ഴിഞ്ഞദിവസം നഗരത്തിലെ ഒരു സ്വകാര്യ ആസ്പത്രിയിൽ ചില അധ്യാപികമാർ ചികിത്സ തേടി. രണ്ടോ മൂന്നോ ദിവസം ആസ്പത്രിയിൽ കിടക്കേണ്ടിവന്നു അവർക്ക്. വിശ്രമമില്ലാതെയുള്ള പഠിപ്പിക്കൽ ആരോഗ്യത്തെ ബാധിച്ചതോടെയാണ് അവർ ചികിത്സ തേടേണ്ടി വന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുേമായെന്ന് അതിശയിക്കണ്ട. കുട്ടികളെ പോലെത്തന്നെ അധ്യാപകരും തളർന്നുതുടങ്ങിയിരിക്കുന്നു.
ഒട്ടുമിക്ക സ്കൂളുകളിലും രാവിലെ മുതൽ രാത്രി എട്ട് വരെ നീളുന്നുണ്ട് പ്രത്യേക ക്ലാസ്. സ്കൂളിലെ സാധാരണ ക്ലാസുകൾ തുടങ്ങുന്നതിന് മുമ്പും വൈകീട്ട് സ്കൂൾ വിട്ട ശേഷവുമാണിത്.  പരീക്ഷയോടടുക്കുമ്പോഴുള്ള ഈ പരക്കംപാച്ചിൽ ആരുടെ വിജയമാണ് ലക്ഷ്യം വെക്കുന്നത്?

നെട്ടോട്ടമോടൽ ഇങ്ങനെയും...
പരീക്ഷക്കാലമായാൽ പിന്നെയൊരു നെട്ടോട്ടമാണ്. പത്താംക്ലാസുകാരുടെയും പ്ലസ്ടുക്കാരുടെയും ‘ഭാവി നിർണയിക്കുന്നതിന്റെ’ തിരക്കിലമരും സ്കൂളുകൾ. കുട്ടികളായാലും അധ്യാപകരായാലും ഭക്ഷണം പോലും കഴിക്കാതെയാണ് അതിരാവിലെ തുടങ്ങുന്ന ക്ലാസുകൾക്കെത്തുന്നത്.
‘‘രാവിലെ വീട്ടിൽ നിന്നിറങ്ങും. പിന്നെ പ്രത്യേക ക്ലാസുകൾ. അതിനിടെ ചില ദിവസം മറ്റ് സ്കൂളുകളിലും പോയി പഠിപ്പിക്കണം. കുട്ടികൾക്കുള്ള നോട്ടുകൾ പ്രത്യേകമായി തയ്യാറാക്കണം. വൈകീട്ട് സ്കൂൾവിട്ട ശേഷം വീണ്ടും ക്ലാസ്. കുട്ടികൾ പിന്നോട്ടായാൽ അതിന് കാരണം നമ്മളാകും. സമാധാനമില്ലാത്ത സ്ഥിതിയാണ് മിക്കപ്പോഴും.’’ - നഗരത്തിലെ ഒരു സ്കൂൾ ടീച്ചറാണ് ഇക്കാര്യം പറഞ്ഞത്.
മണിക്കൂറുകളോളം കുട്ടികളുടെ ശ്രദ്ധ നിലനിൽക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും പരീക്ഷയുടെ മുന്നോടിയായി രാവിലെ മുതൽ രാത്രി വരെ ഇരിക്കേണ്ടി വരികയാണ് കുട്ടികൾ.

