വിലക്കുറവായിരുന്നെങ്കിലും നാല് കാശ് സ്ഥിരവരുമാനം കിട്ടിയിരുന്നത് റബ്ബർ കൃഷിയിലൂടെയായിരുന്നു. എന്നാൽ ഇക്കുറി ഡിസംബർ-ജനുവരി മാസങ്ങളിലെ കടുത്ത മഞ്ഞ് വിഴ്ചയിൽതിരിയിലകൾ നശിച്ചതോടെ ഉത്പാദനം പകുതിയായി. ഫെബ്രുവരിയോടെ ചൂടും കനത്തു. അതോടെ ടാപ്പിങ് തന്നെ നിർത്തിയിരിക്കുകയാണ്‌ റബ്ബർ കർഷകർ.
   റബ്ബറിനെ ആശ്രയിച്ചായിരുന്നു തേനീച്ചക്കൃഷി. എന്നാൽ റബ്ബറിന്റെ ഇലകരിച്ചിൽ തേനുത്പാദനത്തെയും വലിയതോതിൽ ബാധിച്ചു. തോട്ടിലും കുളത്തിലും വെള്ളം വറ്റാൻ തുടങ്ങിയതോടെ കമുക് നനയും നിലച്ചു. തെങ്ങും വാഴയും പച്ചക്കറിയുമെല്ലാം ഉണങ്ങിത്തുടങ്ങി. കൃഷിചെയ്തുണ്ടാക്കിയിട്ടും വലിയ കാര്യമൊന്നുമില്ല. വരവിനെ ക്കാൾ ചെലവാണ് കൂടുതലെന്ന്‌ കർഷകർ പരിതപിക്കുന്നു.
ഉത്പന്നങ്ങൾക്ക്‌ വിലയുമില്ല
ഉത്പാദനച്ചെലവിനും അധ്വാനത്തിനും ആനുപാതികമായി ഉത്പന്നങ്ങൾക്ക് വില ലഭിച്ചാലേ കർഷകന് പിടിച്ചുനിൽക്കാൻ കഴിയുകയുള്ളൂ. ദീർഘകാല വിള കൃഷികൾക്കൊപ്പം തേനീച്ചക്കൃഷിയിലും പച്ചക്കറി കൃഷിയിലുമടക്കം ഭാഗ്യം പരീക്ഷിക്കുന്ന കോളിച്ചാലിലെ റോയി പുന്നാംകുഴിയെന്ന കർഷകന്റെ വാക്കുകളാണിത്.
കാലാവസ്ഥ വ്യതിയാനത്തെത്തുടർന്നുള്ള ഉത്പാദനക്കുറവിലും വിലയില്ലായ്മയിലും പെട്ട് എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് കർഷകർ. മാർച്ച് മാസമായതോടെ കാർഷിക വായ്പകൾക്കുപുറമെ മറ്റാവശ്യങ്ങൾക്കായി ബാങ്കുകളിൽ നിന്നുമെടുത്ത വായ്പാ തിരിച്ചടവുകൾക്കുള്ള വിളികളും കർഷകരെ തേടിയെത്തിത്തുടങ്ങി.
ചെറുകിട കർഷകർ പലരും വലിയ കടബാധ്യതകളിൽപ്പെട്ട് പലിശ പോലും തിരിച്ചടയ്ക്കാനാവാതെ നട്ടംതിരിയുകയാണ്. ഉത്പാദനക്കുറവും വിലത്തകർച്ചയും വലിയതോതിൽ ബാധിക്കാൻ തുടങ്ങിയതോടെ പലരും കൃഷി നിർത്തി.
ടാപ്പിങ്‌ നിർത്തി
വിലക്കുറവിനെത്തുടർന്ന് സീസൺ സമയത്തുപോലും ജില്ലയിലെ 25 ശതമാനത്തോളം റബ്ബർത്തോട്ടങ്ങളിൽ ഈ വർഷം ടാപ്പിങ് നടത്തിയില്ല. വാഹന ഗതാഗത സൗകര്യമുള്ള കൃഷിസ്ഥലമാണെങ്കിൽ 10-ഉം 20-ഉം സെന്റാക്കി വീടുനിർമാണത്തിനും മറ്റുമായി കർഷകർ വിൽക്കുകയാണ്.
