങൾക്ക് പച്ചക്കറി കൃഷിയും സാധ്യമാണോ എന്ന ചോദ്യത്തിന് പുന്നക്കുന്ന് സെയ്ന്റ്‌ മേരീസ് പള്ളിവികാരി ഫാ. ജോസഫ് തയ്യിലിന്റെ കൈയിൽ ഉത്തരമുണ്ട്. സാധിക്കും.
വൈദികവൃത്തിക്കൊപ്പം കൃഷിയും ദിനചര്യയാക്കിയിരിക്കുകയാണ് ജൂബിലിയുടെ നിറവിൽ നിൽക്കുന്ന ഈ വൈദികൻ. രണ്ടുവർഷം മുൻപ് ഇവിടേക്കു വികാരിയായി എത്തിയപ്പോൾ പള്ളിയോടു ചേർന്നുള്ള കുറച്ച് ചെങ്കൽ ഭൂമി കാടുമൂടിയ നിലയിലായിരുന്നു. അൽപമൊന്നു വിയർപ്പൊഴുക്കിയാൽ ഇവിടം കൃഷിയോഗ്യമാക്കാമെന്നു തയ്യിലച്ചൻ പറഞ്ഞപ്പോൾ ഇടവകജനം ആദ്യമൊന്നു മടിച്ചെങ്കിലും അച്ചന്റെ കൃഷിയോടുള്ള താത്‌പര്യം കണക്കിലെടുത്ത് അവർ സമ്മതം മൂളുകയായിരുന്നു. ജെ.സി.ബി. ഉപയോഗിച്ച്‌ കരിങ്കൽ പാറകൾ ഇളക്കിമാറ്റി ഭൂമി നിരപ്പാക്കിയെടുത്ത് ചുറ്റും കയ്യാലകൾ നിർമിച്ചു.കൃഷിസ്ഥലത്തേക്ക് വെള്ളം എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ഒടുക്കം തരിശുഭൂമി കൃഷിയോഗ്യമായപ്പോൾ ഒരുവശത്ത് നേന്ത്രവാഴകൃഷിയും മറുവശത്ത് വഴുതനയും പയറും മുളകും വെണ്ടയും തക്കാളിയും ഒക്കെ വിളഞ്ഞുനിൽക്കുന്നു  
 പൂർണമായും ജൈവവളമാണ് കൃഷിക്കുപയോഗിക്കുന്നത്. ചെടികളിൽ കീടബാധയും കുറവാണ്. വിളഞ്ഞ് പാകമായ പച്ചക്കറികൾ ചുറ്റുപാടുള്ളവർക്ക് കൊടുക്കും.
വെള്ളമൊഴിക്കാനും കൃഷിയെ പരിപാലിക്കാനുമൊക്കെ ഇടവകയിലെ ക്രഡിറ്റ് യൂണിയൻ പ്രസിഡന്റു കൂടിയായ പേന്താനത്ത് ജോസും അച്ചനൊപ്പം കൂടെക്കൂടും.
  അൾത്താരയിൽ സമർപ്പിക്കാൻ പൂക്കൃഷിയും കലർപ്പില്ലാത്ത ജൈവകൃഷി മാത്രമല്ല നല്ല ഭംഗിയുള്ള പൂക്കളും പുന്നക്കുന്ന് പള്ളിയുടെ മുറ്റം നിറയെ കാണാം.
ധാരാളം ചെടിച്ചട്ടികളിലായി വ്യത്യസ്തങ്ങളായ പൂച്ചെടികളും നട്ടു പരിപാലിക്കുന്നുണ്ട് ഈ വൈദികൻ.