ആരുടെ അഭിമാനപ്രശ്നം
സ്കൂളിന്റെ വിജയവും കുട്ടികളുടെ എ പ്ലസുമെല്ലാം അഭിമാനപ്രശ്നമായി മാറുകയാണ്. അത് ആരുടെ പ്രശ്നമാണെന്ന് മാത്രമാണ് സംശയം. ‘‘കുട്ടികൾക്ക് മുൻപന്തിയിലെത്തണമെന്നുണ്ടാകും. പക്ഷേ, അവർ ഒരിക്കലും അതിനെ അഭിമാന പ്രശ്നമായി കാണുന്നില്ല. 100 ശതമാനം നേടിയില്ലെങ്കിൽ സ്കൂളിന്റെ പേര് മോശമാകുമെന്ന് കരുതുന്നവരുണ്ട്. അടുത്ത വീട്ടിലെ കുട്ടിക്ക് എല്ലാത്തിനും എ പ്ലസ് കിട്ടും. നീ എങ്ങാനും അവനെക്കാൾ പിന്നിലായാൽ... എന്ന് പറയുന്ന രക്ഷിതാക്കളുമുണ്ട്. അവിടെയാണ് സമ്മർദങ്ങൾ ഉടലെടുക്കുന്നത്...’’ -കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരു കൗൺസലറുടേതാണീ വാക്കുകൾ.
മത്സരബുദ്ധിയാണ് സ്കൂളുകളിൽ. കുട്ടികളുടെ പ്രവേശനം തുടങ്ങുമ്പോൾ മുതൽ പരീക്ഷ വരെ നീളുമത്. എസ്.എസ്.എൽ.സി. പരീക്ഷയാണ് എല്ലാമെന്ന ചിന്ത തന്നെയാണ് ഇപ്പോഴും സമൂഹത്തിലെ ഒരു നല്ല വിഭാഗത്തിനും ഉള്ളത്. സമ്മർദം താങ്ങാൻ കഴിയാത്തതിനാൽ ക്ലാസുകളിൽനിന്ന് ഒഴിഞ്ഞുനടക്കുന്ന കുട്ടികളുമുണ്ട്. ‘‘എല്ലാവർക്കും ഒരുപോലെ പഠിക്കാൻ പറ്റില്ല. പക്ഷേ, ഇങ്ങനെ ക്ലാസെടുക്കുന്നത് ബുദ്ധിമുട്ടാണ്’’ -ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഒരു കുട്ടി പറഞ്ഞത്.
‘‘വീട്ടിൽനിന്ന് വായിക്കാൻ സാഹചര്യമില്ലാത്തവർക്ക് ക്ലാസ് ഗുണകരമാണ്. അതല്ലാതെ പരീക്ഷയോടടുത്തുള്ള ഇത്തരം പഠനം മാനസിക പിരിമുറുക്കമുണ്ടാക്കുന്നുണ്ട്’’ -നഗരത്തിലെ സ്കൂളിലെ ഒരു പ്രധാനാധ്യാപകൻ പറഞ്ഞു.

നിർബന്ധിപ്പിക്കുന്നില്ല, പ്രചോദനം മാത്രം
ഇത്തരം ക്ലാസുകൾ ഒരു പോലെ ഗുണവും ദോഷവും ചെയ്യുന്നുണ്ടെന്ന് അധ്യാപകരും സ്കൂൾ കൗൺസലർമാരും പറയുന്നു.
‘‘ലഹരി ഉപയോഗിക്കുന്ന കുട്ടികൾക്ക് ക്ലാസുകൾ ഗുണകരമായി വരുന്നുണ്ട്. കാരണം കൂടുതൽ സമയം അവർ ക്ലാസുകളിൽ മുഴുകുന്നതോടെ ലഹരിക്ക് പിറകെ പോകുന്നത് നിർത്തും. തങ്ങൾക്ക് മുന്നോട്ടുവരണമെന്ന ചിന്തയാണ് അവരിൽ ഉണ്ടാകുന്നത്’’ -വിമുക്തി പദ്ധതിയിലെ കൗൺസലർ വി.കെ. സിയ പറഞ്ഞു.
പക്ഷേ, സാധാരണക്കാരായ കുട്ടികൾക്ക് അത് അധിക സമ്മർദമുണ്ടാക്കും. രാവിലെ മുതൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ തന്നെ ശാരീരികമായി ക്ഷീണിക്കും.
അത് മനസ്സിനെയും ബാധിക്കും. ശ്രദ്ധ കിട്ടണമെന്നില്ല. അധ്യാപകർക്കാണെങ്കിലും മറ്റ് വഴിയില്ല. ഇത്തവണയാണെങ്കിൽ ക്ലാസുകളുടെ എണ്ണം കുറഞ്ഞു.
 അപ്പോൾപ്പിന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം പഠിപ്പിക്കേണ്ടി വരുന്നതിന്റെ സമ്മർദമുണ്ടാകും. സർക്കാർ തന്നെ പാഠഭാഗങ്ങൾ കുറയ്ക്കണമായിരുന്നുവെന്നാണ് പല അധ്യാപകരും പറയുന്നത്.

