മലയാള നോവൽ രചയിതാക്കളിൽ പെൺ അടയാളപ്പെടുത്തലുകൾ വളരെ കുറവാണ്. എന്നാൽ ചെറുകഥാകൃത്തുക്കൾ ഏറെയുണ്ടുതാനും. കണ്ണൂർ കക്കാട് അത്താഴക്കുന്ന് സ്വദേശിയായ ഷൈന തന്റെ അഞ്ചു നോവലുകളിലൂടെ വ്യക്തമായ സാഹിത്യസാന്നിധ്യം തെളിയിക്കുന്നു. ചെറുകഥകളും രണ്ടു നോവലൈറ്റുകളും വേറെയുണ്ടെങ്കിലും നോവലിലാണ് അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വീടിന്റെ സ്വകാര്യതയിൽനിന്ന്‌ എഴുത്തിനെ സജീവമാക്കുകയാണ് ഈ വീട്ടമ്മ.
കുടുംബത്തിന്റെയും കുട്ടികളുടെയും തിരക്കുകൾക്കിടയിൽ അവർ ചുറ്റുപാടുകളിൽനിന്നും ഓർമകളിൽനിന്നും ഭൂതകാലത്തിൽനിന്നും മിഴിവേറിയ കഥാപാത്രങ്ങളെയും അവരുടെ ജീവിതങ്ങളെയും കൊണ്ടുവരുന്നു.
എല്ലുറപ്പില്ലാത്ത പെൺനോവലുകളല്ല ഷൈനയുടേത്. പൊള്ളുന്ന ജീവിതത്തെയും ചരിത്രത്തെയും ഇന്നിന്റെ ഒരു കോണിലിരുന്നു ഒട്ടൊരു കൗതുകത്തോടെ, വേദനയോടെ, ആശങ്കയോടെ, കാണുകയാണ് അവർ. തറവാടിന്റെ അകത്തളങ്ങളിലെ പെൺനോവുകളിലേക്കും ഒപ്പം പെണ്ണധികാരങ്ങളിലേക്കും അവരുടെ ഗുപ്തമായ കാമനകളിലേക്കും നിസ്സഹായതകളിലേക്കും കടന്നുപോകുന്ന അന്വേഷണമാണ്‌ പലപ്പോഴും കാണുന്നത്. അതോടൊപ്പം നമ്മെ കടന്നുപോയ പ്രളയവും മറ്റൊരു രീതിയിൽ പ്രമേയമാവുന്ന നോവലും പൂർത്തിയായിട്ടുണ്ട്.
   നിയമത്തിന്റെ വലക്കണ്ണികളിൽ നീതികിട്ടാതെ, മണ്ണിരയെപ്പോലെ അകപ്പെട്ടുപോവുന്ന 'പെണ്ണിര'കളെക്കുറിച്ചും അവർ എഴുതുന്നു. ഉണ്ടായ ഒരു ചുവട് മണ്ണും നഷ്ടപ്പെട്ടുപോകുന്ന ‘ദളിതൻ ചേന്നൻ’ മറ്റൊരു നോവലിൽ കാലത്തിന്റെ യാഥാർഥ്യമാകുന്നു.
ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ, അഗ്നിശയനം, ഒരു ചുവട് മണ്ണ്, ചരരാശി, ജലനയനി എന്നിവയാണ് ഷൈനയുടെ നോവലുകൾ. ആത്മായനം, വിശപ്പ്് എന്നീ നോവലൈറ്റുകൾ വേറെയുണ്ട്. ആത്മകഥാഗന്ധിയായ ഓർമയിലെ വെള്ളാരംകല്ലുകൾ എന്ന ചെറുകഥാസമാഹാരവുമുണ്ട്.
