ഓരോ പ്രവാസി മലയാളിയെയും ജീവിപ്പിക്കുന്നത് മനസ്സിലെ നാടിന്റെ താളമാണ്. മനസ്സിനെ മദിച്ചുകൊണ്ടിരുന്ന ആ താളത്തെ ഗൾഫ്‌നാടുകളിലെ വേദികളിലെത്തിച്ചിരിക്കുകയാണ് കാസർകോട് കൊടക്കാട്ടെ ഒരുകൂട്ടം പ്രവാസി യുവാക്കൾ.
പലപ്പോഴായി കൊടക്കാടുനിന്ന് ഗൾഫിലേക്ക് ഉപജീവനം തേടിയെത്തിയവരാണ് ശിവദം എന്ന പേരിൽ കലാകൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്. 2018-ൽ തുടക്കം കുറിച്ച കൂട്ടായ്മ ഇതിനകം ഗൾഫിലെ അനേകം വേദികളിൽ പരിപാടി അവതരിപ്പിച്ചു.
 പൂരക്കളി, ചെണ്ടമേളം എന്നിവയാണ് നിലവിൽ അവതരിപ്പിക്കുന്നത്. എൻജിനീയർമാരായ സുരാജ്, രമേശൻ, സുമേഷ്, ശ്രീഹരി, ദുബായ്‌ ഗോൾഡ് സൂക്ക് ജീവനക്കാരായ ഷിജു, വിജേഷ് എന്നിവരായിരുന്നു പ്രഥമ അംഗങ്ങൾ. കൊടക്കാട് എൻ.എസ്.എസ്.സി. ക്ലബിന്റെ പ്രവർത്തകരായിരുന്നു ഇവർ. നാട്ടിൽനിന്ന് ചെറുപ്പം മുതൽ അഭ്യസിച്ച പൂരക്കളി, ചെണ്ടമേളം എന്നിവ ആദ്യം മലയാളി കൂട്ടായ്മ വേദികളിൽ അവതരിപ്പിച്ചായിരുന്നു ശിവദത്തിന്റെ തുടക്കം.
ദുബായിയുടെ മാമാങ്കമായ ഗ്ലോബൽ വില്ലേജിൽ ഒരുലക്ഷം കാണികൾക്കു മുന്നിൽ പരിപാടി അവതരിപ്പിച്ചു. പൂരക്കളിയെ വിദേശികളടക്കം കൂടുതൽ പേരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും ശിവദത്തിനുണ്ട്.
പൂരക്കളിയുംചെണ്ടയും പഠിക്കാനാഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് പരിശീലനവും നൽകുന്നുണ്ട്.
രക്തദാനസേന, ദുരിതാശ്വാസ നിധി തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങളും കലാസംഘം ഏറ്റെടുക്കുന്നുണ്ട്.