* നേരിൽ കാണാൻ പോയത്‌ പ്രധാനമന്ത്രിമാരായ മൊറാർജി ദേശായി,വി.പി.സിങ്‌, മുഖ്യമന്ത്രി ഇ.എം.എസ്. ഇന്ദ്രജിത് ഗുപ്ത, പട്ടാള ഉദ്യോഗസ്ഥർ തുടങ്ങിയവരെ

* ഹിന്ദി പഠിച്ചത്‌ പട്ടാളത്തിന് കത്തെഴുതാൻ വേണ്ടിമാത്രം

അമ്പത്തഞ്ച് വർഷങ്ങൾക്കു മുൻപാണ്. ജബൽപുരിലെ കൊടുംതണുപ്പുള്ള പകൽ.

കടുംപച്ചനിറമുള്ള കട്ടിത്തുണിയാൽ മറച്ച ജബൽപുർ മിലിട്രി ബാരക്കിൽ അയാൾ മാത്രം. കൂടെയുള്ളവർ എല്ലാവരും രാവിലെതന്നെ പരേഡിന് പോയിരിക്കുന്നു. ഏറെ നേരത്തിനുശേഷംവേപ്പുമരങ്ങൾ അതിരിട്ട വലിയ മൈതാനത്തിന്റെ അടുത്തുള്ള പൊടിപിടിച്ച മഞ്ഞനിറമുള്ള കെട്ടിടത്തിലേക്ക് അയാൾ ആശങ്കയോടെ നടന്നു.

എന്തിനായിരിക്കും കമാൻഡിങ്‌ ഓഫീസർ തന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ടാവുക. തലേദിവസം രാത്രി ഏഴുമണിക്ക് റോൾകോളിനിടെ കമാൻഡിങ്‌ ഓഫീസർ ഭാവദേമില്ലാതെ വിളിച്ചുപറഞ്ഞിരുന്നു.

'പി.കുമാരൻ നമ്പർ 6300913' നാളെ മുതൽ നിങ്ങൾ പരേഡിന് പോവേണ്ട''.'രാവിലെ പി.കമ്പനിയിൽ ഹാജരാവുക.' പരേഡിൽ വല്ല തെറ്റും പറ്റിയോ എന്ന ആശങ്കയാണ് കുമാരനുണ്ടായത്. സഹപ്രവർത്തകർക്കും ഒന്നും മനസ്സിലായില്ല.

അയാൾ പി.കമ്പനിയുടെ ഓഫീസിൽ പേടിയോടെയെത്തി. തലപ്പാവും താടിയുമുള്ള പഞ്ചാബി ഓഫീസർ കുമാരനെ കണ്ടയുടനെ കടന്നുവരാൻ പറഞ്ഞു. 'തും, പി.കുമാരൻ'
'ജി സർ.'
'തുമേ ജോഡ്‌നെ കാ ഓർഡർ ആയാ' (ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള ഉത്തരവെത്തി). ശരീരമാസകലം ഒരു വിറയൽ പാഞ്ഞു.

തണുപ്പിലും അയാൾ വിയർത്തു. സർ, കുമാരൻ വിക്കി. 'ഗാവ് മെ തും ബഡാ കമ്യൂണിസ്റ്റ് വർക്കർ',

മേശമേലുള്ള കടലാസിൽത്തന്നെ കണ്ണുംനട്ട് പഞ്ചാബി ഓഫീസർ പറഞ്ഞു.

'നയി സാർ നയി. 'കുമാരൻ വിശ്വസിക്കാനാവാതെ പറഞ്ഞു.

'ഓർഡർ ആയാ ഓർഡർ ആയാ.'...

അയാൾ നിസ്സഹായതയോടെ പറഞ്ഞു.

നിർവികാരമായ മുഖത്തോടെ ഓഫീസർ കടലാസ് മടക്കി വലിയ പുസ്തകത്തിൽ വെച്ചു. പോകാം എന്ന ആംഗ്യത്തോടെ കുമാരനെ നോക്കി.

