കനത്ത വേനലിൽ നിർജലീകരണം മൂലം പരുന്തുകൾ കുഴഞ്ഞുവീഴുന്നു.
 അവശരായി വാ തുറന്ന് മണ്ണിലിരിക്കുന്ന പരുന്തുകൾ കണ്ണൂരിലും പരിസരത്തും പതിവുകാഴ്ചയാവുകയാണ്.
ബുധനാഴ്ച നടാൽ മാതൃഭൂമി ഓഫീസിനു സമീപം അവശനിലയിൽ കണ്ട കൃഷ്ണപ്പരുന്തിനെ വന്യജീവി സംരക്ഷണ സംഘടനയായ 'മാർക്കി'ന്റെ പ്രവർത്തകൻ ശ്രീജിത്ത് ഹാർവെസ്റ്റ് കണ്ണൂർ ജില്ലാ മൃഗാശുപത്രിയിലെത്തിച്ചു.
ഡോ. മുരളീധരൻ കൊയിലേരിയൻ പ്രഥമ ശുശ്രൂഷ നൽകി നിർജലീകരണമാണ് പരുന്തിന്റെ അവശതയ്ക്ക് കാരണമെന്ന് ഡോക്ടർ പറഞ്ഞു.
ഈമാസം ഇങ്ങനെയുള്ള ആറ് പരുന്തുകളെ രക്ഷിക്കാൻ സാധിച്ചിട്ടുണ്ടെന്ന് മാർക്ക് സെക്രട്ടറി റോഷ് നാഥ് രമേഷ് പറഞ്ഞു.
 നടാലിൽ അവശതയിൽ കണ്ട പരുന്തിന് ഉറുമ്പുകളുടെ ആക്രമണവും ഏറ്റുവാങ്ങേണ്ടിവന്നുവെന്നും ചികിത്സയ്ക്കുശേഷം പരുന്ത് ആരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.