നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വത്തിന്റെ ആചാര സ്ഥാനങ്ങളിൽ ഉന്നതമായ 'കൂചെട്ട്' സ്ഥാനമാണ് വർഷങ്ങളായി കൃഷ്ണൻ കൂചെട്ട്യാർ അലങ്കരിക്കുന്നത്.
'കൃഷ്ണായനം' എന്ന നാമത്തിൽ അരനൂറ്റാണ്ടിന്റെ നിറവിനെ ആഘോഷിക്കാനൊരുങ്ങുകയാണ് ക്ഷേത്രഭാരവാഹികളും നാടും.
   മാർച്ച് ഒൻപതിന് നടക്കുന്ന ആദര പരിപാടിയിലേക്ക് ഉത്തരമലബാറിലെ പട്ടുവം മുതൽ പനമ്പൂർ വരെയുള്ള തെരുവുകളിലെ 14 നഗരക്ഷേത്രങ്ങളിലെ സ്ഥാനികർ ചടങ്ങിൽ പങ്കുചേരാനായെത്തും. ചെറുപ്പത്തിൽ നാടക കലാകാരനായി അരങ്ങുവാണിരുന്ന തൈക്കടപ്പുറം വീവേഴ്‌സ് കോളനിയിൽ താമസക്കാരനായ കെ.കൃഷ്ണൻ തന്റെ 34-ാം വയസ്സിലാണ് കൂചെട്ട് സ്ഥാനമേറ്റെടുത്തത്. നീലേശ്വരം തെക്കെ കോവിലകം വലിയരാജാവിൽനിന്ന് 1969 മാർച്ച് ഏഴിനാണ് മൂത്തചെട്ട് സ്ഥാനം സ്വീകരിച്ചത്.
സ്ഥാനം ഏറ്റെടുക്കുന്ന കാലം ക്ഷേത്രത്തിലെ നിത്യപൂജാദി കർമങ്ങൾ നടത്താൻ പോലും ഏറെ പ്രയാസമുള്ള സമയമായിരുന്നു. എന്നിട്ടും അന്നുമുതൽ ക്ഷേത്രാചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിഘ്നം വരുത്താതെ അദ്ദേഹം നിലകൊണ്ടു. ആ ആത്മസമർപ്പണത്തിനുള്ള അംഗീകാരമാണ് പ്രൗഢഗംഭീരമായി നാട് നൽകാനൊരുങ്ങുന്നത്.   
നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ആദരിക്കൽ ചടങ്ങ് ആരംഭിക്കുന്നത്. പി.കരുണാകരൻ എം.പി. ഉദ്ഘാടനം ചെയ്യാനെത്തും. ഉപ്പള കൊണ്ടയൂർ നിത്യാനന്ദ യോഗാശ്രമത്തിലെ യോഗാനന്ദ സരസ്വസ്വതി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.
പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ജി.ഗോപകുമാർ മുഖ്യാതിഥിയാകും. ചടങ്ങിനു മുന്നോടിയായി നീലേശ്വരം തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിൽനിന്ന്‌ വർണശബളമായ ഘോഷയാത്രയുണ്ടാകും. ഉച്ചയ്ക്ക് 2.30-ന് ആചാര്യസംഗമവുമുണ്ടാകും.     
ചരിത്രവർത്തമാനം    
കർമശാപത്താൽ ക്ഷയോന്മുഖമായ ബ്രാഹ്മണകുടുംബത്തിലെ അവസാന താവഴി തെരുനിവാസികളായ ശാലിയ സമുദായക്കാർക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രാവകാശം നൽകിയെന്നാണ് ഐതിഹ്യം.  നീലേശ്വരം രാജവംശത്തിനാവശ്യമായ പട്ടുവസ്ത്രങ്ങൾ നെയ്യാൻ കൊണ്ടുവന്ന് താമസിച്ചവരായിരുന്നു ശാലിയ സമുദായക്കാർ. ഇതിൽ കിഴക്കേടത്തില്ലം, പടിഞ്ഞാറ്റില്ലം, ചാത്തങ്ങാട്ടില്ലം, കൂവക്കാട്ടില്ലം, ഞണ്ടാരില്ലം, നരപ്പാച്ചില്ലം, ചോയ്യാനില്ലം, കൊട്ടാരില്ലം തുടങ്ങി എട്ടില്ലം തറവാട്ടുകാരാണ് ക്ഷേത്രഭരണാവകാശ ചുമതല നിർവഹിച്ചുപോന്നത്.
     ഇതിൽ കിഴക്കേടത്തില്ലത്തിന് ഒരു ചെട്ടും ഒരു കാരണവരും ഒരു മടമസ്ഥാനവും മറ്റുള്ളവർക്ക് ഓരോ കാരണവ സ്ഥാനവും നൽകി.
നീലേശ്വരം രാജവംശത്തിലെ മൂത്ത തമ്പുരാനാണ് കൂചെട്ട് സ്ഥാനം നൽകുന്നത്. രണ്ടാമത്തെ ചെട്ട് അന്ന് തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രം തന്ത്രിയായിരുന്ന നമ്പൂതിരി നൽകിയതുകൊണ്ട് അതിനെ നമ്പൂതിരി ചെട്ട് എന്ന് വിളിക്കപ്പെടുന്നു.