ഷൈനയുടെ മൂന്നാമത്തെ നോവലാണ് 'ആവിലാക്കരയിലെ പെൺവൃത്താന്തങ്ങൾ'. പ്രമുഖ ചെറുകഥാകൃത്തായ പി.സുരേന്ദ്രനാണ് അവതാരിക എഴുതിയത്. അപൂർവ പ്രത്യേകതയുള്ളവളാണ് ഷൈനയുടെ പെൺകഥാപാത്രങ്ങൾ എന്ന്‌ പി.സുരേന്ദ്രൻ പറയുന്നു. 'മലയാള നോവൽ സാഹിത്യത്തിലെത്തന്നെ അസാധാരണ കഥാപാത്രമാണ് ഈ നോവലിലെ മാധവി. പരപുരുഷന് വേണ്ടി മാധവി ദാഹിക്കുമ്പോൾ കുഞ്ഞിമാത എന്ന കഥാപാത്രം സർവംസഹയായി മാറുന്നു. അതുപോലെ ആണത്തം പെൺശരീരത്തിലും മനസ്സിലും ആധിപത്യം നേടുമ്പോൾ മൈഥിലി എന്ന കഥാപാത്രം ജനിക്കുന്നു. ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങിക്കഴിഞ്ഞു.
'അഗ്നിശയനം' എന്ന നോവലിൽ കനകയാണ് പ്രധാന കഥാപാത്രം. ഇര കുറ്റവാളിയാക്കപ്പെടുന്ന നീതിനിഷേധത്തിൽ കനകയ്ക്ക് വീട്‌വിട്ട് ശരണാലയത്തിലേക്ക് പോകേണ്ടിവരുന്നു. 'ഒരു ചുവട് മണ്ണി'ലെ പ്രമേയം നഷ്ടപ്പെടുന്ന ദളിതരുടെ ഭൂമി തന്നെയാണ്.
അതിവേഗപാതകൾ വികസനത്തിന്റെ ചർച്ചാലഹരികളിലേക്ക് മാറുന്ന വർത്തമാനത്തിൽ 'ചരരാശി' എന്ന നോവൽ പങ്കുവെക്കുന്നത് കുടിയൊഴിക്കപ്പടുന്നവരുടെ വേദനകളാണ്. മാനംമുട്ടെ കെട്ടിയുയർത്തപ്പെടുന്ന കൊട്ടാരങ്ങൾക്ക് കീഴിൽ ദളിതന്റെ അസ്ഥികൾ ഉറങ്ങുന്നുണ്ട് എന്ന്‌ നോവൽ പറയുന്നു. ഈ നോവൽ പ്രഥമ സന്തോഷ്‌ ജോഗി പുരസ്കാരവും സ്ത്രീശക്തിപുരസ്കാരവും നേടിയിട്ടുണ്ട്. പ്രളയം കഥപറയുന്ന 'ജലനയനി' എന്ന നോവൽ ഇറങ്ങാനിരിക്കുന്നേയൂള്ളൂ.
നോവലിനുവേണ്ട ഒതുക്കം ഘടന, ഭാഷ, നവ്യമായ കാഴ്ചപ്പാ  ടുകൾ എന്നിവ തുടക്കത്തിലെ സ്വായത്തമാക്കാൻ അവർക്ക് കഴിഞ്ഞു എന്നതാണ് ഷൈനയുടെ വിജയം. തന്റേടികളായ സ്ത്രീകഥാപാത്രങ്ങളും അവരുടെ തന്റേടവും തോടുപൊട്ടിച്ച് ക്രമാനുഗതാമായി പുറത്തേക്ക് വരുന്നത് നമുക്കുകാണാം. മാറിമറയുന്ന കാലവും ഇവിടെ അരൂപിയായ കഥാപാത്രമായി വരുന്നു.
വായനയും എഴുത്തുംതന്നെയാണ് ജീവിതം ആസ്വാദ്യമാക്കുന്നത്. മനസ്സിൽ ഇനിയും പൊള്ളുന്ന കഥാപാത്രങ്ങളുണ്ട്. അതു കൊണ്ടുതന്നെ എഴുതിക്കൊണ്ടേയിരിക്കും- ഷൈന പറയുന്നു.
തലശ്ശേരി ബ്രണ്ണൻ കോളേജിൽനിന്ന്‌ ചരിത്രത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് ഷൈന.
അത്താഴക്കുന്നിലെ പുഞ്ചേൻ ലക്ഷ്മണന്റെയും പി.ചന്ദ്രമതിയുടെയും മകളാണ്. ഭർത്താവ് എം.ടി. സുരേന്ദ്രൻ. മക്കൾ: ഷാരോൺ, സരിഗ.