പതിനഞ്ച് വർഷത്തെ കഠിനപരിശ്രമത്തിനൊടുവിലാണ് ഡോ. കെ.പി.പി.നമ്പ്യാർ നിഘണ്ടു പൂർത്തിയായത്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് പ്രാദേശികഭാഷയിൽ ബൃഹത്തായ ജാപ്പനീസ് നിഘണ്ടു പുറത്തിറങ്ങുന്നത്. ടോക്യോ സർവകലാശാലയുടെ ഭാഗമായ ഏഷ്യ-ആഫ്രിക്കൻ ഭാഷാ, സംസ്കാരപഠനകേന്ദ്രത്തിന്റേയും ടോക്യോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസിന്റേയും സഹകരണത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് നിഘണ്ടു പുറത്തിറക്കുന്നത്. 1500 പേജുള്ള നിഘണ്ടുവിൽ മൂന്ന് ലക്ഷത്തിൽപ്പരം ജാപ്പനീസ് വാക്കുകളുടെ മലയാളം ഉച്ചാരണവും അർഥവുമുണ്ട്.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വൈകിട്ട് നാലുമണിക്ക്് നടക്കുന്ന പ്രകാശനച്ചടങ്ങിൽ ആദ്യപ്രതി ജാപ്പനീസ് എംബസി ​െഡ​പ്യൂട്ടി ചീഫ് ഹിഡേകി അസാരി മുഖ്യമന്ത്രിയിൽനിന്ന്‌ ആദ്യപ്രതി ഏറ്റുവാങ്ങും. മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും.
കണ്ണൂർ തലശ്ശേരി പാട്യം സ്വദേശിയാണ് കെ.പി.പ്രഭാകരൻ എന്ന ഡോ. കെ.പി.പി.നമ്പ്യാർ.
ഐക്യരാഷ്ട്രസഭയുടെ കീഴിൽ മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ സ്ഥാപനമായ 'ഇൻഫോഫിഷ്'എക്സിക്യൂട്ടീവ് ഡയറക്ടറായി രണ്ടായിരത്തിൽ വിരമിച്ച ഇദ്ദേഹം ഇപ്പോൾ കൊച്ചി തേവരയിലാണ് താമസം.
കടലറിവുകളിൽ ഡോക്ടറേറ്റ്‌
ടോക്യോ സർവകലാശാലയുടെ സമുദ്രഗവേഷണ കേന്ദ്രത്തിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. പുതുതലമുറയ്ക്ക് കടലറിവുകൾ പകർന്നുനൽകാൻ ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി വർഷങ്ങൾ സമുദ്രമേഖലയുമായി ബന്ധപ്പെട്ട ഉന്നതസ്ഥാനങ്ങൾ വഹിച്ച് നേടിയെടുത്ത അനുഭവങ്ങളുടെ കരുത്ത് അദ്ദേഹത്തിന് കൈമുതലായുണ്ട്.
കൗൺസിൽ ഓഫ് സയിന്റിഫിക് ഇൻഡസ്ട്രിയൽ റിസേർച്ച് (സി.എസ്.ഐ.ആർ), ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്, മിനിസ്ട്രി ഓഫ് കൊമേഴ്‌സ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ഫിഷറീസ് കോർപ്പറേഷൻ മാനേജിങ്‌ ഡയറക്ടർ, എം.ഇ.ഡി.എ. റസിഡന്റ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
 1986-ൽ ബ്രിട്ടനിലെ ഫുഡ് ആൻഡ്‌ അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ.) ഫിഷറീസ് എക്സ​േപർട്ടായി തിരഞ്ഞെടുത്തു.
പാട്യത്തെ പരേതരായ ചന്തുക്കുട്ടി നമ്പ്യാരുടേയും മീനാക്ഷി അമ്മയുടേയും മകനാണ് കെ.പി.പി.നമ്പ്യാർ. സാഹിത്യകാരൻ പാട്യം വിശ്വനാഥി​െന്റയും പ്രശസ്ത കവി മൺമറഞ്ഞ കെ.പി.ബി.പാട്യത്തി​െന്റയും സഹോദരനാണ്.
1971-ൽ പ്രസിദ്ധീകരിച്ച 'നിപ്പോൺതെക്കി'യെന്ന യാത്രാവിവരണമാണ് ആദ്യ കൃതി. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചതിനുശേഷമാണ് പ്രസ്തുത കൃതി പുസ്തകമാക്കിയത്. പ്രമുഖ ജാപ്പനീസ് എഴുത്തുകാരനും നോബൽ പ്രൈസ് ജേതാവുമായ കാവബാത്ത യാസുനാരിയുടെ നോവൽ 'മലയുടെ ശബ്ദം' എന്നപേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നിരവധി ശാസ്ത്ര സാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഒരെണ്ണം ജാപ്പനീസ് ഭാഷയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ നിർമല. മക്കൾ: അനൂപ്, നീത. ഇരുവരും ഓസ്േട്രലിയയിലാണ്.