രണ്ടുമൂന്നു ദിവസമായി വി.വി.ഐ. പി. പരിഗണനയായിരുന്നു ആ ഓലക്കുടിലിന്. സുരക്ഷാ ഉദ്യോഗസ്ഥർ നിരന്തരം  കയറിയിറങ്ങി. വീട്ടിലേക്ക് പുതിയ വഴി വെട്ടി. പരിസരം വെടിപ്പാക്കി. മുറ്റം പോലെ തിരിച്ച് വേലി കെട്ടി. ആകെപ്പാടെ ആളും ബഹളവും.  ഫെബ്രുവരി 17-ന് വെട്ടേറ്റു മരിച്ച  യൂത്ത് കോൺഗ്രസ് പ്രവർത്തകരിലൊരാളായ കൃപേഷിന്റെ വീടായിരുന്നു അത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ  ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് ഒരുക്കിയ സന്നാഹം. നേതാക്കളുടെ സന്ദർശനത്തിൽ ആശ്വാസം  കണ്ടെത്തുന്ന വീട്ടുകാർക്ക് പ​േക്ഷ  വേദനയുടെ ആഴം തെല്ലും കുറഞ്ഞിട്ടില്ലെന്ന് ആ വീടിന്റെ അകം സാക്ഷി പറയും.  

 രാഹുൽ വീട്ടിൽ ചെലവിട്ട ഏതാനും മിനിറ്റ്‌ കൃപേഷിന്റെ അമ്മ ബാലാമണി അദ്ദേഹത്തോടൊപ്പം കട്ടിലിൽ വന്നിരുന്നു.  അവർക്ക് ഒന്നും ഉരിയാടാനുണ്ടായിരുന്നില്ല. മറുവശത്തിരുന്ന അച്ഛൻ കൃഷ്ണനാണ് സങ്കടങ്ങൾ വിവരിച്ചത്. ദ്വിഭാഷിയായി ഡി.സി.സി. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ നിന്നു. രാഹുലിന്റെ ആശ്വാസവാക്കുകളും മറുപടിയും അദ്ദേഹം വീട്ടുകാർക്ക് വിശദീകരിച്ചുകൊടുത്തു. കട്ടിലിന്റെ മറുഭാഗത്ത് കൃപേഷിന്റെ സഹോദരിമാരായ കൃഷ്ണപ്രിയയും കൃപയും ഇരുന്നു. ബന്ധുക്കളായ സുമിത്ര, സുരേഷ്, സൗമ്യ, അഖിലേഷ്, അഭിലാഷ് , അമൃത തുടങ്ങിയവർ ചുറ്റും നിന്നു,  രാഹുലിനൊപ്പം വന്ന ചുരുക്കം നേതാക്കളും. അത്രയുമായപ്പോഴേക്കും ആ വീട്ടിൽ നിന്നുതിരിയാൻ പറ്റാതായി. പുറത്ത് എസ്.പി.ജി. അടക്കമുള്ള സുരക്ഷാ സന്നാഹം.
 നേരത്തെ ഉണ്ടായിരുന്ന വിറകുപുര പൊളിച്ച് അവിടെ യൂത്ത് കോൺഗ്രസ് പുതിയ വീടുപണിയുകയാണ്. 1100 ചതുരശ്ര അടി വലിപ്പമുള്ള മൂന്നുമുറി വീട്. ഭിത്തി വരെ പണി കഴിഞ്ഞു. അതുകാരണം പുറത്ത്  ഈ ഭാഗത്ത് ഇറങ്ങി നിൽക്കാൻ കഴിയില്ല. മുൻഭാഗമാണെങ്കിൽ സുരക്ഷാ കാരണങ്ങളാൽ  നാലുമീറ്ററോളം അകലെ  വേലികെട്ടിത്തിരിച്ചിരിക്കുന്നു.

