ഇ. രാജീവൻ- കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി. മകൾക്ക് പബ്ലിക് പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് കിട്ടാത്തതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ആ പത്താം ക്ലാസുകാരി അച്ഛനെ ഞെട്ടിച്ചുകളഞ്ഞത്.
മാസങ്ങൾക്കുമുമ്പ് വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോയ ഒരംഗത്തിന്റെ അസാന്നിധ്യമായിരുന്നു കടുത്ത മാനസികസംഘർഷത്തിലേക്ക് കുട്ടിയെ തള്ളിയിട്ടത്. ചിരകാലമായി രാജീവന്റെ സഹചാരിയായിരുന്ന 1990 മോഡൽ അംബാസഡർ കാറായിരുന്നു പ്രശ്നക്കാരൻ. ഡ്രൈവിങ്‌ സ്കൂൾ ഉടമകൂടിയായ അച്ഛനൊപ്പം അംബാസിഡർ കാറിന്റെ മിടിപ്പുകൾ മകളും സ്വായത്തമാക്കിയിരുന്നു.
യന്ത്രവുംഹൃദയവുമായുള്ള ബന്ധം തിരിച്ചറിഞ്ഞ രാജീവൻ ഒരിക്കൽ കൈവിട്ടുപോയ കാറുതേടിയിറങ്ങി. ഒടുവിൽ 70,000 രൂപയുടെഅധികബാധ്യതയിൽ ആ പഴയ സ്നേഹിതനെ വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ പിണങ്ങിപ്പോയ
ബന്ധുവിന്റെ തിരിച്ചുവരവെന്നപോലെ രാജീവന്റെ കുടുംബം ആഹ്ലാദിച്ചു.   
ഇതൊരു രാജീവന്റെ മാത്രം കഥയല്ല. 1960 മുതൽ തൊണ്ണൂറുകളുടെ ഒടുക്കംവരെ ഇന്ത്യൻ നിരത്തുകൾ കീഴടക്കിയ അംബാസഡർ കാറുകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരുകൂട്ടം കാറുടമകൾ ഇവിടെയുണ്ട്. കാസർകോടിന്റെ വിവിധ പ്രദേശങ്ങളിലായുള്ള ഇവർക്കായി ഒരു വാട്സാപ്പ്  കൂട്ടായ്മയുമുണ്ട്. 2014-ൽ നിർമാണംനിർത്തിവെച്ച അബാസഡറിന്റെ അവസാനസൂക്ഷിപ്പുകാരുടെ ഈ കൂട്ടായ്മയിൽ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരുണ്ട്. എല്ലാവരുടെയും യാത്രാവാഹനവും ഇതുതന്നെയാണ്. പടന്നക്കാട്ടെ പ്രകാശനും ഇരിയയിലെ രാഘവേന്ദ്രയും ഗുരുവനത്തെ അജിത് കുമാറും പരപ്പ കരാട്ടെ ശിഹാബും ഐങ്ങോത്തെ പ്രണവുമാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ   പിടിക്കുന്നത്. കൂട്ടായ്മയിലെ അംഗങ്ങളുടെ അംബാസഡറിനുതകരാറ് വന്നാൽ സ്പെയർപാർട്സ് ഉൾപ്പെടെയുള്ളവ ലഭിക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവർ വിവരം കൈമാറും. എന്തുകൊണ്ട് അംബാസഡർ എന്നചോദ്യത്തിന് ഉത്തരമേകാൻ രണ്ടുമാസം മുമ്പ് ഇവർ നീലേശ്വരം മുതൽ കാഞ്ഞങ്ങാട് വരെ അംബാസഡർ റാലിയും നടത്തിയിരുന്നു.
മൂന്നുംനാലും വർഷം കാത്തിരുന്നു അംബാസഡർ സ്വന്തമാക്കിയവരും ഈ കൂട്ടായ്മയിലുണ്ട്. ഗുരുവായൂർ സ്വദേശി ബയോ മെഡിക്കൽ എൻജിനീയർ സിനോയ് വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഒരു അംബാസഡർ സ്വന്തമാക്കിയത്. 54 കാറുടമകളെ ഗ്രൂപ്പിലെ അംഗങ്ങളാക്കിക്കഴിഞ്ഞു.
കാറും കാറിന്റെ വിശേഷങ്ങളും തന്നെയാണ് ഗ്രൂപ്പിലെ മുഖ്യസംസാരവിഷയം. ചെറുവത്തൂരിലെ കാറുടമ കൂടിയായ ഭാസ്കരനാണ് ഗ്രൂപ്പിലെ പ്രധാന മെക്കാനിക്ക്. വണ്ടി തകരാറായാൽ ആദ്യം ഓടിയെത്തുന്നത് ഭാസ്കരേട്ടനു മുന്നിലാണ്.ചെറിയ തകരാറുകൾക്കുള്ള പരിഹാരനിർദേശങ്ങൾ വാട്സാപ്പ് വഴി തന്നെ നിർദേശിക്കും.
സുരക്ഷിതയാത്രയും ഡ്രൈവിങ്ങിലെ അനായാസതയുമാണ് ഇവരെ അംബാസഡർ കൈവിടാതിരിക്കാൻപ്രേരിപ്പിക്കുന്നത്.
പടന്നക്കാട്‌ നെഹ്രു കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. യു.ശശിമേനോന് ആഡംബരവാഹനമായ ബി.എം.ഡബ്ല്യു ഉൾപ്പെടെ സ്വന്തമായുണ്ടെങ്കിലും യാത്രകൾ അംബാസഡറിലാണ്.
നീലേശ്വരത്തെ വിഷചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസും ഉപയോഗിക്കുന്നത് 1972 മോഡൽ അംബാസഡറാണ്.