33  ഇനം ചെമ്പരത്തികൾ ഉൾപ്പെടുന്ന ശലഭോദ്യാനം ഒരുക്കിയാണ് തൃക്കരിപ്പൂർ വടക്കേകൊവ്വലിലെ വി.വി.സുരേഷ് 33 വർഷത്തെ അധ്യാപകജിവിതത്തെ അടയാളപ്പെടുത്തുന്നത്. ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ സുരേഷ്  31-ന് വിരമിക്കുക്കയാണ്.
സ്കൂളിലെ ജൈവവൈവിധ്യ ക്ലബ്ബ് കോ ഓർഡിനേറ്റർ കൂടിയായ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ഹരിതവത്‌കരണത്തിന് നൽകിയ സംഭാവനകൾ മാനിച്ച് സ്കൂൾ എൻ.എസ്.എസ്. യൂണിറ്റ് വ്യാഴാഴ്ച ആദരിക്കും. മൂന്നുവർഷംമുൻപാണ് ഇവിടെ അധ്യാപകനായി എത്തിച്ചേർന്നത്. കഴിഞ്ഞ വർഷം പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റ്, പി.എം. ഫൗണ്ടേഷൻ പുരസ്കാരം, ജൈവ വൈവിധ്യ അവാർഡ് തുടങ്ങിയ നേട്ടങ്ങൾ കരസ്ഥമാക്കിയ സ്കൂളിന്റെ ഹരിതവത്‌കരണത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് എൻ.എസ്.എസ്. യൂണിറ്റ് ആദരം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
33 വർഷത്തെ സേവനത്തിനിടയിൽ ഭൂരിഭാഗവും ചെലവഴിച്ചത് പുറച്ചേരി ഗവ. യു.പി. സ്കൂളിലാണ്. പയ്യന്നൂർ എടാട്ട് സീക്ക് ക്ലബ്ബുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതോടെ പരിസ്ഥിതി പ്രവർത്തകരായ പ്രൊഫ. ജോൺസി ജേക്കബ്, ടി.പി.പത്മനാഭൻ, വി.സി.ബാലകൃഷ്ണൻ എന്നിവരുമായുള്ള അടുപ്പം പുതിയ ജീവിതരീതി തന്നെ രൂപപ്പെടുത്തി. പാറനിറഞ്ഞ സ്കൂൾ പറമ്പിൽ 75 -ഓളം മരങ്ങൾ വെച്ച് സംരക്ഷിച്ചു. പിന്നീട് വിദ്യാലയങ്ങൾ പലതും മാറി ഉദിനൂരിൽ എത്തിയതോടെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന സ്കൂൾ പറമ്പ് ഇദ്ദേഹത്തിന് കൂടുതൽ ഊർജം പകർന്നു.
ജൈവവൈവിധ്യ ക്ലബ്ബ് കോ ഓർഡിനേറ്റർ എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ജൈവവൈവിധ്യ ഉദ്യാനം, ആമ്പൽക്കുളം, ഔഷധോദ്യാനം, ജൈവ വേലിയോടെയുള്ള കമാനം, ജൈവ പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകി.
നൂറിലധികം ഇനം ചെടികൾ ഉൾപ്പെട്ട ഔഷധോദ്യാനത്തിൽ ചെടികൾ തിരിച്ചറിയാനായി പേരെഴുതി സംരക്ഷിട്ടുണ്ട്. 33 ഇനം ചെമ്പരത്തികൾക്കൊപ്പം പൂമ്പാറ്റകളെ ആകർഷിക്കുന്ന ചെടികളുമായാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. ഹരിതാഭമായ സ്കൂൾ പറമ്പ് കവാടം മുതൽ പച്ചയണിയിക്കാനായി സജ്ജമാക്കുന്ന ജൈവവേലി പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ടാണ് സ്കൂളിന്റെ പടിയിറക്കം.
ആറ് വ്യത്യസ്തയിനം വള്ളിച്ചെടികൾ ഉപയോഗിച്ചാണ് വേലി തീർക്കുന്നത്. ചെടികൾ വളർന്നുവരുന്നതുവരെ തന്റെ പരിചരണം ഇദ്ദേഹം ഉറപ്പുനൽകുന്നു.
കൂടാതെ കവാടത്തിൽ തന്നെ സ്വന്തം നിലയിൽ ആമ്പൽക്കുളവും ഉദ്യാനവും സ്കൂളിന് സമ്മാനമായി നൽകുന്നതിനുള്ള നിർമാണപ്രവൃത്തിയും നടന്നുവരികയാണ്.
സ്കൂളിലെ എൻ.എസ്.എസ്. വിദ്യാർഥികളും ജൈവ വൈവിധ്യ ക്ലബ് അംഗങ്ങളും അധ്യാപകരും നൽകിയ സഹായങ്ങളും ഇദ്ദേഹം ഓർക്കുന്നു.