കൃത്രിമബുദ്ധി മുതൽ ബഹിരാകാശ യാത്ര വരെ - ഇതിൽ ഏതെടുത്ത് നോക്കിയാലും ഒന്നാമതെത്താൻ നോക്കുന്ന ഒരു രാജ്യമുണ്ട്; നമുക്ക് ചിന്തിക്കാൻ കഴിയുന്ന എല്ലാ മേഖലകളിലും അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ച്‌ കുതിച്ചു ഉയരുന്ന ചൈന.
സാങ്കേതിക മേഖലയിലും സാമ്പത്തികമായും ഒന്നാമതെത്താൻ നോക്കുന്ന ചൈനയുടെ അടുത്ത നീക്കം 5 ജി എന്ന അടുത്ത തലമുറ മൊബൈൽ ഫോൺ സാങ്കേതിക വിദ്യ ആദ്യം എത്തുന്ന രാജ്യം തങ്ങളുടേത് ആക്കാനാണ്; എന്നിട്ടു ഇതുവഴി ഒരു സാമ്പത്തിക വിപ്ലവത്തിന് വഴി തെളിക്കാനും. ചൈനയുടെ സമീപഭാവിയിലെ കുതിപ്പ് നോക്കിയാൽ അറിയാം ഇത് വെറും സ്വപ്നം കാണൽ അല്ലായെന്ന്.
ഒരിത്തിരി ചരിത്രം... യൂറോപ്യൻ രാജ്യങ്ങളിൽ ആയിരുന്നു 2 ജി ആദ്യമെത്തിയത്. 3 ജി ആകട്ടെ ജപ്പാനിലും. 4 ജിയുടെ അമരക്കാർ എന്ന് പറയാവുന്നത് അമേരിക്കയെക്കുറിച്ചാണ്. മൊബൈൽരംഗത്തെ പുത്തൻ സാങ്കേതിക വിദ്യയായ 5 ജി ആദ്യം എത്തുക ചൈനയിൽ ആണെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
 ചൈനയ്ക്ക് മറ്റു പലതിലും എന്നത് പോലെ ഇതും ഒരു അഭിമാനപ്രശ്നമാണ്. ഇത്തരം ഒരു സാങ്കേതിക വിദ്യ ആദ്യം എത്തി എന്ന് തലയുയർത്തി പറയാൻ കിട്ടാൻ പോകുന്ന അവസരം ചൈന കളയുമോ? ഇതുവരെ മറ്റുള്ളവരെ കോപ്പി അടിക്കുന്ന രാജ്യം എന്ന പേരുദോഷം മാറ്റിക്കിട്ടാൻ 5 ജി സാങ്കേതിക വിദ്യയുടെ പതാക വാഹകരാകാനാണ്‌ ചൈനയുടെ പദ്ധതി. ഇതുവഴി അടുത്ത ആപ്പിളും ഗൂഗിളും ചൈനീസ് ആയിരിക്കണം എന്ന ഇവരുടെ ആഗ്രഹം പ്രകടമാണ്. അത് പ്രായോഗികവും സാധ്യവും ആണുതാനും. ചൈനയുടെ ഈ 5 ജി ആവേശം അമേരിക്കയെ അലട്ടുന്നുണ്ട്. തങ്ങളായിരിക്കണം 5 ജിയുടെ അമരക്കാർ എന്ന് ഈയിടെ ട്രംപ് ട്വീറ്റ് ചെയ്തത് ഈ അവസരത്തിൽ ശ്രദ്ധേയമാണ്.
5 ജി വിപ്ലവം ചൈനയിൽ അടുത്ത പത്ത് വർഷങ്ങളിൽ 80 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ്‌ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതു കൂടാതെ ആരോഗ്യം മുതൽ ഊർജം വരെയുള്ള മേഖലകളിൽ ചൈനീസ് കമ്പനികൾ 5 ജി റെഡി ആവാൻ കോടിക്കണക്കിനു ഡോളർ നിക്ഷേപിക്കും എന്നും അനുമാനിക്കപ്പെടുന്നു. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ അടുത്ത വിപ്ലവത്തിന്റെ വക്കത്ത് നീക്കുകയാണ് ചൈന.
അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ ചൈനയെക്കുറിച്ച് പലരും പറയുന്ന കാര്യങ്ങൾ ഈ ഘട്ടത്തിലും പ്രസക്തമാണ്.
തിരഞ്ഞെടുപ്പിനെക്കുറിച്ചോ, പ്രതിപക്ഷത്തെക്കുറിച്ചോ, പത്ര സ്വാതന്ത്ര്യത്തെക്കുറിച്ചോ, ആക്ടിവിസ്റ്റുകളെക്കുറിച്ചോ അമേരിക്കയെപ്പോലെ ചൈനയ്ക്ക് വേവലാതി വേണ്ടല്ലോ. തമാശപോലെ തോന്നുമെങ്കിലും കാര്യം സത്യമാണ്. ചൈനയിലെ മൂന്നു മൊബൈൽ സേവനദാതാക്കളും സർക്കാർ നിയന്ത്രണത്തിലാണ്. സർക്കാർ നയം നടപ്പിലാക്കുക എന്നതാണ് ഈ കമ്പനികളുടെ ലക്ഷ്യം.
 അതിപ്പോൾ 5 ജി ശൃംഖല നിർമിച്ച് ആദ്യം 5 ജി എത്തുന്ന രാജ്യം ആവുക എന്നതാണെങ്കിൽ അത്. 5 ജി ശൃംഖല നിർമിക്കാൻ ഈ കമ്പനികളെ ചൈനീസ് സർക്കാർ വഴികാട്ടുന്നു. ഇവർ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച 5 ജി ശൃംഖല തന്നെ ലോകത്തിലെ ഏറ്റവും വലിയ 5 ജി ശൃംഖല ആണ്. 5 ജി സ്പെക്‌ട്രം സർക്കാർ ഈ കമ്പനികൾക്ക് നൽകുകയാണ്. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങളിൽ ഉള്ളതുപോലെ ലേലവും ലൈസൻസുമൊന്നുമില്ല.