കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സ്ത്രീ യാത്രികർക്കു ധൈര്യം പകരുന്നത്  38 റെയിൽവേ വനിതാ പോലീസുകാർ. എന്നാൽ ഈ പെൺപോലീസിന്റെ കാക്കിയുടെ  നിഴൽ മതി ആയിരക്കണക്കിന് വനിതാ തീവണ്ടിയാത്രികർക്ക് ആത്മധൈര്യം കിട്ടാൻ.
പ​േക്ഷ തീവണ്ടിയിലും പ്ലാറ്റ്ഫോമിലും ഡ്യൂട്ടികഴിഞ്ഞ് തലചായ്ക്കാൻ  റെയിൽവേ പോലീസ് സ്റ്റേഷനുകളിൽ ഇവർക്കു കുടുസുമുറി പോലുമില്ല. പ്രാഥമിക കാര്യങ്ങൾക്ക് പ്രത്യേക ശൗചാലയമില്ല. സഹപ്രവർത്തകർ ഒരുക്കിയ ചെറിയ വേർതിരിവിലാണ് ഇവരുടെ വിശ്രമം. കേരളത്തിലെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ സ്ഥിതി അത്രയ്ക്ക് ദയനീയമാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും (പാറശാല ഒഴിച്ച്) ഇതാണ് സ്ഥിതി. പുരുഷ പോലീസിന്റെ സൗകര്യം മാത്രമാണ് എല്ലായിടത്തും. അടിസ്ഥാനസൗകര്യം ഒരിടത്തുമില്ല.

കാസർകോട് ആർ.പി. സ്റ്റേഷനിൽ രണ്ടു വനിതാ പോലീസ് മാത്രമാണുള്ളത്. ഇവർക്ക് വിശ്രമമുറിയില്ല. സഹപോലീസുകാർ വിശ്രമത്തിനായി ചെറിയ ഒരു വേർതിരിവുണ്ടാക്കിയിട്ടുണ്ട്.

പ്രത്യേക ശൗചാലയമില്ല. കണ്ണൂരിലുള്ളത് മൂന്ന് വനിതാ പോലീസുകാർമാത്രം. ഇവർക്കും വിശ്രമ മുറിയോ ശൗചാലയമോ ഇല്ല. നിരവധി നിവേദനങ്ങളാണ് നൽകിയത്. ആരും കണ്ടില്ല, ഗൗനിച്ചില്ല. കോഴിക്കോട്ട് അഞ്ചു വനിതകളുണ്ട്. അവർക്ക് ഭാവിയിൽ ആശ്വസിക്കാം. പുതിയ കെട്ടിടം നിർമാണത്തിലാണ്. ഇതുവന്നാൽ സൗകര്യം കിട്ടും. പാലക്കാട്ട് മൂന്നുപേരുണ്ട്. ഇവർക്കും പ്രാഥമിക സൗകര്യമില്ല. ഷൊർണൂരിലെ സ്ഥിതിയും പരിതാപകരമാണ്. മൂന്നു വനിതകഴാണുള്ളത്. എറണാകുളത്ത് നാലുപേർ മാത്രം. തൃശ്ശൂരും കോട്ടയത്തും മൂന്നുപേർതന്നെ. ഇവരുടെ കാര്യവും പ്രശ്നമാണ്. പുനലൂരിൽ രണ്ടും ആലപ്പുഴയിൽ അഞ്ചുപേരുമുണ്ട്. കൊല്ലത്ത് മൂന്നുപേരാണുള്ളത്. പാറശ്ശാലയിൽ രണ്ടുപേരുണ്ട്. ഇവിടെ ചെറുതെങ്കിലും ഒരു വിശ്രമമുറിയുണ്ടെന്ന് പാറശ്ശാല പോലീസ് പറയുന്നു. തിരുവനന്തപുരത്തുപോലും സ്ഥിതി ഇതാണ്. മൂന്നു വനിതകളാണുള്ളത്. ഇവർക്കും പ്രത്യേകമുറിയോ ശുചിമുറിയോ ഇല്ല.

സ്ത്രീസുരക്ഷ കടലാസിൽമാത്രം
തീവണ്ടിയിലെയും പ്ലാറ്റ്ഫോമുകളിലെയും സ്ത്രീസുരക്ഷയ്ക്ക് ഇത്രമാത്രം വനിതാ പോലീസുകാർ മതിയോ. മേൽനോട്ടത്തിന് വനിതാ എസ്.ഐ.മാർ വരുമെന്നത് ഇനിയും നടപ്പായില്ല.
കേരളത്തിലെ അഞ്ച് പ്രധാന റെയിൽവേ പോലീസ് സ്റ്റേഷനുകളിലാണ് ആദ്യഘട്ടം വനിതാ എസ്.ഐ. മാരെ നിയമിക്കാൻ തീരുമാനിച്ചത്. തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, ഷൊറണൂർ, കണ്ണൂർ എന്നിവയായിരുന്നു അത്. രണ്ടുവർഷത്തെ പഴക്കമുള്ള ഈ നിർദേശം ഇതുവരെ നടപ്പായില്ല. കേരളത്തിലെ 13 റെയിൽവേ പോലീസ് സ്റ്റേഷനുകളിലെ വനിതാ പോലീസുകാരുടെ എണ്ണം വർധിപ്പിക്കാനും റെയിൽവേ പോലീസ് മേധാവി കാളിരാജ് മഹേഷ്‌കുമാർ അന്ന് നൽകിയ റിപ്പോർട്ടിൽ നിർദേശമുണ്ടായിരുന്നു.