അന്തരീക്ഷത്തിൽ ചൂട് ഏറിവരുന്നത് കാർഷിക വിളകളെ ബാധിക്കുന്നു. വിളകൾക്ക് ജലസേചനം നടത്തുമ്പോൾ ഒഴിക്കുന്ന വെള്ളത്തിന്റെ ഏറിയ പങ്കും വേഗത്തിൽ നീരാവിയായിപ്പോകുന്നു. വെള്ളമൊഴിച്ചിട്ടും കൃഷിക്ക് ഗുണമില്ലാത്ത അവസ്ഥയാണ്. കൂടിയ ചൂട് വിളകളുടെ വേരുകളുടെ വളർച്ചയെയും ബാധിക്കുന്നു.
“വരൾച്ച കഠിനമാണ്. തോട്ടത്തിലെ വാഴകൾ ഉണങ്ങി നശിക്കുകയാണ്. ചൂടേറ്റ് വാഴയിലകൾ കരിഞ്ഞു പോകുന്നു"- ജില്ലയിലെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ലഭിച്ച കണിച്ചാർ ആറ്റാഞ്ചേരിയിലെ പ്രസാദ് പറയുന്നു. ചാണപ്പാറ, ആറ്റാഞ്ചേരി എന്നിവിടങ്ങളിലെ തോട്ടങ്ങളിലായി രണ്ടായിരത്തോളം വാഴകൾ പ്രസാദ് കൃഷിചെയ്തിരുന്നു. ഇതിൽ അറുന്നൂറോളം വാഴകളെയും ഉണക്കം ബാധിച്ചിരിക്കുന്നു.
സാധാരണ ലഭിക്കാറുള്ള വേനൽമഴ ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കിയെന്ന് കർഷകർ പറയുന്നു. കവുങ്ങ്, ജാതി, കുരുമുളക്‌  തൈകൾ വ്യാപകമായി ഉണങ്ങിനശിക്കുന്നുണ്ട്. റബ്ബറിനും തെങ്ങിനുമെല്ലാം വാട്ടം ബാധിച്ചിട്ടുണ്ട്. ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയിൽ പെരുന്തടത്തിലെ കല്ലമ്മാക്കൽ വിജയകുമാറിന്റെ കവുങ്ങിൻ തൈകൾ ഉണങ്ങിത്തുടങ്ങി.
400 തൈകളിൽ പകുതിയിലേറെയും എണ്ണത്തിന് ഇലകൾ ഉണങ്ങി മഞ്ഞനിറം ബാധിച്ചിട്ടുണ്ട്. നന്നായി പുതയിട്ട് നനയ്ക്കുന്ന തൈകൾപോലും കരിയുകയാണെന്ന് കർഷകർ പറയുന്നു.
ആറളത്ത് അ​േഞ്ചക്കറോളം സ്ഥലത്തെ നെൽകൃഷി വെള്ളമില്ലാത്തതിനെ തുടർന്ന് ഭാഗികമായി നശിച്ചു.
കഴിഞ്ഞ വർഷം മാർച്ച് വരെ വെള്ളമുണ്ടായിരുന്ന പാടശേഖരങ്ങളിൽ ഇത്തവണ ജനുവരി അവസാനമാകുമ്പോഴേക്കും വെള്ളം വറ്റിയതാണ് വിളവിനെ ബാധിച്ചത്. ജില്ലയിൽ പ്രളയം ബാധിച്ച പ്രദേശത്തിൽപ്പെട്ടതാണ് ആറളം. മേഖലയിലെ വാഴ, കുരുമുളക് കൃഷിയും പ്രതിസന്ധിയിലാണ്. കുരുമുളക് ചെടികൾ മിക്കവയും വാടിക്കരിഞ്ഞ് നില്ക്കുന്നു.
വാഴക്കൃഷിക്ക് എത്ര വെള്ളമൊഴിച്ചാലും വരൾച്ച മാറിക്കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. മേഖലകളിലെ പുഴകളിലെയും തോടുകളിലെയും നീരൊഴുക്കും ക്രമാതീതമായി കുറയുകയാണ്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലും മറ്റും ജലക്ഷാമം രൂക്ഷമായതായി ആറളം കൃഷി അസിസ്റ്റന്റ് സുമേഷ് കുമാർ പറഞ്ഞു.
ചൂട് കൂടുമ്പോൾ
പുതയിടുകയും പറ്റാവുന്ന സ്ഥലങ്ങളിൽ നനച്ചുകൊടുക്കുകയും വേണം. തൈകളുടെ അടിഭാഗത്ത് കുമ്മായം തേച്ചുകൊടുക്കാം.
കേരള കാർഷിക സർവകലാശാല പിലിക്കോട് പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ അസി. പ്രൊഫസർ പി.കെ.രതീഷ് പറയുന്നു. പശുക്കളെ പുറത്ത് കെട്ടാതിരിക്കുക. കോഴികൾക്കും മറ്റും ഇടയ്ക്കിടെ വെള്ളം കൊടുക്കണം.
ചെടികളുടെ താഴ്ഭാഗങ്ങളിലെ ഇലകളുടെ എണ്ണം കുറയ്ക്കുകയും മൊത്തത്തിലുള്ള ഇലകളുടെ ഭാരം കുറയ്ക്കുകയും ചെയ്യാം. കൃഷി ഓഫീസർമാരുടെ നിർദേശപ്രകാരം പൊട്ടാസ്യം സൾഫേറ്റ് സ്പ്രേ ചെയ്യുന്നത് ഗുണം ചെയ്യും -അദ്ദേഹം പറയുന്നു.
മഴക്കുഴികളുണ്ടാക്കുകയും മണ്ണ്-ജലസംരക്ഷണ പ്രവർത്തനങ്ങൾ നേര​ത്തേതന്നെ നടത്തുകയും വേണം. പുരയിട കൃഷി നല്ലതാണ്. കൃഷിയെ ബാധിക്കാത്ത വിധത്തിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാം. മരങ്ങൾ ഇല്ലാതായതാണ് ചൂടിനും വരൾച്ചയ്ക്കും പ്രധാന കാരണം.
പാടത്ത് രാവിലെ 11 മുതൽ ഉച്ചയ്ക്ക്മൂന്നുമണിവരെ ജോലിചെയ്യുന്നത് ഒഴിവാക്കണം. വീടിനുപുറത്ത് പക്ഷികൾക്കായി പാത്രത്തിൽ വെള്ളം വയ്ക്കണം. പക്ഷികളെയാണ് വരൾച്ച ഏറെ ബാധിക്കുക.