 അവിടെ എസ്.പി.ജി. ഉദ്യോഗസ്ഥർക്ക് പുറമെ ഡിവൈ.എസ്.പി.മാരും സർക്കിൾ ഇൻസ്പെക്ടർമാരും നിരവധി പോലീസ്  ഉദ്യോഗസ്ഥരും. വേലിക്ക് പുറത്ത് മാധ്യമപ്രവർത്തകരും അയൽവാസികളും കോൺഗ്രസ് പ്രവർത്തകരും വെള്ളിയാഴ്ച രാവിലെ മുതൽ കാത്തിരിപ്പായിരുന്നു. നേതാക്കൾ ഓരോരുത്തരായി വന്നുകൊണ്ടിരുന്നു. മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള പരിശോധനയ്ക്ക് ശേഷമേ അവരെ വേലിക്ക് പുറത്തുള്ള പ്രത്യേകം കെട്ടിത്തിരിച്ച സ്ഥലത്തേക്ക് പോലും കടത്തിവിട്ടുള്ളൂ. 1.50 ആയപ്പോഴേക്ക് രാഹുൽ കണ്ണൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പെരിയയ്ക്ക് പുറപ്പെട്ട വിവരമെത്തിയതോടെ പുറത്ത് കാത്തുനിന്നവർ ഒന്നിളകി. 2.25 ആയപ്പോഴേക്ക് രാഹുലിന്റെ വാഹനവ്യൂഹം കാണായി. ഒരു സംഘം എസ്.പി.ജി. ഉദ്യോഗസ്ഥർ ഓടിവരുന്നു. ഏതാനും നിമിഷം... അതിസുരക്ഷയുള്ള രാഹുലിന്റെ വാഹനം വീട്ടുമറ്റത്ത്. വെള്ള കുർത്തയും ജൂബയും ധരിച്ച് രാഹുൽ ഇറങ്ങി. കൈകൾ പിന്നിൽ പിണച്ചുകെട്ടി വേലിക്കപ്പുറം നിൽക്കുന്ന സ്ത്രീകളടക്കമുള്ള ആൾക്കൂട്ടത്തിനടുത്തേക്ക് നടന്നു. തടയാനാഞ്ഞ്
ഉദ്യോഗസ്ഥർ.

കണ്ണുനീർ തുടച്ച്  സങ്കടം വിവരിച്ച സ്ത്രീകളെ രാഹുൽ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. കൂടെയുണ്ടായിരുന്ന യൂത്ത്‌ കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ കാര്യങ്ങൾ ചുരുങ്ങിയ വാക്കിൽ രാഹുലിന്  വിവരിച്ചുകൊടുത്തു. തുടർന്ന്‌ വീട്ടിനകത്തേക്ക്. പത്തുമിനിറ്റിനുശേഷം പുറത്തിങ്ങി  മുറ്റത്ത് നിർമാണത്തിലിരിക്കുന്ന വീട്  ചുറ്റിക്കണ്ട് മാധ്യമപ്രവർത്തകരോട് പ്രതികരണമറിയിച്ച് അദ്ദേഹം മടങ്ങിയതോടെ മാധ്യമപ്രവർത്തകർ കൂട്ടത്തോടെ അകത്തേക്ക് കുതിച്ചു. അവരോടൊക്കെ എന്തെങ്കിലും  പ്രതികരിക്കാൻ കൃഷ്ണനേ ഉണ്ടായുള്ളൂ. ബാലാമണി  അടുത്ത കട്ടിലിൽ കിടന്ന്  തേങ്ങിക്കരഞ്ഞു. രാവിലെ പ്ലസ്‌ടു പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് മു​േമ്പ​ മടങ്ങിയെത്തിയ കൃഷ്ണപ്രിയ മടിയിൽ തല താഴ്ത്തി  കണ്ണീർ വാർത്തു. കൃപയാകട്ടെ മറുപടി മൗനത്തിലൊതുക്കി.