തെക്കേ അമേരിക്കൻ രാജ്യമായ പാനമയിലെ കരീബിയൻ ദ്വീപിൽ നടന്ന ആഗോളതല ഗോത്രകലാ ഉത്സവത്തിൽ തെയ്യവുമായി കല്യാശ്ശേരിക്കാർ. ഇന്ത്യയിൽനിന്ന്‌ ആദ്യമായാണ് ഒരുകലാസംഘം  ആഗോള ഗോത്രകലാസംഗമത്തിൽ പങ്കെടുത്തത്.
കല്യാശ്ശേരി അഞ്ചാംപീടികയിലെ  എൽ.ടി.മനോഹരൻ പണിക്കർ, പള്ളിയറ പ്രകാശൻ, ഗാനേഷ് പണിക്കർ, എൽ.ടി.രതീശൻ എന്നിവരാണ്  ലോക കലാകാരന്മാരുടെ മുന്നിൽ തെയ്യങ്ങൾ കെട്ടിയാടിയത്.
 തെയ്യവും തിറയും അനുഷ്ഠാനപരമായ കലാരൂപങ്ങളാണെന്ന സത്ത ആഗോള ആദിവാസി ഗോത്ര കലാ കൂട്ടായ്മയ്ക്കുമുന്നിൽ കാട്ടിക്കൊടുക്കുകയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. രക്തചാമുണ്ഡി, അഗ്നിഘണ്ഠാകർണൻ, ഗുളികൻ എന്നിവയാണ്‌ സംഘം കെട്ടിയാടിയത്‌.
  കേരളം പോലുള്ള  ഭൂപ്രകൃതിയാൽ അനുഗൃഹീതമായ കരീബിയൻ ദ്വീപിലെ ഒരു കാട്ടുപശ്ചാത്തലത്തിലായിരുന്നു ഗോത്രകലാസംഗമം. വലിയൊരു പാലമരത്തിന്റെ ചുവട്ടിൽ  ദേവതാ സങ്കൽപ്പസ്ഥാനം നിർണയിച്ചായിരുന്ന കോലംകെട്ടിയതെന്ന്‌ സംഘത്തിന്റെ തലവൻ എൽ.ടി.മനോഹരൻ പറഞ്ഞു.
 അതിനുതൊട്ടുമുന്നിൽ തന്നെ ആദിവാസി ഗോത്രങ്ങളുടെ പരമ്പരാഗതശൈലിയിൽ  അഗ്നികുണ്ഠവും ഒരുക്കി. ഗാനേഷും പള്ളിയറ പ്രകാശനുമാണ്‌ തെയ്യം കെട്ടിയത്‌. എൽ.ടി.മനോഹരൻ അനുഷ്ഠാനപരമായ പൂജ നടത്തി. എൽ.ടി.രതീശനാണ് തെയ്യച്ചമയങ്ങൾ ഒരുക്കിയത്‌.
അമേരിക്കൻ സ്വദേശിനി വൈറ്റ്നി, ആഗോള ആദിവാസി ഗോത്രകലയിൽ ഗവേഷകയായ മുംബൈ സ്വദേശിനി പ്രിയങ്ക ഖേലേവാല, കല്യാശ്ശേരി സ്വദേശിനിയും മും​െബെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ജനറൽ മാനേജരുമായ വിനീത നമ്പ്യാർ എന്നിവരുടെ  കൂട്ടായ ശ്രമഫലമായാണ് കണ്ണൂരിന്റെ കലാസംഘത്തിന് അവസരം ലഭിച്ചത്.  
 കല്യാശ്ശേരി അഞ്ചാംപീടികയിലെ എം.എം.പ്രഭാകരൻ നമ്പ്യാരായിരുന്നു കോ ഓർഡിനേറ്റർ.  മുംബൈ വോൾട്ടാസിൽ അസിസ്റ്റന്റ്‌ മാനേജരായിരുന്നു നന്പ്യാർ.