പ്രളയം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ ബാവലിപ്പുഴ വരൾച്ചയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. എന്നാൽ വരൾച്ച ഇത്ര രൂക്ഷമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.  ഇപ്പോൾ ബാവലിപ്പുഴയിൽ പേരിനു മാത്രമാണ് നീരൊഴുക്കുള്ളത്. പ്രളയത്തിന്റെ അവശേഷിപ്പുകളായി പല സ്ഥലങ്ങളിലും ഉണങ്ങിയ മരത്തടികൾ ചിതറിക്കിടക്കുന്നു. ചെറിയ പുഴയായിരുന്ന ബാവലി പ്രളയ കുത്തൊഴുക്കിനുശേഷം കൽക്കൂട്ടങ്ങൾ നിറഞ്ഞ് ഏറെ വിസ്തൃതമായി.

എങ്ങുമെത്താതെ ജലസംരക്ഷണ പ്രവർത്തനങ്ങൾ
കഴിഞ്ഞവർഷങ്ങളിൽ സണ്ണി ജോസഫ് എം.എൽ.എ. നിയമസഭയിലടക്കം പരാമർശിച്ച ജലസംരക്ഷണ പ്രവർത്തനങ്ങളായിരുന്നു മലയോരത്തെ വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടത്തിയത്. പുഴയുടെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിനു ചെറുതടയണകൾ കെട്ടുന്നതായിരുന്നു ഇതിൽ പ്രധാനം. എന്നാൽ ഈ വർഷം പുഴ സംരക്ഷണ പ്രവർത്തനങ്ങൾ പേരിനു മാത്രമായി ചുരുങ്ങി. തടയണകൾ കെട്ടാൻ വൈകി. പുഴ വിസ്തൃതമായത് തടയണ നിർമാണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. ഇത് പുഴയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ആക്കം കൂട്ടി. പുഴ ഇപ്പോൾ വറ്റിവരണ്ട അവസ്ഥയിലാണ്. സമീപപ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും വറ്റുകയും ജലനിരപ്പ് ക്രമാതീതമായി താഴുകയും ചെയ്യുന്നു. പുഴയെ ആശ്രയിച്ചു കഴിയുന്ന നൂറുകണക്കിനു ജനങ്ങൾക്കു മുന്നിൽ ബാവലിപ്പുഴ ഇന്ന് വരൾച്ചയുടെ നേർചിത്രമാണ്.

പൂർവസ്ഥിതിയിലാക്കാൻ സർവേ
പുഴയുടെ തകർന്നതും വഴിമാറിയൊഴുകിയതുമായ ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി നീരൊഴുക്ക് സുഗമമാക്കാൻ പ്രളയം കഴിഞ്ഞ് ഒരുമാസത്തിനകം തന്നെ ജലസേചനവകുപ്പിന് കൊട്ടിയൂർ പഞ്ചായത്ത് റിപ്പോർട്ട് നൽകിയിരുന്നു. ഒരാഴ്ചമുൻപ് മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തി. അമ്പായത്തോടു മുതൽ ചുങ്കക്കുന്നുവരെ ഒഴുക്ക്‌ തടസ്സപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളെ പൂർവസ്ഥിതിയിലാക്കാനായുള്ള പ്രവർത്തനങ്ങളാണ് നടത്തുക. വരുന്ന മഴക്കാലത്തിനു മുൻപേ പൂർത്തിയാക്കും.

ആദിവാസികളുടെ വരവും കുറഞ്ഞു
വേനൽ കനക്കുന്നതോടെ കോളനികളിൽ താമസിക്കുന്ന ആദിവാസികൾ കൂട്ടത്തോടെ പുഴയോരത്ത് താത്‌കാലിക ചെറുകുടിലുകൾ കെട്ടിത്താമസിക്കാനെത്തുന്നത് കഴിഞ്ഞ വർഷങ്ങളിലൊക്കെ ബാവലിപ്പുഴയോരത്തെ സ്ഥിരം കാഴ്ചയായിരുന്നു. വേനൽക്കാലങ്ങളിൽ രാവിലെ പുഴയോരത്തെത്തി വൈകുന്നേരത്തോടെ തിരിച്ചുപോകുന്നത് ഒരുവിഭാഗം ആദിവാസികളുടെ ജീവിതരീതിയായിരുന്നു. കോളനികളിലെ കുടിവെള്ളക്ഷാമം ഈ വരവിനു ഒരു കാരണമായിരുന്നു. എന്നാൽ ഈ വർഷം നീണ്ടുനോക്കി, കണിച്ചാർ തുടങ്ങിയ പുഴയിൽ വെള്ളമുള്ള ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇവരെത്തിയത്. പുഴയോരത്ത് ചെറുകുഴികൾ കുഴിച്ച് ഇതിൽനിന്നുമാണ് ഇവർ കുടിക്കാനുള്ള വെള്ളം ശേഖരിക്കുന്നത്.

 കൊട്ടിയൂർ പഞ്ചായത്തിൽ പാലുകാച്ചിയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമമുള്ള പ്രദേശം. മറ്റു പ്രദേശങ്ങളിലും ക്ഷാമം രൂക്ഷമാവുകയാണ്. അടുത്തയാഴ്ച മുതൽ ലോറിയിൽ വെള്ളം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ പറയുന്നു.

കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ പറയുന്നതിങ്ങനെയാണ്‌. പുഴകളിൽ തടയണകൾ കെട്ടിയതിന് കഴിഞ്ഞ കാലങ്ങളിലേതുപോലെ ഫലം ലഭിച്ചില്ല. പ്രളയത്തിൽ തകർന്ന പുഴയിൽ പല ഭാഗങ്ങളിലൂടെയാണ് നീരൊഴുകുനത്. പഞ്ചായത്തിൽ ചെട്ടിയാംപറമ്പിലാണ് കുടിവെള്ളക്ഷാമമുള്ളത്. എങ്കിലും ക്ഷാമം അത്ര രൂക്ഷമായിട്ടില്ല. വോൾട്ടേജ് ക്ഷാമം നേരിടുന്നതിനാൽ വെള്ളം പമ്പ് ചെയ്യുന്നതിന് ചെറിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. മുൻവർഷങ്ങളിൽ ലോറികളിൽ വെള്ളം വിതരണം ചെയ്തിരുന്നു. ഈ വർഷവും വിതരണം ചെയ്യാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.