മണ്ണിൽ പൂക്കൾകൊണ്ട്‌ കാമദേവൻ ഉണരുകയാണ്‌. അതിരാണിപ്പൂകൊണ്ടാണ്‌ അര. വയറപ്പൂകൊണ്ട് വയറ്. എരിഞ്ഞിപ്പൂകൊണ്ട് പൊക്ക്‌. പാലപ്പൂകൊണ്ട് മാറ്. കറുകക്കൊടികൊണ്ട് നാവ്. കുമുദിൻ പൂകൊണ്ട് കാതും കവുങ്ങിൻ പൂക്കുലകൊണ്ട് മുടിയും. വിരലൊരുക്കാൻ കിളിതിന്നിപ്പൂവു (കിളിനിപ്പൂവ്) തന്നെ വേണം എന്നാണ് പറയാറുള്ളത്.

എന്നാൽ, പൂരമാഘോഷിക്കുന്നവരിൽ കിളിനിപ്പൂവ്‌ കണ്ടത്‌ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. മുരിക്കിൻപൂ കൊണ്ടാണ് ഇപ്പോൾ പലരും കാമന് വിരലുവെക്കുന്നത്. ചെമ്പകം, പാല, കട്ടപ്പൂവുകൾ ഇന്നും നാട്ടിൽ ലഭിക്കുന്നുണ്ടെങ്കിലും കിളിനിപ്പൂവ് കാമനെപ്പോലെ പലനാട്ടിലും മറഞ്ഞുനിൽക്കുകയായിരുന്നു കാലമിത്രയും.

മാക്കം മോഹിച്ച പൂവ്‌
കടവാങ്കോട്ട് മാക്കത്തിന്റെ തോറ്റം പാട്ടിൽ മാക്കത്തിന്റെ കന്നിപ്പൂരത്തിന് പൂവിടാൻ കിളിനിപ്പൂവ് തേടിപ്പോകുന്നുണ്ട് കാര്യസ്ഥനായ ഇയ്യവനാടൻ. പൂരപ്പൂക്കളിൽ ഏറ്റവും ശ്രേഷ്ഠമാണ് കിളിനിപ്പൂവ്. കിളിച്ചിന്തുപാടി കിളികളെ മെരുക്കി ഏഴുകൊട്ട കിളിനിപ്പൂവുമായി മടങ്ങുകയാണ് ഇയ്യവനാടൻ. മാക്കത്തിന്റെ കന്നിപ്പൂരം കെങ്കേമമാക്കാൻ കിളികൾ ഇയ്യവനാടന് പുതിയ പൂക്കൾ ഉതിർത്തുകൊടുത്തതായാണ് തോറ്റത്തിൽ പറയുന്നത്. അതുകണ്ട് ഇയ്യവനാടൻ പറയുന്നു- കണ്ണുകൊണ്ട് മുന്നേ കാമാൻ കയ്യാത്ത കിളിതിന്നിപ്പൂവോ, കൈകൊണ്ടെനിക്ക് വാരിയെടുക്കാൻ യോഗം വന്ന്വല്ലോ! പൂക്കണ്ട്മയങ്ങ്ന്ന് കുട്ടി കുഞ്ഞിമാക്കമോ, പൂക്കണ്ട് മയങ്ങറതേ കുട്ടീ കുഞ്ഞിമാക്കേ, മക്കളെക്കണ്ടും

