കണ്ണൂർ: മോഹൻബഗാൻ മുൻതാരം രൂപേഷും വിവാകേരളാ താരമായിരുന്ന ഷൈൻരാജുമെല്ലാം നിറഞ്ഞു കളിച്ചിട്ടും പോലീസ് ടീമിനെ തോൽപ്പിക്കാൻ എസ്.എൻ. കോളേജ് റീയൂണിയൻ ടീമിനായില്ല.
കാരണം പോലീസ് ടീമിനിത് വെറുമൊരു കളിയായിരുന്നില്ല, വിരമിക്കുന്ന സുഹൃത്തിനുള്ള ആദരമായിരുന്നു. വിരമിക്കുന്ന ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് എസ്.ഐ.യും പത്തു വർഷത്തോളം ജില്ലാ പോലീസ് അത്‌ലറ്റിക് ടീം മുൻ ക്യാപ്റ്റനുമായ വി.കെ.പ്രദീപ്കുമാറിന് ഫുട്ബോൾ മത്സരം നടത്തി വ്യത്യസ്തമായ യാത്രയയപ്പാണ് സഹപ്രവർത്തകർ നൽകിയത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാന പോലീസ് കായിക മേളയിൽ 12 വർഷം ജില്ലാ ടീം വിജയിച്ചത്. 2018-ലെ സംസ്ഥാന പോലീസ് കായികമേള പവർ ലിഫ്റ്റിങ്‌ ചാമ്പ്യനുമാണിദ്ദേഹം. വിശിഷ്ടാതിഥിതിയായി എത്തിയ  വിരമിക്കുന്ന എസ്.ഐ. പ്രദീപ്കുമാർ കളിക്കാരെ പരിചയപ്പെട്ടു.
 യൂണിവേഴ്സിറ്റി താരങ്ങളായിരുന്ന ഗിരീശൻ, മനോജ്, ജിത്തു, സജിത്ത്, സജീവൻ തുടങ്ങിയവരും എസ്.എൻ. റീയൂണിയനുവേണ്ടി പന്തുതട്ടിയപ്പോൾ ജില്ലാ പോലീസിനു വേണ്ടി മുരളീധരൻ, ഹാരിസ്, സിദ്ദിഖ്, മൃദുൽ ആനന്ദ് തുടങ്ങിയവർ കളത്തിലിറങ്ങി. 2-1-ന്‌ മത്സരം പോലീസ് ടീം വിജയിച്ചു. 

54.20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

ബോവിക്കാനം-കുറ്റിക്കോൽ റോഡ് നവീകരണം
          
നിലവിലുള്ള റോഡ്  ഏഴുമീറ്ററാക്കി മെക്കാഡംചെയ്യും   
 
പൊയിനാച്ചി: പൊയിനാച്ചി-ബന്തടുക്ക-മാണിമൂല റോഡ് ഡി.ബി.എം. സാങ്കേതികവിദ്യയിൽ വികസിപ്പിക്കുന്നതിന് പിന്നാലെ മലയോരത്തുനിന്ന് കാസർകോട് നഗരത്തിലേക്ക് എളുപ്പമാർഗമായ ബോവിക്കാനം-കാനത്തൂർ-കുറ്റിക്കോൽ റോഡും കിഫ്ബിയിൽ വികസിപ്പിക്കുന്നു.
കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) ഇതിനായി തയ്യാറാക്കിയ 54.20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദ പദ്ധതിരേഖയ്ക്ക്‌ ബുധനാഴ്ച ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് യോഗം സാമ്പത്തികാനുമതി നൽകി. പദ്ധതിക്ക് അംഗീകാരം ലഭിച്ചതോടെ ഇനി സാങ്കേതികാനുമതികൂടി ലഭ്യമായാൽ ടെൻഡർ ചെയ്യും. 17 കിലോമീറ്റർ ദൂരമുള്ളതാണ് ഈ പി.ഡബ്ല്യു.ഡി. റോഡ്. 2016-17 വർഷത്തെ സംസ്ഥാന ബജറ്റിൽ റോഡിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞവർഷം സാധ്യതാപഠനം നടത്തിയാണ് ഡി.പി.ആർ. തയ്യാറാക്കിയത്.
നിലവിൽ അഞ്ചരമീറ്ററാണ് റോഡിനുള്ളത്. ഇത് ഏഴുമീറ്ററാക്കി മെക്കാഡംചെയ്യും. 32 കൾവർട്ട് പുതുതായി നിർമിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ഐറിസ് ഡ്രൈൻ (പാർശ്വഭാഗം കോൺക്രീറ്റ് ചെയ്യൽ), പാർശ്വഭിത്തി എന്നിവ ഉണ്ടാക്കും. ബോവിക്കാനം, ഇരിയണ്ണി, ബേത്തൂർപാറ എന്നീ ടൗണുകളിൽ നടപ്പാതയൊരുക്കി ടൈൽപാകി ഭംഗികൂട്ടും.
 ചെർക്കളയിൽനിന്ന് കുറ്റിക്കോൽ, ബന്തടുക്ക ഭാഗത്തേക്ക് എളുപ്പമാർഗമാണ് ഈ റോഡ്. ഇതിന്റെ ഏഴുകിലോമീറ്റർ ദൂരം വനമേഖലയിലൂടെയാണ്. ബോവിക്കാനം ടൗണിനോടുചേർന്നും കാനത്തൂരിലും റോഡിന് വീതികൂട്ടാൻ സ്ഥലം ലഭ്യമാക്കേണ്ടിവരും. ബോവിക്കാനത്ത് റോഡിന്റെ പ്രവേശനഭാഗത്ത് അര കിലോമീറ്ററോളം ഇടുങ്ങിയ റോഡായതിനാൽ നിലവിൽത്തന്നെ വാഹനങ്ങൾ മറികടക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ എസ്റ്റിമേറ്റിൽ പണം നീക്കിവെച്ചിട്ടില്ല. നാട്ടുകാർ റോഡ് വികസനത്തിന് പരമാവധി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.കുഞ്ഞിരാമൻ എം.എൽ.എ. പറഞ്ഞു.      ചെർക്കള-ജാൽസൂർ റോഡ് ജർമൻ സഹായ പദ്ധതിയിൽ     
 പൊയിനാച്ചി: അന്തസ്സംസ്ഥാനപാതയായ ചെർക്കള-ജാൽസൂർ റോഡ് റീബിൽഡ് കേരള പദ്ധതിയുടെ പ്രാഥമിക പട്ടികയിൽ ജില്ലയിൽനിന്ന് ഉൾപ്പെട്ടതായി കെ.കുഞ്ഞിരാമൻ എം.എൽ.എ. പറഞ്ഞു.
ജർമൻ സർക്കാരിന്റെ സഹായത്തോടെയാണ് ഈ അഭിവൃദ്ധിപ്പെടുത്തൽ. ഇതിന് വിശദ പദ്ധതിരേഖ തയ്യാറാക്കാൻ കെ.എസ്.ടി.പി.യെ സർക്കാർ ചുമതലപ്പെടുത്തി.