മലയോരത്തി​െന്റ പ്രധാന വരുമാന സ്രോതസ്സായ റബ്ബറിന്റെ വിലയിടിവും ഇലപൊഴിച്ചലുമാണ് കർഷകരെ ഏറ്റവും കൂടുതൽ തളർത്തിയത്. മുൻപ് കിലോയ്ക്ക് 240 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ഏറ്റവും ഗുണമേന്മയേറിയ റബ്ബറിനുപോലും ലഭിക്കുന്നത് 124 രൂപയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കിയ വിലസ്ഥിരതാഫണ്ട് വഴിയുള്ള സഹായവും നാലുമാസമായി കർഷകർക്ക് ലഭിച്ചിട്ടില്ല. റബ്ബർ വിലയിടിവിനെത്തുടർന്ന് കർഷകരെ സഹായിക്കാൻ 2015-ലാണ് സംസ്ഥാന സർക്കാർ 150 രൂപ വില നിശ്ചയിച്ച് സബ്‌സിഡി നൽകാൻ തീരുമാനിച്ചത്. റബ്ബർ വിൽക്കുമ്പോൾ ലഭിക്കുന്ന ജി.എസ്.ടി. അടക്കം രേഖപ്പെടുത്തിയ ബില്ലുകൾ റബ്ബർ ഉത്പാദക സംഘങ്ങൾ വഴി റബ്ബർ ബോർഡിന് സമർപ്പിക്കണം. ഇത് പരിശോധിച്ചാണ് സർക്കാർ കർഷകർക്ക് സബ്‌സിഡി അനുവദിക്കുന്നത്. അതാണിപ്പോൾ സാങ്കേതിക കാരണത്തിന്റെ പേരിൽ വൈകുന്നത്.
മുൻവർഷങ്ങളിൽ ഇന്ത്യയിലെ ആകെ ആഭ്യന്തര ഉപയോഗത്തിനായി 10.5 ലക്ഷം ടൺ റബ്ബറാണ് വേണ്ടിവന്നത്. എന്നാൽ ഉത്പാദനമാകട്ടെ എഴുലക്ഷം ടണ്ണിൽ താഴെ മാത്രമാണ്. ഇലകൊഴിച്ചിലും വേനൽച്ചൂടും കാരണം ഈ വർഷം ഉത്പാദനം 30 ശതമാനമെങ്കിലും കുറയുമെന്നാണ് റബ്ബർ ബോർഡ് അധികൃതരുടെ വിലയിരുത്തൽ. വിലയിടിവിനെത്തുടർന്ന് കർഷകരുടെ പിന്മാറ്റവും റബ്ബറുത്പാദനത്തെ ബാധിക്കും.
കമുകും നശിക്കുന്നു
കാലാവസ്ഥാവ്യതിയാനമാണ് മലയോരത്തെ കമുക് കൃഷിയെയും പ്രധാനമായും ബാധിച്ചിരിക്കുന്നത്. ജൂൺ, ജൂലായ്‌ മാസങ്ങളിലെ ശക്തമായ മഴയിൽ മഹാളി പിടിപെട്ട് ഉത്പാദനത്തിന്റെ പകുതിയിലധികവും നശിച്ചു.
പുതിയ പൂങ്കുലകളാകട്ടെ ആവശ്യമായ വെള്ളം കിട്ടാതായതോടെ കടുത്ത ചൂടിൽ കരിയാനും തുടങ്ങി. ഇതോടെ ഈ വർഷം അടക്ക ഉത്പാദനത്തിലും വൻതോതിലുള്ള കുറവുണ്ടാകുമെന്ന് കമുക് കർഷകർ പറയുന്നു. വെള്ളീച്ച ശല്യവും ചെന്നീരൊലിപ്പും മലയോരത്തെ തെങ്ങ് കർഷകർക്കും സമ്മാനിക്കുന്നത് ദുരിതം മാത്രമാണ്.