ഉപ്പുവെള്ളത്തിൽ മാത്രം വളരുന്ന കണ്ടൽചെടികൾ ഇനി ശുദ്ധജലത്തിലും വളർത്താമെന്ന് കാട്ടുകയാണ് പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കൃഷിശാസ്ത്രജ്ഞനുമായ നീലേശ്വരം കടിഞ്ഞിമൂലയിലെ പി.വി.ദിവാകരൻ. എട്ടുവർഷമായി നടത്തിവരുന്ന പരീക്ഷണത്തിന്റെ വിജയമാണിതെന്ന് അദ്ദേഹം പറയുന്നു. കണ്ടൽവിത്തുകൾ ശുദ്ധജല ചതുപ്പിൽ മുളപ്പിച്ചെടുത്ത് ഒരുവർഷംവരെ ശുദ്ധജലവുമായി ഇണക്കിയെടുക്കുന്നതാണ് കൃഷിരീതി. ഇതിനുശേഷം ശുദ്ധജല കായൽക്കരകളിലോ രൂക്ഷമായ കരയിടിച്ചിൽ നേരിടുന്ന ചാലുകളുടെ ഇരുകരകളിലോ വെച്ചുപിടിപ്പിക്കാം.
  കായലോരത്ത് കരിങ്കൽഭിത്തിക്ക് പകരം ജൈവഭിത്തി തീർക്കാനും ഇതിനെക്കൊണ്ടാകും. എട്ടുവർഷം പ്രായമായ കണ്ടൽ ദിവാകരന്റെ ശുദ്ധജലക്കുളത്തിൽ ആരോഗ്യത്തോടെ വളരുന്നുണ്ട്. ചെടിച്ചട്ടിയിൽ അലങ്കാരച്ചെടിയായും ബോൺസായി ആയി വളർത്താനുമുള്ള പരീക്ഷണങ്ങളിലാണിപ്പോൾ. ഇതിനായി അയ്യായിരത്തോളം കണ്ടൽച്ചെടികൾ ശുദ്ധജല ചതുപ്പിൽ മുളപ്പിച്ചെടുത്തിട്ടുണ്ട്. കല്ലേൻ പൊക്കുടന് ശേഷം സംസ്ഥാനത്ത് ഏറ്റവുമധികം കണ്ടൽ വച്ചു പിടിപ്പിച്ച വ്യക്തിയാണ് ഇദ്ദേഹം.