മാമ്പൂകണ്ടും മയങ്ങറതേ!
മാക്കത്തിന്റെ തോറ്റം വായിച്ചറിഞ്ഞ കാലം മുതൽ കിളിനിപ്പൂവ് അന്വേഷിച്ചിരുന്നതായി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ കാമ്പസിലെ മലയാളം അധ്യാപിക ഡോ. ലിസി മാത്യു പറഞ്ഞു. പലരും പറഞ്ഞത് അതൊരു സാങ്കല്പിക വൃക്ഷമാണെന്നായിരുന്നു. കഴിഞ്ഞദിവസം എം.എ. സംസ്കൃതം ക്ലാസിൽ മാക്കത്തിന്റെ തോറ്റം പഠിപ്പിക്കുന്നതിനിടയിൽ അവർ വീണ്ടും കിളിനിപ്പൂവിനെക്കുറിച്ച് പറഞ്ഞു. അതിന്ന് നമ്മുടെ നാട്ടിൽ കാണാനില്ലെന്നും വിവരിച്ചു. എന്നാൽ, അത് തന്റെ വീട്ടിലുണ്ടെന്ന് മാതമംഗലം പെരുന്തട്ട തൗവ്വറയിലെ മാണിയാടൻ രവീന്ദ്രന്റെയും സുലോചനയുടെയും മകൾ സാരംഗി അധ്യാപികയെ അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ അവർ സാരംഗിയുടെ വീട്ടിലെത്തി പൂവ് ശേഖരിച്ചു. കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് അത് കിളിനിയാണെന്ന് ഉറപ്പിച്ചത്. മുമ്പേ വാക്കുകളിൽ മാത്രമറിഞ്ഞ കിളിനിപ്പൂവ് കൈകൊണ്ട് വാരിയെടുക്കാൻ കഴിഞ്ഞപ്പോൾ മാക്കത്തിന് പൂപറിക്കാൻ പോയ ഇയ്യവനാടന്റെ മാനസികാവസ്ഥയിലായിരുന്നു താനുമെന്നും ലിസി മാത്യു അഭിപ്രായപ്പെട്ടു.

ചെറുപ്പം മുതൽ ഈ മരം ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും സമീപസ്ഥലങ്ങളിൽനിന്ന് പലരും വന്ന് പൂരക്കാലത്ത് പൂ ശേഖരിക്കാറുണ്ടായിരുന്നെന്നും രവീന്ദ്രൻ പറഞ്ഞു. എന്നാൽ, ഇത്രയും വിശേഷപ്പെട്ടതാണ് ഇതെന്ന് മനസ്സിലാക്കിയത് ഇപ്പോൾ മാത്രമാണെന്ന് അമ്പതിലേറെ വർഷം പ്രായം കണക്കാക്കുന്ന മരത്തിനരികിൽനിന്ന് രവീന്ദ്രൻ പറഞ്ഞു.

വിരൽ നഷ്ടപ്പെട്ട കാമൻ
വർഷങ്ങളോളം കിളിനിപ്പൂവ് തേടി നടന്നതായി പ്രകൃതിനിരീക്ഷകനും അധ്യാപകനുമായ ഡോ. ഇ.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കൊടക്കാട്ടെ ഒരു ഇല്ലപ്പറമ്പിൽ പണ്ട് കിളിനിമരം ഉണ്ടായിരുന്നതായും അശോകത്തിന്റെ പൂപോലെയാണതിന്റെ പൂവെന്നും കേട്ടറിഞ്ഞിരുന്നു. ഫിർമിയാന കോളറേറ്റ എന്ന ഇടമ്പിരിവലമ്പിരി കുടുംബത്തിൽ (സ്റ്റെർക്കുലിയേസി) പെടുന്ന മരമാണത്.
 പൂരാഘോഷങ്ങളിൽനിന്ന്് കിളിനിപ്പൂവ് മറഞ്ഞത് സംബന്ധിച്ച് 'വിരൽ നഷ്ടപ്പെട്ട കാമൻ' എന്ന തലക്കെട്ടിൽ ലേഖനം എഴുതിയിട്ടുണ്ട് ഉണ്ണിക്കൃഷ്ണൻ. മഴ മാറാറാകുമ്പോഴാണ് കിളിനിമരം തളിർക്കുന്നത്. പൂരക്കാലമാകുമ്പോഴേക്കും ഇലയുടുപ്പ് മാറി ചെമ്പൂചൂടും. അകലെനിന്ന് നോക്കിയാൽ മുരിക്കിന് സമാനമായ പൂക്കൾ.

വടക്കേ ഇന്ത്യയിൽ ധാരാളമായി കാണാമെങ്കിലും ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇത് അത്യപൂർവമായിരിക്കുകയാണ്. വേര് പൊട്ടി മുളക്കുന്ന തൈകൾ വേഗത്തിൽ വളരുന്നതായാണ് കണ്ടുവരുന്നതെങ്കിലും പെരുന്തട്ടയിലെ മരച്ചോട്ടിൽ അത്തരം തൈകൾ നാളിതുവരെ വളർന്നുവന്നിട്ടില്ലെന്ന്‌ രവീന്ദ്രൻ പറയുന്നു.