കുളിക്കാൻ കുഴിമടിയനായ അപ്പുവിന് ഇപ്പോൾ നാലുനേരം കുളി നിർബന്ധം. കുളിച്ചില്ലെങ്കിൽ അവൻ ഒച്ചയിടും. തിന്നാൻ വത്തക്കയും ഇഷ്ടംപോലെ കിട്ടുന്നുണ്ട്.
പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിലെ തൊപ്പിക്കുരങ്ങാണ് അപ്പു. കുളിക്കാൻ വല്ലാത്ത മടിയാണ് വെള്ളം കണ്ടാൽ ഓടും. ഇപ്പോൾ തലതാഴ്ത്തിനിന്നുതരും. കൊടും ചൂടുതന്നെയാണ് കാരണം. പാർക്കിലെ വെറ്ററിനറി ഓഫീസർ അഞ്ജു മോഹൻ പറഞ്ഞു.
മുൻപെങ്ങുമില്ലാത്ത വിധം കടുത്തവേനലിന്റെ പിടിയിലാണ് നാടും നഗരവും. പതിവിന് വിപരിതമായി ചൂട്‌ കടുത്തപ്പോൾ മൃഗങ്ങളും മറ്റും അസ്വസ്തരായപ്പോഴാണ് സ്നേക്ക് പാർക്കിൽ ഇവർക്ക് പ്രത്യേക തണുപ്പിക്കൽ പരിപാടി ഏർപ്പെടുത്തിയത്. കുരങ്ങുകകൾക്കും മറ്റും ഇഷ്ടം പോലെ തിന്നാൻ വത്തക്ക കൊടുത്തുതുടങ്ങി. കൂടുകളിൽ പ്രത്യേകം വെള്ളം പമ്പുചെയ്യുന്ന സംവിധാനമൊരുക്കി. അതിനുപുറമെ കൂടുകളിൽ ഷവർ നിർമിക്കുന്നതിനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്‌. എല്ലാ കൂടുകൾക്കു വെളിയിലും വള്ളച്ചെടികൾ വെച്ചുപിടിപ്പിച്ച് താപനില നിയന്ത്രിച്ചു.
മുതലകൾക്കായി ഇടവേളകളിൽ വെള്ളം പമ്പുചെയ്യുന്ന സ്പ്രിം​േഗ്ലഴ്‌സ് ഒരുക്കിയിട്ടണ്ട്. 25 മുതലകളാണ് കൂട്ടിലുള്ളത്. പാമ്പുകളെ തണുപ്പിക്കാനായി ഫാനുകൾ ഒരുക്കിയിട്ടുണ്ട്. ഓടിട്ട മേൽക്കൂരയയിലും ഇടവേളകളിൽ വെള്ളം പമ്പുചെയ്യുന്നുണ്ട്്. രാജവെമ്പാലകളുടെ കൂട്ടിൽ കൃത്രിമ നിർച്ചാൽ ഒരുക്കി. ഭക്ഷണത്തിലും മാറ്റംവരുത്തി. ജലാംശം കൂടുതലുള്ള ഭക്ഷണത്തിനുപുറമെ പഴം, പച്ചക്കറി, ധാതുലവണമിശ്രിതങ്ങൾ, വൈറ്റമിനുകൾ എന്നിവയും എല്ലാമൃഗങ്ങൾക്കും നൽകുന്നുണ്ട്.