കാസർകോട്ട് 632 പേരുടെ കുറവ്
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇൗവർഷം കാസർകോട് ജില്ലയിൽ എസ്.എസ്.എൽ.സി.പരീക്ഷയെഴുതുന്നതിൽ 632 പേർ കുറവാണ്. ഇൗ വർഷം രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി 19,156 പേരാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വർഷം അത് 19,788 ആയിരുന്നു.
കാസർകോട് വിദ്യാഭ്യാസജില്ലയിൽ 10,695 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഇതിൽ 10,263 പേർ റഗുലർ വിദ്യാർഥികളും 72 പേർ പ്രൈവറ്റായി പരീക്ഷ​െയഴുതുന്നവരുമാണ്. 76 പരീക്ഷാകേന്ദ്രങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.  
   കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ 8451 പേർ പരീക്ഷയെഴുതും. ഇതിൽ 8370 പേരാണ് റഗുലർ വിഭാഗം. 13 പേർ പ്രൈവറ്റ് വിഭാഗത്തിലുണ്ട്. ആറ​ുപേർ ഭിന്നശേഷിവിഭാഗത്തിലും 62 പേർ ടെക്‌നിക്കൽ സ്കൂൾ വിഭാഗത്തിലും പരീക്ഷയെഴുതുന്നു. ആകെ 76 പരീക്ഷാകേന്ദ്രങ്ങളാണ് അവിടെയും തയ്യാറാക്കിയിരിക്കുന്നത്. അതിൽ ഒന്ന് ഭിന്നശേഷിക്കാർക്കുള്ളതും മറ്റൊന്ന് ടെക്‌നിക്കൽ സ്കൂൾ വിദ്യാർഥികൾക്കുമാണ്. 97.01 ശതമാനമായിരുന്നു കഴിഞ്ഞവർഷത്തെ വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിൽ 98.31 ശതമാനം വിജയം നേടിയപ്പോൾ കാസർകോട് വിദ്യാഭ്യാസജില്ലയിൽ 95.94 ശതമാനമാണ് വിജയം.

പരീക്ഷ ജീവിതത്തിന്റെ അവസാനമല്ല
ഒരുപാട് കാലം കഴിഞ്ഞ് ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക. ഏറ്റവും മഹത്തായ നേട്ടങ്ങളുടെ പട്ടികയിൽ ഈ പത്താംക്ലാസ് വിജയം ഉണ്ടാകുമോ. അതോ വളരെ സാധാരണമായൊരു കാര്യമായിരുന്നുവെന്ന ചിന്ത മനസ്സിൽ ഉടലെടുക്കുമോ... അത് തന്നെയാണ് എപ്പോഴും മനസ്സിൽ ഓർക്കേണ്ടതും.
പരീക്ഷയെന്നത് ജീവിതത്തിന്റെ അവസാനമല്ല. നമ്മുടെ പഠനത്തുടർച്ചയുടെ ഒരു ഭാഗം മാത്രമാണ്. അതിന് ഒരിക്കലും അമിതപ്രാധാന്യം നൽകരുതെന്ന് മാത്രം.
    അവസാനനിമിഷമിരുന്ന് എല്ലാം പഠിക്കുന്നത് ഒഴിവാക്കാം. പഠിച്ച കാര്യങ്ങളിലൂടെ പരീക്ഷയ്ക്ക് മുൻപ്‌ ഒന്നു കടന്നുപോയാൽ മതി. ഇതിനായി ചെറിയ നോട്ടുകൾ തയ്യാറാക്കി നൽകാം.
    ഉറക്കമിളയ്‌ക്കരുത്. ആവശ്യത്തിന് ഉറങ്ങിയാൽ രാവിലെ പ്രസരിപ്പോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം.
    മനസ്സിന്റെ പിരിമുറുക്കം ഒഴിവാക്കാൻ പാട്ടുകേൾക്കുകയോ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയോ ആവാം. വിശ്രമവും അത്യാവശ്യമാണ്.
    ഭക്ഷണവും വെള്ളവും ഒഴിവാക്കരുത്. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
    പരീക്ഷയുടെ മാർക്കല്ല നമ്മളെ വിലയിരുത്തുന്നത്.
-രമ്യശ്രീ
(കൗൺസലർ, എഡ്യുകെയർ)