144 ദിവസത്തെ സേവനം
മൂന്നുദിവസത്തിനകം വെറും 144 ദിവസത്തെ സേവനത്തിനുശേഷം കണ്ണൂർ തിലാന്നൂർ സ്വദേശിയായ പട്ടാളക്കാരൻ പി.കുമാരൻ സൈന്യത്തിൽനിന്ന് പുറത്തായി. കാരണം അയാൾ കടുത്ത കമ്യൂണിസ്റ്റ്‌ പ്രവർത്തകനാണത്രെ. വെറും അഞ്ചുമാസത്തെ പട്ടാളസേവനത്തിനുശേഷം അയാൾ നാട്ടിലേക്ക് മടങ്ങി. അപ്പോൾ പ്രായം 22. പട്ടാളക്കാരനാവുക എന്ന മോഹത്തോടെ വീട്ടിൽനിന്ന്‌ ഒളിച്ചോടി ചേർന്നതാണ്.തലശ്ശേരിയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ അപ്പോൾത്തന്നെ സെലക്ഷൻ കിട്ടി.അന്നുതന്നെ ജബൽപുരിലേക്ക് വണ്ടി കയറി. അവിടെയെത്തിയ ശേഷമാണ് വീട്ടിലേക്ക് കത്തയച്ചത്. കുമാരൻ നാടുവിട്ടതായാണ് വീട്ടുകാർ കരുതിയത്. കടുത്ത ദാരിദ്ര്യത്തെത്തുടർന്നാണ് നല്ല ജോലി എന്നനിലയിൽ പട്ടാളത്തിൽ ചേരാൻ പോയത്. അത് കുമാരന്റെ ഒരു സ്വപ്നവുമായിരുന്നു.
കുമാരൻ കമ്യൂണിസ്റ്റ്‌ പാർട്ടിക്കാരനായിരുന്നില്ല. അച്ഛനും അമ്മയുമൊക്കെ 1957-ലെ ഇ.എം.എസ്. സർക്കാരിന്റെ സമയത്ത് പാർട്ടിക്ക് വോട്ട് ചെയ്തിരുന്നു. നാട്ടിൽനിന്ന് ആരോ എഴുതിയ ഊമക്കത്തിന്റെ ബലത്തിലായിരിക്കും അക്കാലത്ത് നിലവിലുള്ള കുപ്രസിദ്ധമായ 'കമ്യൂണിസ്റ്റ്‌ വെരിഫിക്കേഷൻ' നയത്തിന്റെ ഭാഗമായി കുമാരനുൾ​െപ്പടെ നിരവധിപേർ പട്ടാളത്തിൽ നിന്ന് പുറത്തായത്.
ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും കാലമാണ്.ഒരു ​േജാലി പലർക്കും  സ്വപ്‌നമായിരുന്നു. പത്തംഗങ്ങളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്നു കുമാരൻ. പട്ടാളത്തിൽനിന്നു ആദ്യമാസം ലഭിച്ചത് 60 രൂപ ശമ്പളം.അന്നത് വലിയ പണമായിരുന്നു. അതിൽ 40 രൂപ വീട്ടിലേക്കയച്ചു. പ്രതീക്ഷയുടെ കാലഘട്ടത്തിലേക്ക് ഒരു കുടുംബം തളിർക്കുമ്പോഴേക്കും അത് കരിഞ്ഞു വീണു.

മനസ്സിൽ കനലുണ്ട്
കുമാരന് ഇന്ന്‌ പ്രായം 77. ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. പ​േക്ഷ മനസ്സിൽ കനലുണ്ട്. അതിന്റെ പുകയും പുകച്ചലുമുണ്ട്. അരനൂറ്റാണ്ടിലധികമായി അയാൾ പോരാട്ടത്തിലാണ്. നിരപരാധിയായ തന്നെ  പിരിച്ചുവിട്ടത് എന്തിനായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. മരിക്കുന്നതിനുമുൻപ് പട്ടാളക്കാരനായി അംഗീകരിക്കണം.തനിക്ക് നഷ്ടപരിഹാരം ലഭിക്കണം.

അതിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ യാത്രകൾ ആരെയും അമ്പരപ്പിക്കുന്നതാണ്. പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും മുതിർന്ന പട്ടാള ഉദ്യോഗസ്ഥരെയും തേടിയുള്ള അദ്ദേഹത്തിന്റെ എല്ലാ യാത്രകളും വിഫലമായി. വിഫലമാവാത്തത് ഒന്നുമാത്രം മനസ്സിന്റെ ഇച്ഛാശക്തി. ബീഡിത്തൊഴിലാളിയായി, പത്രവിൽപ്പനക്കാരനായി, ഉത്തരേന്ത്യയിൽ കറങ്ങിനടക്കുന്ന

തുണിവിൽപ്പനക്കാരനായി,ബിസിനസുകാരനായി ജീവിതം നെയ്യുമ്പോഴും അയാൾ തന്റെ ആഗ്രഹം ആർക്കും വിട്ടുകൊടുത്തില്ല. പട്ടാളം, പട്ടാളക്കാരൻ.

കണ്ണൂർ തിലാന്നൂർ 'മാതൃഭൂമി' സ്റ്റോപ്പിൽ രമാനിവാസിൽ താമസിക്കുന്ന പി.കുമാരൻ ഉടുപ്പയിൽ രാമന്റെയും പൊക്കിച്ചിയുടെയും 10 മക്കളിൽ രണ്ടാമനാണ്. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ 1953 ഡിസംബർ ഒമ്പതിനാണ് ജബൽപുരിൽ പട്ടാളത്തിൽ സിഗ്നൽസിൽ ജോലിക്ക് ചേരുന്നത്. തലശ്ശേരിയിൽ നടന്ന റിക്രൂട്ട്‌മെന്റിൽ രണ്ടായിരത്തിലധികം പേർ പങ്കെടുത്തിരുന്നു.അതിൽ 16 പേർക്കാണ് സെലക്ഷൻ ലഭിച്ചത്. അതിൽ എട്ടുപേരെയാണ് ജബൽപുരിൽ സിഗ്നൽസിലേക്ക് അയച്ചത്.കുമാരന് ആ സമയം തിലാന്നൂരിൽ ഹരിദാസ് ബീഡി ബ്രാഞ്ചിൽ ബീഡി തെറുപ്പായിരുന്നു ജോലി.  ഒടുവിൽ സെലക്ഷനായി. അന്നുരാത്രി 9.30-ന്റെ തീവണ്ടിയിൽ നേരെ ഇറ്റാർസി വഴി ജബൽപുരിലേക്ക്്. മൂന്നുദിവസത്തെ ചെലവിലേക്കായി പത്തര രൂപയും പട്ടാളം കൊടുത്തു. നിശ്ചിതകാലം വരെ പട്ടാളത്തിൽ ജോലിചെയ്യാമെന്ന്‌ ബോണ്ടിൽ ഒപ്പുവെപ്പിച്ചു.

തിരികെ വീട്ടിലേക്ക്
പട്ടാളത്തിൽനിന്ന് പരിച്ചുവിട്ട് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ കുടുംബത്തിലെ ദാരിദ്ര്യംതന്നെ പ്രശ്നം. ഏട്ടനുമാത്രം ബിഡിപ്പണി. പിന്നെ ചില്ലറ കൃഷിയും. പിന്നെ എല്ലാവരും പോകുന്നത് പോലെ കുമാരൻ നെയ്ത്തിലേക്ക് നീങ്ങി. തൂവാല നെയ്ത്തിന് അന്നു പണിയുണ്ടായിരുന്നു.
അക്കാലം കേന്ദ്രത്തിലും സംസ്ഥാനത്തും 'പോലീസ് വെരിഫിക്കേഷൻ' യാഥാർഥ്യമായിരുന്നു. കമ്യൂണിസ്റ്റെന്ന് സംശയം തോന്നുന്നവരെയെല്ലാം സർക്കാർ സർവീസിൽ നിന്ന്‌ പിരിച്ചുവിട്ടിരുന്നു. രാജ്യത്താകമാനം ആയിരക്കണക്കിനാളുകൾക്ക് അങ്ങനെ ജോലിപോയി. കൂടുതലും പട്ടാളക്കാർ. കേരളത്തിൽ ആയിരത്തോളം അത്തരം പട്ടാളക്കാരുണ്ടായിരുന്നു. കൂടുതലും ഉത്തരമലബാറിൽപ്പെട്ടവരായിരുന്നു.  

