ആത്മവിശ്വസവും  സൗകര്യങ്ങളും നൽകിയാൽ പഠനത്തിൽ എത്ര പിന്നാക്കംപോയവരെയും മുന്നോട്ടെത്തിക്കാം.ഇത് വെറും പറച്ചിലല്ല.. പ്രവർത്തിച്ച് വിജയിച്ചതാണെന്ന് കാട്ടിത്തരികയാണ് കൂത്തുപറമ്പിനടുത്ത് കാര്യാട്ടുപുറത്തെ ഒരുകൂട്ടം യുവാക്കൾ. ഡി.വൈ.എഫ്.ഐ. ചെറുവാഞ്ചേരി വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരു നാടിനെയൊ ന്നാകെ മാതൃകാ പ്രവർത്തനത്തിൽ ഒരുമിപ്പിക്കുന്നത്. തുടർച്ചയായി മൂന്നാംവർഷത്തിലും കാര്യാട്ടുപുറത്ത് നടക്കുന്ന സൗജന്യ ട്യൂഷൻ ക്ലാസിലൂടെയാണ് ഇവർ വിദ്യാർഥികൾക്ക് അറിവും ആത്മവിശ്വസവും പകരുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയെന്ന കടമ്പ ചാടിക്കടക്കാൻ എന്തുസഹായവും പരീക്ഷാർഥികൾക്ക് നൽകാൻ ഇവർ ഒരുക്കമാണ്. മുൻ വർഷങ്ങളിൽ 66, 87 എന്നിങ്ങനെയായിരുന്നു വിദ്യാർഥികളുടെ പങ്കാളിത്തമെങ്കിൽ ഇത്തവണയത് 120 കടന്നു.

കൂത്തുപറമ്പ് നഗരസഭയിലെയും പാട്യം, മൊകേരി, കോട്ടയം, കതിരൂർ പഞ്ചായത്തുകളിലെ താമസക്കാരായ പെൺകുട്ടികളുൾപ്പെടെയുള്ള വിദ്യാർഥികളാണ് ക്ലാസിനെത്തുന്നത്. ഡിസംബർ മുതൽ ഞായറാഴ്ചകളിൽ നടത്തിവന്ന ക്ലാസ് പരീക്ഷക്കാലമായതോടെ എല്ലാദിവസവും രാത്രി ഏഴുമുതൽ 10 വരെയാക്കി. ജില്ലയിലെ പ്രഗല്‌ഭരായ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. കടുപ്പമേറിയ വിഷയങ്ങളായ കണക്ക്, ഇംഗ്ലീഷ്, ശാസ്ത്രം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്.  കഴിഞ്ഞവർഷം വരെ കാര്യാട്ടുപുറം എൽ.പി.സ്കൂളിൽ നടന്ന ക്ലാസ് കുട്ടികളുടെ പങ്കാളിത്തം കൂടിയതോടെ ഇത്തവണ കാര്യാട്ടുപുറം ശ്രീനാരായണമഠം ഗ്രൗണ്ടിലേക്ക് മാറ്റി.ക്ലാസ് നടത്തിപ്പിനാവശ്യമായ മേശ, കസേര, പഠനോപകരണങ്ങൾ, ഫാൻ, ലൈറ്റ്, കുടിവെള്ള സംവിധാനം എന്നിവ സംഘാടകർക്ക് സംഭാവനയിലൂടെയാണ് ലഭിച്ചത്. ക്ലാസിന്റെ ഇടവേളകളിൽ കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുന്നുണ്ട്.

ഡി.വൈ.എഫ്.ഐ.യുടെ വിവിധ യൂണിറ്റുകളും വ്യക്തികളും സാംസ്കാരികസ്ഥാപനങ്ങളുമാണ് ഭക്ഷണം സ്പോൺസർ ചെയ്യുന്നത്.
ക്ലാസ് കഴിഞ്ഞാൽ പെൺകുട്ടികളുൾപ്പെടെയുള്ളവരെ വീടുകളിൽ സുരക്ഷിതരായെത്തിക്കാൻ വാഹനസൗകര്യവും ഒരുക്കി. എൻ.സതീന്ദ്രൻ ചെയർമാനും അനീഷ് കാര്യാട്ടുപുറം ക്ലാസ് കോ ഓർഡിനേറ്ററുമായ കമ്മിറ്റിയാണ് ക്ലാസിന് നേതൃത്വം നൽകുന്നത്. കെ.ഷിബിന(പ്രസി),പി.ബനീഷ് (സെക്ര.) എന്നിവർ ഭാരവാഹികളായിട്ടുള്ള സംഘാടകസമിതിയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.