കുംഭച്ചൂടിനെ വെല്ലുന്ന പരീക്ഷാച്ചൂടിലാണ് നാട്. ഹയർ സെക്കൻഡറി പരീക്ഷകൾ ബുധനാഴ്ച തുടങ്ങിക്കഴിഞ്ഞു.
മോഡൽ പരീക്ഷയിൽനിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ മികവിലേക്കെത്താൻ പാഠഭാഗങ്ങൾ ആവർത്തിച്ചുപഠിക്കുന്ന തിരക്കിലാണ് പത്താംതരം വിദ്യാർഥികൾ. മാർച്ച് 13-നാണ് അവരുടെ പരീക്ഷ. ഒരുകുറവും വരുത്താതെ കുട്ടികളെ പരീക്ഷാഹാളിലേക്ക്‌ പറഞ്ഞയക്കാൻ ശ്രദ്ധാലുക്കളായ രക്ഷിതാക്കൾ. പരീക്ഷ കുറ്റമറ്റതും സുഗമവുമാക്കാനുള്ള ഒരുക്കത്തിൽ വിദ്യാഭ്യാസവകുപ്പ്. വിദ്യാലയത്തെ കഴിഞ്ഞവർഷത്തേക്കാൾ ഒരുപടി മികവിലേക്കെത്തിക്കാൻ കൈയും മെയ്യും മറന്നുള്ള പ്രവർത്തനങ്ങളിൽ സ്കൂൾ അധികൃതരും അധ്യാപകരും. കാഞ്ഞിരക്കുരുവല്ല, പാൽപ്പായസമാണ് പഠനമെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലാണ് എല്ലാവരും.
ഇത്തവണ 48 പേർ കൂടുതൽ
കണ്ണൂർ ജില്ലയിൽ ഇൗ വർഷം എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്നത് 34,275 പേർ. കഴിഞ്ഞവർഷം ജില്ലയിലെ മൂന്ന് വിദ്യാഭ്യാസജില്ലകളിലായി 34,227 പേരാണ് പരീക്ഷയെഴുതിയത്.
   ഇത്തവണ കൂടിയ കുട്ടികളുടെ എണ്ണം 48. കഴിഞ്ഞവർഷം മാർച്ച് ആറിനായിരുന്നു പരീക്ഷ. ഇത്തവണ മാർച്ച് 13-നാണ്. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലായി 204 പരീക്ഷാകേന്ദ്രങ്ങളാണ് കണ്ണൂർ ജില്ലയിൽ ഇത്തവണയുള്ളത്. പരീക്ഷാ ഒരുക്കങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ കണ്ണൂർ-കാസർകോട് ജില്ലകളിൽ പുരോഗമിച്ചുവരുന്നു. പരീക്ഷാമുറികളുടെ സജ്ജീകരണം, ചോദ്യപ്പേപ്പർ തരംതിരിക്കൽ എന്നിവ നടന്നുവരുന്നു. ഓരോ ഉപജില്ലകളിലേക്കും ആവശ്യമായ ചോദ്യക്കടലാസുകൾ വിവിധ ക്ലസ്റ്ററുകളിൽ നടക്കുന്ന ക്യാമ്പിലാണ് തരംതിരിച്ച് സൂക്ഷിക്കുന്നത്. ചോദ്യക്കടലാസുകൾ വിദ്യാഭ്യാസജില്ലയുടെ മേൽനോട്ടത്തിൽ ട്രഷറികളിൽ സൂക്ഷിക്കുന്ന നടപടി അടുത്തദിവസം നടക്കും.
മികവേറ്റാൻ മുകുളം
പഠനത്തിന് മികവേറ്റാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ രംഗത്തുണ്ട്. എസ്.എസ്.എൽ.സി. വിജയശതമാനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച ‘മുകുളം’ പദ്ധതി ഇൗ വർഷവും സജീവമാണ്. വിദ്യാർഥികൾക്ക് ലഘുഭക്ഷണമുൾപ്പെടെ സജ്ജമാക്കിയുള്ള പ്രത്യേക പരീക്ഷാപരിശീലനമാണ് മുകുളം. പിന്നാക്കവിദ്യാർഥികളെ കണ്ടെത്തി വിദഗ്ധപരിശീലനം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. ആറളം ഫാം സ്കൂൾ ഉൾപ്പെടെ വിവിധ സ്കൂളുകളെ നൂറുശതമാനം വിജയത്തിലെത്തിച്ചതിൽ മുകുളം പദ്ധതി വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. 2016-17-ൽ 97.08 ആയിരുന്നു കണ്ണൂരിന്റെ വിജയശതമാനം. കഴിഞ്ഞവർഷം അത് 99.04 ആയി ഉയർന്നു. കണ്ണൂർ ജില്ലയിൽ 46 സർക്കാർ സ്കൂളുകളും 29 എയ്ഡഡ് സ്കൂളുകളും 27 അൺ എയ്ഡഡ് സ്കൂളുകളുമടക്കം 102 സ്കൂളുകൾ കഴിഞ്ഞവർഷം 100 ശതമാനം  വിജയം നേടി.
സംശയങ്ങൾ ഡയൽ ചെയ്യൂ
വിദ്യാർഥികളുടെ സംശയങ്ങൾ ദൂരീകരിക്കാനും അവർക്ക് മാനസികപിന്തുണ നൽകാനും വിവിധ സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വിവിധ സന്നദ്ധസംഘടനകളും ക്ലബ്ബുകളും പ്രത്യേക ട്യൂഷൻ ക്ലാസുകൾ ഏർപ്പെടുത്തി വിദ്യാർഥികൾക്കൊപ്പമുണ്ട്. പരീക്ഷാഭയവും സംശയവും ദൂരീകരിക്കുന്നതിന് കണ്ണൂർ സയൻസ് പാർക്കിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ‘ഡയൽ യുവർ ഡൗട്ട്സ്’ എന്നപേരിലുള്ള പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് ഫോണിൽ വിളിക്കാം. വൈകുന്നേരം ആറുമുതൽ രാത്രി ഒൻപതുവരെ വിദഗ്‌ധരുടെ സേവനം ഫോണിൽ ലഭിക്കും.
നേരിൽ സഹായം ആവശ്യമുള്ളവർക്ക് സയൻസ് പാർക്കുമായി ബന്ധപ്പെടാം. ഗണിതം, സാമൂഹ്യശാസ്ത്രം, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലെ സംശയങ്ങൾ തീർക്കാൻ അധ്യാപകരെയും മാനസികപിരിമുറുക്കം കുറയ്ക്കാൻ കൗൺസലറെയും ഏർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് അവസാനവാരം എസ്.എസ്.എൽ.സി. പരീക്ഷ കഴിയുന്നതുവരെ സേവനം സൗജന്യമായി ലഭിക്കും.

വിദ്യാർഥികൾക്ക്‌
വിളിക്കാം
ഗണിതശാസ്ത്രം : 9446366261,
9744412239, 9447350814, 9447373541.
സാമൂഹ്യശാസ്ത്രം : 9447547873, 8848066736, 9995312970.
ഇംഗ്ലീഷ് : 9447691412, 7293847287.
ഫിസിക്സ്/കെമിസ്ട്രി: 9447293452, 9495726292, 9895196894.
ബയോളജി : 9447543824, 9495294283.
കൗൺസലിങ്ങ്: 9495369472, 9495178208.
കൂടുതൽ വിവരങ്ങൾക്ക് : 9847305856.