പട്ടാളത്തിന് കത്തെഴുതാൻ തന്നെ കുമാരൻ തീരുമാനിച്ചു. അതിനായി ഹിന്ദി പഠിക്കാൻ തിരുമാനിച്ചു. ഹിന്ദിപ്രചാർസഭയിൽ ചേർന്ന്‌ ഹിന്ദി പഠിച്ചു. അതിനിടെ 'മാതൃഭൂമി' പത്രത്തിന്റെ ഏജന്റായി. പിന്നെ തുണിനെയ്ത്തിന്റെ ആസ്ഥാനമായ ഗുജറാത്തിലേക്ക് വണ്ടികയറി. പിന്നെ നാട്ടിലെത്തി സ്വന്തമായ കമ്പനി തുടങ്ങി ജപ്പാനിൽനിന്ന് ടെറാക്കോട്ടൻ വ്യാപകമായതോടെ ഹാൻഡ്‌ലൂം തകർച്ചയിലായി. ഒടുവിൽ കുമാരൻ കൃഷിയിലേക്ക് നീങ്ങി.

അതിനിടെ 1967-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്സിനെ കണ്ട്‌ കാര്യം പറഞ്ഞു. സംസ്ഥാന സർവീസിൽനിന്ന്പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുകയും കമ്യൂണിസ്റ്റ്‌ വെരിഫിക്കേഷൻ എന്ന നടപടി അദ്ദേഹം ഒഴിവാക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തിന്റെ കാര്യം തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്ന് ഇ.എം.എസ് പറഞ്ഞു.

പോരാട്ടം തുടരുന്നു
1977-ൽ അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യത്ത് ആദ്യമായി കോൺഗ്രസിതര സർക്കാർ 1977-ൽ വന്നു. മൊറാർജി ദേശായി പ്രധാനമന്ത്രി. ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അധികാരം കുറച്ചു.

 പട്ടാളത്തിലെ അകാരണ പിരിച്ചുവിടൽ കോടതിയിൽ ചോദ്യംചെയ്യാം എന്ന നില വന്നു. കുമാരൻ നേരിട്ട്‌ പ്രധാനമന്ത്രി മൊറാർജി ദേശായിയെ കണ്ടു. അന്നത്തെ രാജ്യസഭാംഗങ്ങളായ കുഞ്ഞച്ചൻ, പാട്യം രാജൻ എന്നിവരാണ് മൊറാർജിയെ കാണാൻ സഹായം െചയ്തു കൊടുത്തത്.

കേരളത്തിൽ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഒറ്റ ലോക്‌സഭാംഗങ്ങൾ 77-ൽ ഉണ്ടായിരുന്നില്ല. സി.ബി.ഐ. അന്വേഷിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കൽ സി.ബി.ഐ. വിളിപ്പിച്ചു.

പിന്നെ കേസ് ഒന്നുമായില്ല. അത്രമാത്രം. പിന്നീട് പ്രധാനമന്ത്രി വി.പി.സിങ്‌, ഇന്ദ്രജിത് ഗുപ്ത എന്നിവരെയും കണ്ടു ഒന്നും നടന്നില്ല. അതിനിടെ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ഒരു മാസം സൈനികസേവനം അനുഷ്ഠിച്ചവർക്ക് പോലും കാന്റീൻ സൗകര്യങ്ങൾ ഉൾ​െപ്പ​ടെ ആനുകൂല്യം ലഭിച്ചു. 1997 മുതൽ അവർക്ക് പ്രതിമാസം 6000 രൂപ പെൻഷനും ലഭിച്ചു.

മരിക്കുന്നതിനുമുൻപ് ഒരുവാക്ക് അനുകൂലമായി ലഭിച്ചെങ്കിൽ എന്ന ചിന്തയിൽ പൊടിപിടിച്ച കടലാസ്‌കെട്ടുമായി കുമാരൻ യാത്ര തുടങ്ങി.
എന്നാൽ അനുകൂല നടപടികളൊന്നമുണ്ടായില്ല. അതിനിടെ അദ്ദേഹത്തിന് അറ്റാക്ക് വന്ന്‌ കുറച്ചുകാലം കിടപ്പിലുമായി.  ഒരു സഹകരണ സ്ഥാപനത്തിൽ നിന്ന്‌ വിരമിച്ച പി.രമയാണ് ഭാര്യ. മക്കളില്ല.